Saturday December 03, 2016
Latest Updates

കള്ളനോട്ടുകള്‍ പറപറക്കുമ്പോള്‍ …

കള്ളനോട്ടുകള്‍ പറപറക്കുമ്പോള്‍ …

അയര്‍ലണ്ടില്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത പതിനായിരക്കണക്കിന് വരുന്ന അമ്പതുയൂറോയുടെ കള്ളനോട്ടുകളില്‍ ബാക്കിയുള്ള ആയിരക്കണക്കിന് നോട്ടുകള്‍ ഇപ്പോഴും രാജ്യത്ത് ഉപയോഗത്തിലിരിക്കുകയാണെന്ന് വ്യക്തമായി. ഇത്തരത്തിലുള്ള ആയിരക്കണക്കിനു നോട്ടുകള്‍ ഇതിനകം തന്നെ സാധാരണക്കാരുടെ കൈകളിലടക്കം ഉപയോഗത്തിലെത്തിയിരിക്കുന്നുവെന്നും ഗാര്‍ഡ അറിയിച്ചു.
20,000 യൂറോ വില വരുന്ന 50 യൂറോയുടെ കള്ളനോട്ടുമായി കഴിഞ്ഞ ഞായറാഴ്ച്ചയാണ് മൂന്നുപേര്‍ ഗാര്‍ഡയുടെ പിടിയിലായത്.
ഇത്തരത്തിലുള്ള നോട്ടുകള്‍ രാജ്യത്ത് വ്യാപിച്ചിട്ടുണ്ടോ എന്ന സംശയവും ഗാര്‍ഡ പ്രകടിപ്പിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനായി ഗാര്‍ഡ കള്ളനോട്ടുകളുടെ പ്രിന്റൗട്ട് എടുക്കുകയും ചെയ്തിരുന്നു. പേപ്പര്‍ ക്വാളിറ്റിയില്‍പോലും യാതൊരു കോട്ടവും കൂടാതെയാണ് കള്ളന്‍മാര്‍ ഇത്തരത്തില്‍ നോട്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ഗാര്‍ഡ അറിയിച്ചത്.
മീത്തിലെ സമ്മര്‍ഹില്ലില്‍ വച്ചാണ് കഴിഞ്ഞ ആഴ്ച്ച 2 ലക്ഷം യൂറോയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്. വളരെ ഗുണനിലവാരമുള്ള, ഒറ്റനോട്ടത്തില്‍ തട്ടിപ്പ് കണ്ടെത്താന്‍ പ്രയാസമുള്ള നോട്ടുകളായിരുന്നു അവ. സ്‌പെഷല്‍ ഡിറ്റക്റ്റിവ് യൂനിറ്റാണ് നോട്ടുകള്‍ പിടിച്ചെടുത്തത്.
ബാക്കിയുള്ള നോട്ടുകള്‍ ചിലവായിക്കഴിഞ്ഞിരിക്കുന്നതായും ഗാര്‍ഡ അറിയിച്ചു. 4ഓളം കാര്‍ഡ് ബോര്‍ഡ് പെട്ടികളിലായി അടുക്കിവച്ച നിലയിലാണ് ഗാര്‍ഡയ്ക്ക് 50 യൂറോയുടെ നോട്ടുകള്‍ കിട്ടിയത്. മുറിക്കാന്‍ പാകത്തിലാക്കി പ്രിന്റെടുത്ത നിലയില്‍ ഒരു പേപ്പറില്‍ 4 നോട്ടുകളാണ് ഉണ്ടായിരുന്നത്. 2,500റോളം ഷീറ്റുകള്‍ ഓരോ പെട്ടിയിലും കണ്ടെത്തി.
നോട്ടുകള്‍ വളരെയധികം സാമ്യത ഉണ്ടെങ്കിലും കള്ളനോട്ടുകളില്‍ വാട്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നില്ല. യഥാര്‍ത്ഥ നോട്ടില്‍ നിന്നും ഇവയെ വേര്‍തിരിക്കാന്‍ അതു മാത്രമേ തിരിച്ചറിയാനായി ഉള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.
കൂടുതലായി പണം ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ ഇത്തരം 50 യൂറോ നോട്ടുകള്‍ കൂടി കൈയ്യില്‍ എത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്താനായി ശ്രദ്ധിക്കണമെന്ന് ഗാര്‍ഡ മുന്നറിയിപ്പു നല്‍കുന്നുമുണ്ട്.
അത്തരം നോട്ടുകള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ എത്രയും പെട്ടെന്നു തന്നെ ഗാര്‍ഡയെ വിവരമറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Scroll To Top