Sunday December 04, 2016
Latest Updates

കാത്തിരുപ്പിന് വിരാമം; വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പതിനഞ്ച് മിനിറ്റിനകം ആദ്യ ലീഡ് അറിയാം

കാത്തിരുപ്പിന് വിരാമം; വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പതിനഞ്ച് മിനിറ്റിനകം ആദ്യ ലീഡ് അറിയാം

തിരുവനന്തപുരം: ഒരു മാസമായി സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാരും കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടി. സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലെ വോട്ടെണ്ണലിനായി 160 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. മേയ് 16നു രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണല്‍ ആരംഭിച്ച് പതിനഞ്ച് മിനിറ്റിനകം ആദ്യ ലീഡ് അറിയാനാകും.

29 കാമ്പസുകളില്‍ 36 കേന്ദ്രങ്ങളിലായാണ് വോട്ടിംഗ് മെഷീനുകള്‍ ഒരു മാസം സൂക്ഷിച്ചത്. വയനാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തന്നെയാകും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക. വയനാട്ടില്‍ കളക്ട്രേറ്റില്‍ വച്ചാണ് വോട്ടുകള്‍ എണ്ണുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആദ്യം എണ്ണുക പോസ്റ്റല്‍ വോട്ടുകളാണ്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ നളിനി നെറ്റോ അറിയിച്ചു.

കമ്മിഷന്‍ നിയോഗിക്കുന്ന 56 നിരീക്ഷകരുടെ മേല്‍നോട്ടത്തിലാണ് വോട്ടെണ്ണല്‍. ഇവര്‍ ഇന്ന് തന്നെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരു കൗണ്ടിങ് ഹാളില്‍ പരമാവധി 14 ടേബിളുകളുണ്ടാകും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന ഹാളില്‍ നാല് ടേബിളുകള്‍ വരെയുണ്ടാകും. ഒരു ഹാളില്‍ ഏകദേശം 50 ഉേദ്യാഗസ്ഥരെന്ന കണക്കില്‍ 7500 ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗിനായി നിയമിച്ചിരിക്കുന്നത്.

റിയല്‍ ടൈം ട്രാന്‍സ്മിഷന്‍ ടെക്‌നോളജി എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന സാങ്കേതികവിദ്യയിലൂടെ തത്സമയ ലീഡുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിടും. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചവരെ പി.ആര്‍.ഒയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ അകത്തേക്ക് കയറ്റിവിടൂ. കൂടാതെ സുരക്ഷയുടെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൊബൈല്‍, ക്യാമറ, തുടങ്ങിയവയൊന്നും അനുവദിക്കില്ല.

Scroll To Top