Saturday December 03, 2016
Latest Updates

കരാര്‍ പണി മുടക്കിയതിന്റെ പേരിലാണ് ടി പി യെ വധിച്ചതെന്ന് സി പി എം !…പാര്‍ട്ടി അംഗത്തെ പുറത്താക്കി

കരാര്‍ പണി മുടക്കിയതിന്റെ പേരിലാണ് ടി പി യെ വധിച്ചതെന്ന് സി പി എം !…പാര്‍ട്ടി അംഗത്തെ പുറത്താക്കി

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ കാരണം ഒരു പാര്‍ട്ടി അംഗത്തിന്റെ കരാര്‍ പണി മുടക്കപെട്ടത് മൂലമാണെന്ന് സി പി എം.കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ടി പി വധക്കേസില്‍ സി.പി.എം ഇതാദ്യമായി ഈ സംഭവത്തിന്റെ പേരില്‍ ഒരു പാര്‍ട്ടി നേതാവിനെതിരെ നടപടിയെടുത്തു.

കേസില്‍ കോടതി ശിക്ഷിച്ച കുന്നുമങ്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി.രാമചന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയാണെന്ന് സംസ്ഥാനകമ്മിറ്റി വ്യക്തമാക്കി. വ്യക്തിവിരോധമാണ് രാമചന്ദ്രനെ ഇതിന് പ്രേരിപ്പിച്ചതെന്ന് സി.പി.എം നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയതായി സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നുകൂടി പാര്‍ട്ടി അറിയിച്ചു.

അതേസമയം ശിക്ഷിക്കപ്പെട്ട പി.കെ.കുഞ്ഞനന്തനും ട്രൗസര്‍ മനോജിനും സംഭവത്തില്‍ പങ്കില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. കരാര്‍ പണികള്‍ മുടക്കിയതിന്റെ പേരിലാണ് രാമചന്ദ്രന് ചന്ദ്രശേഖരനോട് വിരോധമുണ്ടായതത്രെ.

പാര്‍ട്ടിക്കു പങ്കില്ലെന്നു ഇതുവരെ ആവര്‍ത്തിച്ചിരുന്ന സി.പി.എം. ഇപ്പോഴും അതുതന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. കെ.സി.രാമചന്ദ്രന്‍ വ്യക്തിവിരോധം കാരണം കൊലപാതകത്തില്‍ പങ്കെടുത്തുവെന്ന് പറഞ്ഞിരിക്കുന്നതും ഇതിന്റെ തെളിവാണ്. കുഞ്ഞനന്തന്‍ കണ്ണൂര്‍ ജില്ലക്കാരനാണ്. രാമചന്ദ്രന്‍ കോഴിക്കോട് ജില്ലക്കാരനായതുകൊണ്ട് ചന്ദ്രശേഖരനുമായി വ്യക്തിവിരോധമുണ്ടാവുക സ്വാഭാവികമാണെന്ന് സി.പിഎമ്മിന് വ്യാഖ്യാനിക്കാനാവും.

സി പി എമ്മിന്റെ കണ്ടെത്തല്‍ അപഹാസ്യമാണെന്ന് ടി പി യുടെ ഭാര്യ കെ കെ രമ പ്രതീകരിച്ചു. വി എസ്സിനെ സമാധാനിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കാനുള്ള പാര്‍ട്ടിയുടെ പരിപാടിയുടെ ഭാഗമാണിതെന്ന് രമ പറഞ്ഞു.

ബംഗാളില്‍ കോണ്‍ഗ്രസും സിപി എമ്മും തമ്മില്‍ തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നത് പോലെ കേരളത്തില്‍ സി പി എമ്മും ടി പി കേസിലെ കുറ്റവാളികളെ രക്ഷിക്കാന്‍ ഒന്നിച്ചു നില്‍ക്കുകയാണെന്ന് ആര എം പി നേതാവ് കെ എസ് ഹരിഹരന്‍ പറഞ്ഞു.

Scroll To Top