Friday December 09, 2016
Latest Updates

കാപ്പി കുടിക്കൂ; പ്രമേഹത്തെ ചെറുക്കാമെന്ന് ഗവേഷകര്‍

കാപ്പി കുടിക്കൂ; പ്രമേഹത്തെ ചെറുക്കാമെന്ന് ഗവേഷകര്‍

കൂടുതല്‍ കാപ്പി കുടിക്കുന്നത് പ്രമേഹത്തെ തടയുമെന്ന് ഗവേഷകര്‍. ദിനംപ്രതി നിങ്ങള്‍ കുടിക്കുന്ന കാപ്പിയുടെ അളവിനേക്കാള്‍ ഒന്നരക്കപ്പ് കാപ്പി അധികം കുടിച്ചാല്‍ ടൈപ്പ് 2  പ്രമേഹം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ന്യൂട്രീഷന്‍ വിഭാഗം ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. 25 മുതല്‍ 75 വയസുവരെ പ്രായമുള്ളവരിലാണ് ഗവേഷണം നടത്തിയത്.

വിവിധ പ്രായത്തിലുള്ളവരില്‍ നടത്തിയ ഗവേഷണത്തില്‍ കൂടുതല്‍ കാപ്പി കുടിക്കുന്നവരില്‍ പ്രമേഹ സാധ്യത 11% കുറയുന്നതായി കണ്ടെത്തി. ഇരുപത് വര്‍ഷം കൊണ്ടാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

പഠന വിധേയരായ ആളുകളുടെ ഭക്ഷനശൈലി, പൊതുവായ ആരോഗ്യം, മറ്റ് രോഗങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ഓരോ രണ്ടു വര്‍ഷത്തെ ഇടവേളകളില്‍ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇങ്ങനെയാണ് കൂടുതല്‍ കാപ്പി കുടിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹം കുറയുന്നുവെന്ന നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്. ഗവേഷണ കാലയളവില്‍ പ്രതിദിനം കുടിക്കുന്ന കാപ്പിയുടെ അളവില്‍ കുറവ് വരുത്തിയവരില്‍ ടൈപ്പ് 2 പ്രമേഹം വര്‍ദ്ധിക്കുന്നതായും കണ്ടെത്തി.

പ്രതിദിനം  കുടിക്കുന്ന കാപ്പിയുടെ അളവില്‍ ഒന്ന് മുതല്‍ രണ്ട് കപ്പ് വരെ കുറവ് വരുത്തിയ ആളുകളില്‍ 17 ശതമാനമാണ് ടൈപ്പ് 2 പ്രമേഹം വര്‍ദ്ധിച്ചത്. ദിവസേന മൂന്ന് കപ്പോ അതില്‍ കൂടുതലോ കാപ്പി കഴിക്കുന്നവരിലാണ് പ്രമേഹത്തിന്റെ സാധ്യത കുറഞ്ഞത്. ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ഡയബറ്റോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ ഡയബറ്റിക്ക് ഗവേഷകരുടെ മെഡിക്കല്‍ ജേര്‍ണലാണ് ഡയബറ്റോളജി.

Scroll To Top