Saturday December 03, 2016
Latest Updates

കഴിഞ്ഞ വര്‍ഷം ടെലിവിഷന്‍ ലൈസന്‍സ് ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ 411 പേര്‍ ജയിലിലായി

കഴിഞ്ഞ വര്‍ഷം ടെലിവിഷന്‍ ലൈസന്‍സ് ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ 411 പേര്‍ ജയിലിലായി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ടെലിവിഷന്‍ ലൈസന്‍സിന് പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റിലാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം മാത്രം 411 പേര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 2012 ലെ കണക്കുമായി താരതമ്യം ചെയ്താല്‍ 34 ശതമാനം വര്‍ദ്ധനവാണിത്. 2012 ല്‍ 272 പേരാണ് ടിവി ലൈസന്‍സിന് പണം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെതുടര്‍ന്ന് അറസ്റ്റിലായത്. 2011 ല്‍ 183 പേരും 2010 ല്‍ 152 പേരും 2009 ല്‍ 75 പേരും അറസ്റ്റിലായി. 

അയര്‍ലണ്ടില്‍ ടെലിവിഷന്‍ പരിപാടികള്‍ കാണാന്‍ പ്രതിവര്‍ഷം 160 യൂറോ അടച്ച് ടിവി ലൈസന്‍സ് സ്വന്തമാക്കണമെന്നാണ് നിയമം. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും മറ്റ് നിയമ നടപടികളും നേരിടേണ്ടി വരും. അതേസമയം പ്രവര്‍ത്തനരഹിതമായ ടെലിവിഷന്‍ സെറ്റുകള്‍ക്കും ചിലര്‍ പണം അടയ്‌ക്കേണ്ടി വരുന്നു. ഇതാണ് കൂടുതല്‍ പേര്‍ നിയമ ലംഘനത്തിന് ജയിലിലാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തനരഹിതമായ ടെലിവിഷന്‍ സെറ്റിനു ചിലര്‍ പണം അടയ്ക്കാന്‍ വിസമ്മതിക്കുന്നതോടെ ഇവര്‍ക്ക് ജയിലിലേക്കുള്ള വഴി തുറക്കും. 

പരിശോധന സമയത്ത് ടെലിവിഷന്‍ ലൈസന്‍സ് ഹാജരാക്കാത്തവര്‍ക്ക് 1000 യൂറോ പിഴയോ തടവ് ശിക്ഷയോ ലഭിക്കും. നിലവിലുള്ള ടെലിവിഷന്‍ ലൈസന്‍സ് കൂടാതെ 2015 മുതല്‍ ഒരു ബ്രോഡ്കാസ്റ്റിംഗ് ചാര്‍ജ് കൂടി നിലവില്‍ വരുന്നുണ്ട്. ടെലിവിഷന്‍ സ്വന്തമായി ഉള്ളവരും ഇല്ലാത്തവരും ഈ ചാര്‍ജ് അടയ്‌ക്കേണ്ടിവരും. അതേസമയം ടെലിവിഷന്‍ ലൈസന്‍സിനേക്കാള്‍ കുറഞ്ഞ തുകയായിരിക്കും ബ്രോഡ്കാസ്റ്റിംഗ് ഫീസ് എന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി പാറ്റ് റാബിറ്റി പറഞ്ഞു.

Scroll To Top