Saturday December 10, 2016
Latest Updates

കാറില്‍ പുകവലി പാടില്ല,അയര്‍ലണ്ടില്‍ നിയമം ഉടന്‍ പ്രാബല്യത്തിലാവും

കാറില്‍ പുകവലി പാടില്ല,അയര്‍ലണ്ടില്‍ നിയമം ഉടന്‍ പ്രാബല്യത്തിലാവും

ഡബ്ലിന്‍ :കാറിലിരുന്നു പുക വലിക്കുന്ന പതിവുകാരാണെങ്കില്‍ അത് നിര്‍ത്താന്‍ സമയമായെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആരോഗ്യ വകുപ്പ് മന്ത്രി ജെയിംസ് റൈലി. കാറുകളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമമാണ് പുതുതായി മന്ത്രി കൊണ്ടുവരാന്‍ പോകുന്നത്. കുട്ടികള്‍ക്കുവേണ്ടിയാണ് കാറുകളില്‍ പുകവലി നിരോധിക്കുന്നതെന്നും റൈലി പറഞ്ഞിട്ടുണ്ട്.
ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ പുതിയ നിയമത്തിന് പ്രാബല്യം വരുത്തുന്നതുമായി ബന്ധപ്പെട്ട എഴുത്തുകുത്ത് ജോലികള്‍ തീര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് തന്നെ പുകവലി നിയന്ത്രണത്തില്‍ മുഖ്യ പങ്കു വഹിക്കാന്‍ ഇനി സാധിക്കുമെന്നാണ് റൈലി അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഗാര്‍ഡ തന്നെ ജോലി സമയത്ത് പുകവലിക്കുന്നതും ഈ നിയമത്തില്‍ ശിക്ഷാര്‍ഹമാവും. കാരണം അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയാണ് ചെയ്യുക.
ജോലി സ്ഥലത്ത് പുകവലി നിരോധിച്ചതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് മന്ത്രി റൈലി പുതിയ നിരോധനവുമായി രംഗത്തെത്തിയിരിക്കുന്നത്.
2025 ആവുമ്പോഴേക്കും അയര്‍ലണ്ടിനെ പുകവലി വിരുദ്ധ രാജ്യമാക്കി മാറ്റണമെന്നുള്ള തങ്ങളുടെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും മന്ത്രി റൈലി പുകയില ഉത്പന്ന കമ്പനികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഇത്തരത്തിലുള്ള ഒരു തീരുമാനം നടപ്പിലാക്കണമെങ്കില്‍ അതിന് കാലതാമസം എടുക്കുമെന്നും കൂടുതല്‍ പ്രശ്‌നങ്ങളെ നേരിടേണ്ടി വരുമെന്നും റൈലി കൂട്ടിച്ചേര്‍ത്തു.
പുതിയ നിയമങ്ങള്‍ കര്‍ശനമായും സിഗരറ്റ് കമ്പനികളുടെ പേക്കിംഗില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആകര്‍ഷകമായ പാക്കുകള്‍ക്ക് പകരമായി പ്ലെയിനായിട്ടുള്ള പാക്കുകളാണ് ഇപ്പോള്‍ സിഗരറ്റുകള്‍ക്കുവേണ്ടി ഉപയോഗിക്കുന്നത്. കുട്ടികളെ സിഗരറ്റുപാക്കുകളിലേക്ക് ആകര്‍ഷിക്കാതിരിക്കാനായാണ് ഇത്തരത്തില്‍ ഒരു മാറ്റം നടപ്പില്‍ വരുത്തിയത്.
രാജ്യത്ത് ഒരു വര്‍ഷം 5,000ത്തില്‍പ്പരം ആളുകളും മരിക്കുന്നത് പുകയില ഉപയോഗവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ പിടിപെട്ടാണ്. അഥ് നിയന്ത്രിക്കണമെങ്കില്‍ ഇത്തരത്തിലുള്ള കര്‍ശ്ശന നിരോധനങ്ങള്‍ നടപ്പിലാക്കപ്പെടണമെന്നും ഡോക്ടര്‍ റൈലി അഭിപ്രായപ്പെട്ടു. കുട്ടികളുടെ ആരോഗ്യം കൂടി കണക്കിലെടുത്താണ് പുതിയ നിരോധനം വരുത്തുന്നത്.

Scroll To Top