Friday December 09, 2016
Latest Updates

കാറ്റ് ശക്തമാകും :ഓറഞ്ച് അലേര്‍ട്ട്

കാറ്റ് ശക്തമാകും :ഓറഞ്ച് അലേര്‍ട്ട്

ഡബ്ലിന്‍ :തീരപ്രദേശങ്ങളില്‍ വീണ്ടും കാറ്റ് ശക്തി പ്രാപിക്കുന്നു. പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലും കെറിയിലും ഇതോടനുബന്ധിച്ച് മെറ്റ് എറാന്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. തീര പ്രദേശങ്ങളിലെ ശക്തമായ കാറ്റ് തിരമാലകളുടെ ശക്തി വര്‍ദ്ധിപ്പിക്കാനും അതു വഴി കടല്‍ ക്ഷോഭത്തിനും വഴിവച്ചേക്കും. തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും കാരണമായേക്കും.
100 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് തീരപ്രദേശങ്ങളില്‍ വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നത്.
ഇന്ന് ഉച്ച കഴിഞ്ഞും രാത്രിയിലും കാറ്റിന് ശക്തി വര്‍ദ്ധിക്കുന്നത് കടല്‍ തിരമാലകളുടെ ശക്തി വര്‍ദ്ധിക്കുന്നതിന് കാരണമാവുമെന്നാണ് മെറ്റ് എറാന്‍ പറയുന്നത്.
സാഹചര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലാക്കുന്നതിനായി ശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഡൊണഗല്‍, ഗാല്‍വേ, ലെയ്റ്റ്രിം, മായോ, സ്ലൈഗോ, ക്ലയര്‍, കെറി, ലിമറിക് എന്നീ പ്രദേശങ്ങളിലും കാറ്റുമായി ബന്ധപ്പെട്ട് ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ലെയ്ന്‍സ്റ്റര്‍, കാവന്‍, മൊണഗന്‍, റോസ്‌കോമണ്‍, കോര്‍ക്ക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് എന്നീ പ്രദേശങ്ങളില്‍ എല്ലോ അലേര്‍ട്ടാണ് അറിയിക്കുന്നത്.
തീരപ്രദേശത്തുള്ളവര്‍ക്ക് ഐറിഷ് കോസ്റ്റ് ഗാര്‍ഡ് അപകട സാധ്യത മുന്നറിയിപ്പു നല്‍കുന്നുണ്ട്.
തീരപ്രദേശങ്ങളിലും, ജെട്ടികളിലും കടല്‍ഭിത്തിയോട് ചേര്‍ന്നും ബീച്ചുകളിലും കാറ്റിന്റെ സമയത്ത് പോകരുതെന്നും കോസ്റ്റ് ഗാര്‍ഡ് നിര്‍ദ്ദേശം നല്‍കുന്നുണ്ട്.
തീരത്തുവച്ചോ, അതുമായി ബന്ധപ്പെടുന്ന സ്ഥലങ്ങളില്‍ വച്ചോ ആരെങ്കിലും അപകടത്തില്‍പ്പെട്ടിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 999ലേക്കോ, 112ലേക്കോ വിളിച്ച് കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കണമെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഗാല്‍വേയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. തണുപ്പ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും മെറ്റ് എറാന്‍ അറിയിക്കുന്നുണ്ട്. താപനില മൂന്നു മുതല്‍ ആറു ഡിഗ്രി വരെ ആവാനുള്ള സാധ്യത എടുത്തു പറഞ്ഞിട്ടുണ്ട്.

Scroll To Top