Friday December 09, 2016
Latest Updates

കരിപ്പൂര്‍ റണ്‍വെ അറ്റകുറ്റപ്പണികള്‍ക്കുള്ള സമയം പുനക്രമീകരിക്കും

കരിപ്പൂര്‍ റണ്‍വെ അറ്റകുറ്റപ്പണികള്‍ക്കുള്ള സമയം പുനക്രമീകരിക്കും

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ തകരാറിലായ റണ്‍വെ അറ്റകുറ്റ പണികള്‍ക്കായുള്ള സമയക്രമത്തില്‍ പുനക്രമീകരണം നടത്തുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു. മുന്‍നിശ്ചയ പ്രകാരം മെയ് ഒന്നു മുതല്‍ സെപ്തംബര്‍ വരെ റീകാര്‍പ്പറ്റിംഗിനായി റണ്‍വെ അടച്ചിടുമായിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ റണ്‍വെ അടച്ചിട്ടാല്‍ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്നും ഇത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് റീകാര്‍പ്പറ്റിംഗിനായുള്ള സമയം പുനക്രമീകരിക്കാമെന്ന് കേന്ദ്രമന്ത്രി ഗജപതി രാജു മന്ത്രി കെ ബാബുവിന് ഉറപ്പു നല്‍കിയത്.

മെയ് മുതല്‍ സെപ്തംബര്‍ വരെ വിമാനത്താവളം ഭാഗീകമായി അടച്ചിടുകയും വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കാതിരിക്കുകയും ചെയ്യുമ്പോള്‍ ഓണത്തിനും റംസാനും നാട്ടിലേക്ക് തിരികെ എത്താന്‍ മുന്‍കൂട്ടി ടിക്കറ്റെടുത്ത പ്രവാസികള്‍ ദുരിതത്തിലാകും. ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കുന്നതും ഏകദേശം ഈ സമയത്ത് തന്നെയാണ്. തന്നെയുമല്ല മെയ് മാസം അവസാനം മുതല്‍ മഴയായിരിക്കും. ഇതും അറ്റകുറ്റപ്പണികള്‍ക്ക് ദോഷകരമായി ബാധിക്കും. ഈ സാഹചര്യത്തില്‍ അറ്റകുറ്റപ്പണികള്‍ മാറ്റി വെയ്ക്കണമെന്നും സമയ പുനക്രമീകരണം നടത്തണമെന്നും ആവശ്യപ്പെട്ട് എം.കെ. രാഘവന്‍ എംപിയും കെ ബാബുവും കേന്ദ്രമന്ത്രിയെ കണ്ടിരുന്നു.

സമയപുനക്രമീകരണം സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ലെങ്കിലും പുതിയ സമയക്രമം നിശ്ചയിക്കാന്‍ വ്യോമയാന സെക്രട്ടറി വി. സോമസുന്ദരത്തെ മന്ത്രി ചുമതലപ്പെടുത്തിയതായാണ് വിവരം. എയര്‍പോര്‍ട്ട് അഥോറിറ്റി അധികൃതരും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്.

Scroll To Top