Sunday December 04, 2016
Latest Updates

കള്ളുകുടി: അമേരിക്കയില്‍ സെന്റ് പാട്രിക് ഡേ പരേഡ് റദ്ദാക്കിയേക്കും

കള്ളുകുടി: അമേരിക്കയില്‍ സെന്റ് പാട്രിക് ഡേ പരേഡ് റദ്ദാക്കിയേക്കും

ഡബ്ലിന്‍ :ഐറിഷ്‌കാരുടെ അമിതമായ മദ്യപാനഭ്രമത്തിന്റെ പേരില്‍ അമേരിക്കയിലെ ഒരു നഗരത്തില്‍ ഇത്തവണത്തെ സെന്റ് പാട്രിക് പരേഡ് റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ന്യൂ ജേഴ്‌സിയിലെ ഹൊബോക്കണ്‍ മേയറാണ് ഇത്തരത്തില്‍ ഒരാവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
ഈ വര്‍ഷത്തെ പരേഡിനെതിരെ ശക്തമായ രീതിയില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരിക്കുന്നത് മേയര്‍ ഡോണ്‍ സിമ്മര്‍ ആണ്. ഇത്തരം ആഘോഷങ്ങള്‍ അമിത മദ്യപാനത്തിനും തുടര്‍ന്നുള്ള വില്ലത്തരങ്ങള്‍ക്കും വഴിയൊരുക്കുന്നുവെന്നാണ് മേയറുടെ ആരോപണം.

സെന്റ് പാട്രിക് ഡേ പരേഡ് വരും വര്‍ഷങ്ങളില്‍ ബുധനാഴ്ച്ച ദിവസങ്ങളിലാക്കണമെന്ന് കാണിച്ച് 2011ല്‍ തന്നെ മേയര്‍ ലോക്കല്‍ സെന്റ് പാട്രിക് പരേഡ് കമ്മറ്റിക്ക് എഴുത്തു നല്‍കിയിരുന്നു. അത്തരം പരേഡുകള്‍ നടത്തുന്നത് വഴി സാധാരണക്കാര്‍ക്കും സമീപ പ്രദേശങ്ങളിലെ വീട്ടുകാര്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ ഒരുപാട് ഉണ്ടാക്കിവയ്ക്കുന്നുണ്ടെന്നും തങ്ങളുടെ കുട്ടികളെ കളിക്കാന്‍ വിടാന്‍ പോലും ആ സമയത്ത് രക്ഷിതാക്കള്‍ ഭയക്കുകയാണെന്നും മേയര്‍ പറഞ്ഞിരുന്നു.
മേയറുടെ കത്ത് കമ്മറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ ഒരു ദിവസത്തേക്ക് പരേഡ് മാറ്റുകയാണെങ്കില്‍ ആളുകളുടെ മദ്യപാനത്തിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് മേയര്‍ പറയുന്നത്. ഫിലാഡല്‍ഫിയ കേന്ദ്രമായ ഐറിഷ് ആന്റി ഡീഫേമേഷന്‍ ഫെഡറേഷന്‍ മേയറിന് പിന്തുണ പ്രഖ്യാപിച്ചു മുന്നോട്ടുവന്നിട്ടുമുണ്ട്. പരേഡിനിടയില്‍ നടക്കുന്നത് ക്രിമിനല്‍ കുറ്റകൃത്യങ്ങളും രസകരമല്ലാത്ത പ്രവര്‍ത്തികളുമാണെന്ന് സംഘടനയും അഭിപ്രായപ്പെടുന്നു.
എന്നാല്‍ മേയറുടെ കത്ത് കോടതിയിലേക്ക് എത്തിക്കാതിരിക്കാന്‍ കമ്മറ്റി അംഗങ്ങളും ശ്രദ്ധിക്കുന്നുണ്ട്, പരേഡില്‍ പങ്കെടുക്കുന്ന മറ്റു സംഘടനകളുടെ അഭിപ്രായം കൂടി മാനിച്ചശേഷം മാത്രമേ അതില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കുകയുള്ളൂവെന്നും കമ്മറ്റി അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ബുധനാഴ്ച്ച പരേഡ് മാറ്റിവയ്ക്കാമെന്ന മേയറിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് കമ്മറ്റി തുറന്നു പറഞ്ഞിരുന്നു.
മുന്‍ പോലീസ് ഉദ്യോഗസ്ഥനും 1997 പരേഡിലെ ഗ്രാന്‍ഡ് മാര്‍ഷലുമായിരുന്ന ജോണ്‍ ഹോവേ ,ഐറിഷ് കമ്മ്യൂണിറ്റിക്കെതിരെ ഉള്ള മേയറിന്റെ എതിര്‍പ്പാണ് ഇത്തരം ആരോപണങ്ങളിലൂടെ വ്യക്തമാക്കുന്നതെന്ന് ആരോപിച്ചു.
സെന്റ് പാട്രിക് ഡേയുടെ തൊട്ടുമുന്‍പുള്ള ശനിയാഴ്ച്ചകളില്‍ നടത്തി വരുന്ന പരേഡ് മറ്റേതെങ്കിലും ദിവസം ആക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് സംഘടനകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായും പറഞ്ഞുകൊണ്ടിരിക്കുന്നത്.

Scroll To Top