Friday December 09, 2016
Latest Updates

കളിയാക്കല്‍ ഫേസ് ബുക്കില്‍ വേണ്ട ..പണി കിട്ടും !

കളിയാക്കല്‍ ഫേസ് ബുക്കില്‍ വേണ്ട ..പണി കിട്ടും !

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ആരെങ്കിലും ഫേസ് ബുക്കിലൂടെ ആരെയെങ്കിലും കളിയാക്കുന്നുവെങ്കില്‍ സൂക്ഷിച്ചു കൊള്ളുക !കോടതി പിടി കൂടും.അയര്‍ലണ്ടില്‍ ഫെയ്‌സ്ബുക്കിലൂടെയുള്ള അപമാനത്തിന്റെ പേരില്‍ ഇതാദ്യമായി ഒരാള്‍ക്ക് ഇന്നലെ കോടതി ശിക്ഷ വിധിച്ചു കഴിഞ്ഞു. മുന്‍ കാമുകിയെ ഫെയ്‌സ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍
യുവാവിനാണ് 2,000 യൂറോ പിഴ. ഡോനെഗള്‍ സ്വദേശിയായ 30 കാരനായ യുവാവിനാണ് ശിക്ഷ ലഭിച്ചത്. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 1991 ലെ ക്രിമിനല്‍ ഡാമേജ് ആക്റ്റ് പ്രകാരമാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. ഇതേ യുവതിയെ തന്നെ
അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ച് ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ കോടതി ഇയാളെ കഴിഞ്ഞ മാസം വെറുതെ വിട്ടിരുന്നു.

ഫെയ്‌സ്ബുക്കിലൂടെ ഇയാള്‍ യുവതിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്ന വാദം കണക്കിലെടുത്താണ് കോടതി ഇയാള്‍ക്ക് പിഴ അടിക്കാന്‍ തീരുമാനിച്ചത്. യുവതിക്ക് ഭൗതികമായ നഷ്ടമൊന്നും സംഭവിച്ചിട്ടില്ലാത്തതിനാല്‍ യുവാവിനു കടുത്ത ശിക്ഷ നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല യുവതിക്കെതിരെ ഇയാള്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസ് അധികം വൈകാതെ തന്നെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

2011 ഏപ്രിലിലാണ് ആരോപണ വിധേയമായ സംഭവം നടന്നത്. തന്റെ കാമുകിയായിരുന്ന യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായതാണ് യുവാവിനെ ചൊടിപ്പിച്ചത്. ഇതേതുടര്‍ന്ന് യുവതിയെ സ്വഭാവഹത്യ ചെയ്യുന്ന രീതിയില്‍ ഫെയ്‌സ്ബുക്കില്‍ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയുടെ
അടിസ്ഥാനത്തില്‍ അന്ന് തന്നെ ഇയാള്‍ അറസ്റ്റിലായിരുന്നു.

Scroll To Top