Monday December 05, 2016
Latest Updates

കത്തോലിക്ക സഭയുടെ സിനഡ് സമാപിച്ചു; പോള്‍ ആറാമന്‍ ഇനി വാഴ്ത്തപ്പെട്ടവന്‍

കത്തോലിക്ക സഭയുടെ സിനഡ് സമാപിച്ചു; പോള്‍ ആറാമന്‍ ഇനി വാഴ്ത്തപ്പെട്ടവന്‍

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ അസാധാരണ സിനഡിന് സമാപനം. പോള്‍ ആറാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങുകളോടെയാണ് സിനഡ് അവസാനിച്ചത്. ബനഡിക്റ്റ് പതിനാറാമന്റെ സാന്നിദ്ധ്യത്തില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ പോള്‍ ആറാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ 10.30 ഓടെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷി നിര്‍ത്തിയാണ് പോള്‍ ആറാമനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

സിനഡില്‍ പങ്കെടുത്ത 191 പരിശുദ്ധ പിതാക്കന്മാരും കൂടാതെ മറ്റു 300 മെത്രാന്‍മാരും 5000 വൈദികരും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച കുര്‍ബാനയില്‍ സഹകാര്‍മ്മികരായിരുന്നു. ഇന്ത്യയില നിന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ചുബിഷപ്പും സി.ബി.സി.ഐ. പ്രസിഡന്റുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാബാവായും മുംബൈ ആര്‍ച്ചു ബിഷപ്പ് കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസും പങ്കെടുത്തു.

ഇനി എല്ലാവര്‍ഷവും സെപ്റ്റംബര്‍ 26 വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ ഓര്‍മ തിരുനാള്‍ ആചരിക്കും. അസാധാരണ സിനഡില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ അടുത്ത വര്‍ഷം നടക്കുന്ന പൊതു സിനഡ് ചര്‍ച്ച ചെയ്യും. 2015 ഒക്‌ടോബര്‍ 4 മുതല്‍ 25 വരെയാണ് പൊതു സിനഡ്.

Scroll To Top