Saturday December 10, 2016
Latest Updates

കളിക്കിടെ പന്ത് കൊണ്ട് പരുക്കേറ്റ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം അന്തരിച്ചു

കളിക്കിടെ പന്ത് കൊണ്ട് പരുക്കേറ്റ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം അന്തരിച്ചു

സിഡ്‌നി: ആരാധകരുടെ പ്രാര്‍ഥനകള്‍ വിഫലമായി. ക്രിക്കറ്റ് കളിക്കിടെ തലയില്‍ പന്ത് കൊണ്ട് പരുക്കേറ്റ ഓസ്‌ട്രേലിയന്‍ താരം ഫില്‍ ഹ്യൂഗ്‌സ് അന്തരിച്ചു. സെന്റ് വിന്‍സെന്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം ഇന്ന് രാവിലെയാണ് അന്തരിച്ചത്. ശസ്ത്രക്രിയയെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു.ചൊവ്വാഴ്ച ഓസ്‌ട്രേലിയയില്‍ നടന്ന പ്രാദേശിക ക്രിക്കറ്റ് മല്‍സരത്തിനിടെ ബൗണ്‍സര്‍ തലയ്ക്കുകൊണ്ടാണ് അദ്ദേഹത്തിന് പരുക്കേറ്റത്.

തലയ്ക്കു പന്തുകൊണ്ട ഫില്‍ ഹ്യൂസ് പിച്ചില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു. ഫാസ്റ്റ് ബോളര്‍ സീന്‍ ആബട്ട് എറിഞ്ഞ പന്ത് കൊണ്ടാണ് ഹ്യൂഗ്‌സിനു പരുക്കേറ്റത്. ഹ്യൂഗ്‌സിനോടുള്ള ഇപ്പോള്‍ നടക്കുന്ന പ്രാദേശിക ക്രിക്കറ്റ് മല്‍സരങ്ങള്‍ ഉപേക്ഷിക്കാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. ഇതിനു പുറമേ മുഴുവന്‍ താരങ്ങള്‍ക്കും ഒഫിഷ്യലുകള്‍ക്കും കൗണ്‍സലിങ് നല്‍കാനും തീരുമാനമായി.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 26 ടെസ്റ്റ് മല്‍സരങ്ങളും 25 ഏകദിനങ്ങളും നിരവധി ആഭ്യന്തര മത്സരങ്ങളും ഹ്യൂഗ്‌സ് കളിച്ചിട്ടുണ്ട്. ഈ വര്‍ഷം ഒക്‌ടോബര്‍ 12ന് പാക്കിസ്ഥാനെതിരെയാണ് അവസാന ഏകദിന മല്‍സരം കളിച്ചത്. ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ നെടുംതൂണാകുമെന്ന് പ്രതീക്ഷിച്ചിരുന്ന താരമാണ് അകാലത്തില്‍ വിടവാങ്ങിയത്.

കളിക്കളത്തിലെ മരണങ്ങളില്‍ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഫില്‍ ഹ്യൂഗ്‌സ്. നേരത്തെ ബംഗ്ലാദേശ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് കൊണ്ടിരിക്കെ ഇന്ത്യയുടെ മുന് ഓപ്പണര്‍ രമണ്‍ ലാമ്പ പന്ത് തലയില്‍ കൊണ്ടാണ് മരിച്ചത്. ഇംഗ്ലീഷ് താരങ്ങളായ ഇയാന്‍ ഫോളി, ജോര്‍ജ് സമ്മേഴ്‌സ്, പാക്ക് താരങ്ങളായ സുള്‍ഫിക്കര്‍ ഭാട്ടി, അബ്ദുല്‍ അസീസ്, ദക്ഷിണാഫ്രിക്കന്‍ താരം ഡാരന്‍ റാന്‍ഡല്‍ എന്നിവരും കളിക്കളത്തില്‍ വച്ച് പരുക്കേറ്റതിനെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയ ക്രിക്കറ്റ് താരങ്ങളാണ്.

Scroll To Top