Wednesday December 07, 2016
Latest Updates

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കേരളാകോണ്‍ഗ്രസ് രാജിക്ക് ; മുന്നണി വിട്ട് ഇടുക്കിയിലും മത്സരിക്കാന്‍ നീക്കം ശക്തമാകുന്നു

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കേരളാകോണ്‍ഗ്രസ് രാജിക്ക് ; മുന്നണി വിട്ട് ഇടുക്കിയിലും മത്സരിക്കാന്‍ നീക്കം ശക്തമാകുന്നു

കോട്ടയം : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരളത്തിന്‍െ്‌റ പ്രതിഷേധം അവഗണിച്ച് കേന്ദ്രം മുന്നോട്ട് പോകുമ്പോള്‍ വെട്ടിലായിരിക്കുന്നത് കേരളസര്‍ക്കാര്‍. യുഡിഎഫ് മന്ത്രിസഭയെ പ്രതിസന്ധിയിലാക്കി കേരളാകോണ്‍ഗ്രസ് മാണി വിഭാഗം മുഴക്കുന്ന രാജി ഭീഷണിക്ക് പുറമേ പശ്ചിമഘട്ട ഹൈറേഞ്ച് സമരസമിതികള്‍ പ്രതിഷേധം ശക്തമാക്കിയതോടെ അനുനയത്തിന് വഴി കാണാതെ കുഴങ്ങുകയാണ് സര്‍ക്കാര്‍. ഇടുക്കി സീറ്റ് സംബന്ധിച്ച പ്രശ്‌നം മുന്നില്‍ നില്‍ക്കേ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മുതലാക്കി കേരളാകോണ്‍ഗ്രസ് മുന്നണി വിടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഇടുക്കി സീറ്റുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ചര്‍ച്ച നടക്കാനിരിക്കെ കര്‍ഷക താല്‍പ്പര്യങ്ങള്‍ ബലി കഴിക്കപ്പെട്ടാല്‍ എംഎല്‍എമാര്‍ രാജിവെയ്ക്കുമെന്ന കടുത്ത സൂചന തന്നെ കെ എം മാണി നല്‍കിയിരിക്കുകയാണ്.

ഹൈറേഞ്ച് സംരക്ഷണ സമിതിയും ശക്തമായ പ്രതിഷേധത്തിലായതോടെ ഇടുക്കി സീറ്റ് വിഷയത്തെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനോട് ബന്ധപ്പെടുത്താനും ബഹുജന വികാരത്തെ അനുകൂലമാക്കാനും കേരളാ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിലെ കര്‍ഷകവിരുദ്ധ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നീക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയ മാണി ഇക്കാര്യത്തില്‍ നടത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് ഫലമുണ്ടായില്ലെങ്കില്‍ എംഎല്‍എ മാരെ രാജി വെപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടില്‍ മാറ്റം വന്നില്ലെങ്കില്‍ മുന്നണി വിട്ട് പുറത്ത് വന്ന് ഇടുക്കിയില്‍ മത്സരിക്കുന്ന കാര്യവും കേരളാകോണ്‍ഗ്രസ് പരിഗണിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ജോസ് .കെ മാണി കോട്ടയത്തും ,ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയിയിലും മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

കേരളാകോണ്‍ഗ്രസിന്‍െ്‌റ അതൃപ്തിയും മലയോര പ്രദേശങ്ങളിലെ പ്രതിഷേധവും ശമിപ്പിക്കുന്നതിനായി ഇന്നും നാളെയും ചേരുന്ന മന്ത്രിസഭായോഗങ്ങളില്‍ ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കരട് രൂപപ്പെടുത്തണമെന്ന ആശയം മുന്‍ നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വിജ്ഞാപനത്തിന്‍െ്‌റ കരട് നിയമമന്ത്രാലയത്തിന് കൈമാറിയതിന് പിന്നാലെ തന്നെ സമരം ശക്തമാക്കുന്ന കാര്യത്തില്‍ പശ്ചിമഘട്ട സമരസമിതി തീരുമാനമെടുക്കുകയും ചെയ്തു. ഇതിന്‍െ്‌റ ഭാഗമായി ഫാ. ജില്‍സണ്‍ തയ്യില്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ കൂടി കോഴിക്കോട് നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. നിരാഹാരം നടത്തിവന്ന ആരോഗ്യനില മോശമായ അഞ്ചു പേരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെയാണ് പുതിയ അഞ്ചുപേര്‍ വന്നിരിക്കുന്നത്.

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ നിന്നും ചെറുകിട കര്‍ഷകരെ ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ നിര്‍ദേശങ്ങളാകും ചര്‍ച്ച ചെയ്യുക. അതേസമയം വിജ്ഞാപനം ഇന്ന് ഔദ്യോഗികമായി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. അതിര്‍ത്തി പുനര്‍ നിര്‍ണ്ണയമെന്ന കേരളത്തിന്‍െ്‌റ ആവശ്യം അംഗീകരിക്കാമെന്നും അന്തിമ വിജ്ഞാപനം പുറത്തിറങ്ങുന്നത് വരെ നവംബര്‍ 13 ലെ ഉത്തരവ് നില നില്‍ക്കുമെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന.

Scroll To Top