Sunday December 04, 2016
Latest Updates

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് :മലയോര കര്‍ഷകര്‍ കഥയറിയാതെ ആട്ടം കാണുകയാണോ ?

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് :മലയോര കര്‍ഷകര്‍ കഥയറിയാതെ ആട്ടം കാണുകയാണോ ?

ഇടുക്കി :കേരളത്തിലെ പതിനായിരക്കണക്കിന് കര്‍ഷകരുടെ എതിര്‍പ്പ് വകവയ്ക്കാതെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്രം വിജ്ഞാപനം ഇറക്കിയതില്‍ പ്രതിഷേധിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ മലയോര കര്‍ഷകര്‍ സമര രംഗത്തേയ്ക്ക്.ഇന്നലെ വൈകിട്ട് മലയോര മേഖലകളില്‍ എങ്ങും സംഘര്‍ഷഭരിതമായിരുന്നു.കൊട്ടിയൂരിലും തിരുവാമ്പാടിയിലും കര്‍ഷകര്‍ സമരവുമായി തെരുവിലിറങ്ങി .കോഴിക്കോട്ടും കണ്ണൂരും മലയോര മേഖലകളില്‍ ഇന്നും ,ഇടുക്കിയില്‍ ശനിയാഴ്ച്ചയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്
അതേസമയം ,പൊന്നുവിളയിച്ച മലയോര മേഖലയില്‍ നിന്നും ഇറങ്ങി കൊടുക്കേണ്ടി വരില്ലെന്ന് നൂറു ശതമാനം ഉറപ്പുണ്ടെങ്കിലും കര്‍ഷകര്‍ സമരരംഗത്ത് ഉറച്ച് നില്‍ക്കുന്നതിന് പിന്നിലുള്ള കാരണം അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നത് കൊണ്ട് മാത്രമാണെന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നുണ്ട്.കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഒരു തവണയെങ്കിലും വായിച്ചിട്ടുള്ളവര്‍ അതിനെ പിന്തുണയ്ക്കുമെന്ന വാദമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത് .
മലയോരകര്‍ഷകരെ പ്രതിഷേധ . കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. പശ്ചിമഘട്ട സംരക്ഷണത്തിനായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി. കേരളത്തിലെ പശ്ചിമ ഘട്ടത്തില്‍ 123 പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണുള്ളത്.

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഖനനത്തിനും താപനിലയങ്ങള്‍ക്കും അനുവാദമില്ല. 50 ഹെക്ടറില്‍ കൂടുതലുള്ള ടൗണ്‍ഷിപ്പുകള്‍ പാടില്ല. റെഡ് കാറ്റഗറിയില്‍ പെട്ട വ്യവസായങ്ങള്‍ക്കും അനുമതിയില്ല.ടൂറിസം പ്രാധാന്യമേറെയുള്ള ഈ മേഖലയില്‍ ഇനി 20000 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങളും പണിയാന്‍ ആവില്ല,
ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് പ്രദേശം മുഴുവനും ഉള്‍പ്പെടെ സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ദുര്‍ബല മേഖല (ഇഎസ്എ)യായി നിര്‍ണയിച്ചുകൊണ്ടുള്ളതാണ് കസ്തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ട്. റോഡ് നിര്‍മാണമടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നിരോധിക്കാതെ നിയന്ത്രണങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തിട്ടുള്ളൂ. രാസവള ഉപയോഗത്തിനും നിരോധനത്തിനു പകരം കര്‍ശന നിയന്ത്രണമാണു സമിതി ശിപാര്‍ശചെയ്യുന്നത്.

പശ്ചിമഘട്ട മലനിരകളെ മുഴുവന്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണക്കാക്കിയ മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ വിലയിരുത്തലുകള്‍ കാര്യമായി തിരുത്തുന്നതാണു കസ്തൂരി രംഗന്‍ സമിതിയുടെ റിപ്പോര്‍ട്ട്. പരിസ്ഥിതി ദുര്‍ബലമേഖലയെന്നും ജനവാസമേഖലയെന്നും രണ്ടായി തിരിച്ചാണു പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ ഡോ. കസ്തൂരി രംഗന്‍ അധ്യക്ഷനായുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. പശ്ചിമഘട്ട മലനിരകളിലെ 50 വര്‍ഷം പഴക്കമുള്ള ഡാമുകള്‍ ഡീ കമ്മീഷന്‍ ചെയ്യണമെന്ന ഗാഡ്ഗില്‍ നിര്‍ദേശവും പുതിയ റിപ്പോര്‍ട്ടില്‍ തള്ളിക്കളഞ്ഞു.

ആറു സംസ്ഥാനങ്ങളിലെ 164,280 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തെ പരിസ്ഥിതി ദുര്‍ബല പ്രദേശമെന്നും(ഇഎസ്എ) ജനവാസ മേഖലയെന്നും രണ്ടായി തിരിക്കണം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ കടുത്ത നിയന്ത്രണങ്ങളോടെ സംരക്ഷിക്കപ്പെടുന്നതിനോടൊപ്പം അതിനോടു ചേര്‍ന്നുള്ള 90 ശതമാനം പ്രദേശങ്ങളും നിരീക്ഷിക്കപ്പെടണം. കേരളത്തില്‍ 123 പരിസ്ഥിതി ദുര്‍ബല വില്ലേജുകളുണ്ടെന്നും കസ്തൂരി രംഗന്‍ സമിതി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൂടുതലും ഇടുക്കി ജില്ലയിലാണ്.

അതേസമയം, ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ എതിര്‍പ്പു പറഞ്ഞിരുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് കസ്തൂരി രംഗന്‍ സമിതിയും വിയോജിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കാനാകില്ല. എന്നാല്‍ , പദ്ധതി അത്യാവശ്യമാണെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളിക്കളയാനുമാവില്ല. അതുകൊണ്ടു പദ്ധതിയുടെ ആവശ്യകത വ്യക്തമാക്കി പാരിസ്ഥിതിക അനുമതിക്കായി പുതിയ അപേക്ഷ സംസ്ഥാനം സമര്‍പ്പിക്കണം. മഴക്കാലം ഒഴികെയുള്ള സമയങ്ങളില്‍ പദ്ധതിക്കായി ജലം ലഭിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. പരിസ്ഥിതി നാശത്തേക്കാള്‍ പദ്ധതിയിലൂടെ സാമ്പത്തിക ലാഭമുണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. ഇക്കാര്യം അപേക്ഷയില്‍ സമര്‍ഥിക്കേണ്ടി വരുമെന്നും പദ്ധതിയെ പൂര്‍ണമായി തള്ളിക്കളയാതെ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പരിസ്ഥിതിദുര്‍ബല പ്രദേശമായി കണ്ടെത്തിയ മേഖലയിലെ സംരക്ഷണത്തിനായി കര്‍ശന നിര്‍ദേശങ്ങളാണു കസ്തൂരിരംഗന്‍ സമിതിയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിദുര്‍ബല പ്രദേശങ്ങളിലും അതിനോടു ചേര്‍ന്നുള്ള പത്തു കിലോമീറ്റര്‍ ചുറ്റളവിലുമുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പാരിസ്ഥിതിക ആഘാത പഠനത്തിനു വിധേയമായുള്ള അംഗീകാരം തേടണം. ഇഎസ്എയില്‍ ഉള്‍പ്പെട്ട എല്ലാ ഗ്രാമസഭകളെയും മേഖലയുമായി ബന്ധപ്പെട്ട ഭാവി പരിപാടികള്‍ തീരുമാനിക്കാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തണം. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി ആസൂത്രണ കമ്മീഷന്‍ സുസ്ഥിര വികസന ഫണ്ടായി പ്രത്യേകം തുക വകയിരുത്തണം. 14 മത് ധനകാര്യ കമ്മീഷന് ഇതിനായി പ്രത്യേകം പ്രാമുഖ്യം നല്‍കണമെന്നും കസ്തൂരിരംഗന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ രേഖപ്പെടുത്തി പ്രത്യേക ഭൂപടം തയാറാക്കി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം തയാറാക്കുകയും പൊതുജനങ്ങള്‍ക്കു ലഭ്യമാക്കണം. പരിസ്ഥിതി ദുര്‍ബല മേഖലയിലെ അടിസ്ഥാന സൌകര്യ വികസനം ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിയന്ത്രണത്തിലായിരിക്കണം. മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കണം. ഈ ഭാഗത്തെ ഖനനം, പാറപൊട്ടിക്കല്‍ , മണ്ണെടുപ്പ് എന്നിവ പൂര്‍ണമായും നിരോധിക്കണം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ഈ ഭാഗങ്ങളില്‍ ഉണ്െടങ്കില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ അവ നിര്‍ത്തലാക്കണം.

ഇഎസ്എയില്‍ ഒരു താപനിലയവും അനുവദിക്കരുത്. ജലവൈദ്യുത പദ്ധതികള്‍ ജലപ്രവാഹത്തെ തടയരുതെന്നു മാത്രമല്ല, 30 ശതമാനം ജലപ്രവാഹം ഉറപ്പു വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാറ്റില്‍നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികളും കര്‍ശന നിയന്ത്രണത്തോടെ മാത്രമേ നടപ്പാക്കാവൂ. റെഡ് കാറ്റിഗറിയിലുള്ള വ്യവസായങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തണം. എന്നാല്‍ , പാരിസ്ഥിതിക ആഘാതം കുറവുള്ള ഭക്ഷ്യ സംസ്‌കരണ പദ്ധതികള്‍ പോലുള്ള വ്യവസായങ്ങള്‍ക്കു പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്നു സമിതി ആവശ്യപ്പെട്ടിട്ടില്ല. ടൌണ്‍ഷിപ്പുകള്‍ക്കും 20,000 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള കെട്ടിടങ്ങള്‍ക്കും പൂര്‍ണ നിരോധനമുണ്ട്.

ഒറ്റ നോട്ടത്തില്‍ പരിസ്ഥിതി സൌഹൃദമാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് .പക്ഷെ ഇതിന്റെ വിശദാംശങ്ങള്‍ വിവരിച്ചു കൊടുക്കാന്‍ സമര നേതാക്കള്‍ക്കോ ,സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ലെന്നതാണ് അനാവശ്യ സമരങ്ങള്‍ പൊട്ടി പുറപ്പെടാന്‍ കാരണമെന്ന് പരിസ്ഥിതി സംഘടനകള്‍ പറയുന്നു.

കേരളത്തിലെ പരിസ്ഥിതിദുര്‍ബല വില്ലേജുകള്‍

കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം പരിസ്ഥിതിദുര്‍ ബല വില്ലേജുകളായി പ്രഖ്യാ പിക്കപ്പെടേണ്ടവ:

ഇടുക്കി ജില്ല: ദേവികുളം താലൂക്ക്: മറയൂര്‍, കീഴന്തൂര്‍, കണ്ണന്‍ദേവന്‍ ഹില്‍സ്, കുട്ടമ്പുഴ, കോട്ടയ്ക്കമ്പൂര്‍, കാന്തല്ലൂര്‍ , വട്ടവട, മാങ്കുളം, മന്നാംകണ്ടം, പള്ളിവാസല്‍, ആനവിരട്ടി, കുഞ്ചിത്തണ്ണി,വെള്ളത്തൂവല്‍. പീരുമേട് താലൂക്ക്: ഉപ്പുതറ, കുമളി, മഞ്ഞുമല, പെരിയാര്‍, കൊക്കയാര്‍ , പീരുമേട്, മഌപ്പാറ, പെരുവന്താനം. തൊടുപുഴ താലൂക്ക്: കഞ്ഞിക്കുഴി, ഉടുമ്പന്നൂര്‍, ഇടുക്കി (പാര്‍ട്ട്), അറക്കുളം. ഉടുമ്പന്‍ചോല താലൂക്ക്: ചിന്നക്കനാല്‍, ബൈസണ്‍വാലി, രാജകുമാരി, പൂപ്പാറ, രാജാക്കാട്, കൊന്നത്തടി, ശാന്തന്‍പാറ, കാന്തിപ്പാറ, വാത്തിക്കുടി, ചതുരംഗപ്പാറ, ഉടുമ്പന്‍ചോല, ഉപ്പുതോട്, പാറത്തോട്, കല്‍ക്കൂന്തല്‍ , തങ്കമണി (പാര്‍ട്ട്), അയ്യപ്പന്‍കോവില്‍, പാമ്പാടുംപാറ, കട്ടപ്പന, കരുണാപുരം, വണ്ടന്‍മേട്, അണക്കര, ആനവിലാസം, ചക്കുപള്ളം.

കോട്ടയം ജില്ല : കാഞ്ഞിരപ്പള്ളി താലൂക്ക്: കൂട്ടിക്കല്‍. മീനച്ചില്‍ താലൂക്ക്: മേലുകാവ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര.

പത്തനംതിട്ട ജില്ല: കോഴഞ്ചേരി താലൂക്ക്: തണ്ണിത്തോട്, അരുവാപ്പുലം. റാന്നി താലൂക്ക്: ചിറ്റാര്‍സീതത്തോട്, കൊല്ലമുള, പെരുനാട്, വടശേരിക്കര.

കൊല്ലം ജില്ല: പത്തനാപുരം താലൂക്ക്: പുന്നല, പിറവന്തൂര്‍ , ഇടമണ്‍ , തെന്മല, ആര്യങ്കാവ്, തിങ്കള്‍കരിക്കകം, കുളത്തൂപ്പുഴ, ചണ്ണപ്പേട്ട.

തിരുവനന്തപുരം ജില്ല: നെടുമങ്ങാട് താലൂക്ക്: പെരിങ്ങമല, തേനൂര്‍, വിതുര, മണ്ണൂര്‍ക്കര.നെയ്യാറ്റിന്‍കര താലൂക്ക്: വഴിച്ചല്‍ , കള്ളിക്കാട്, അമ്പൂരി.

തൃശൂര്‍ ജില്ല: മുകുന്ദപുരം താലൂക്ക്: പരിയാരം.

പാലക്കാട് ജില്ല: ആലത്തൂര്‍ താലൂക്ക്: കിഴക്കഞ്ചേരി1. ചിറ്റൂര്‍ താലൂക്ക്: മുതലമട1, മുതലമട2, നല്ലിയാമ്പതി. മണ്ണാര്‍ക്കാട് താലൂക്ക്: പുതൂര്‍ , പാടവയല്‍ , അഗളി, കോട്ടത്തറ, കല്ലമല, ഷോളയൂര്‍ പാലക്കയം. പാലക്കാട് താലൂക്ക്: പുതുപ്പരിയാരം1, മലമ്പുഴ1, പുതുശേരി ഈസ്‌റ്.

മലപ്പുറം ജില്ല: നിലമ്പൂര്‍ താലൂക്ക്: ചുങ്കത്തറ, കുറുമ്പിലങ്ങാട്, വഴിക്കടവ്, അകമ്പാടം, കരുളായി, അമരമ്പലം, ചീക്കോട്, കാളികാവ്, കേരള എസ്‌റേറ്റ്, കരുവാരക്കുണ്ട്.

കോഴിക്കോട് ജില്ല: കോഴിക്കോട് താലൂക്ക്: കൊടിയത്തൂര്‍ , പുതുപ്പാടി, നെല്ലിപ്പൊയില്‍ , കോടഞ്ചേരി, തിരുവമ്പാടി. കൊയിലാണ്ടി താലൂക്ക്: ചെമ്പനോട, ചക്കിട്ടപ്പാറ. വടകര താലൂക്ക്: തിനൂര്‍ , കാവിലുമ്പാറ.

വയനാട് ജില്ല: മാനന്തവാടി താലൂക്ക്: തിരുനെല്ലി, തൃശിലേരി, പേരിയ, തൊണ്െടര്‍നാട്. സുല്‍ത്താന്‍ബത്തേരി താലൂക്ക്: കിടങ്ങനാട്, നൂല്‍പ്പുഴ. വൈത്തിരി താലൂക്ക്: തരിയോട്, അച്ചൂരാനം, പൊഴുതന, കോട്ടപ്പാടി (പാര്‍ട്ട്), ചുണ്ടെല്‍ , കുന്നത്തിടവക, വെള്ളരിമല.

കണ്ണൂര്‍ ജില്ല: തലശേരി താലൂക്ക്: ആറളം, കൊട്ടിയൂര്‍ , ചെറുവാഞ്ചേരി.

റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കണെന്ന ആവശ്യം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഉന്നയിച്ചിരുന്നു.എന്നാല്‍ കൂടിയാലോചനകളില്ലാതെയാണ് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത് എന്നതാണ് എതിര്‍പ്പുകള്‍ ഉയരാന്‍ കാരണമെന്ന് നിഷ്പക്ഷമതികളായ നിരീക്ഷകരുടെ വിലയിരുത്തല്‍

Scroll To Top