Wednesday December 07, 2016
Latest Updates

കത്തോലിക്ക സഭയുടെ ഭരണകാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം വേണമെന്ന് മേരി മക് അലീസ്

കത്തോലിക്ക സഭയുടെ ഭരണകാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം വേണമെന്ന്  മേരി മക് അലീസ്

ഡബ്ലിന്‍ :കത്തോലിക്ക സഭയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം വേണമെന്ന് മുന്‍ ഐറിഷ് പ്രസിഡന്റ് മേരി മക് അലീസ് സഭാ നേതൃത്വത്തോട് ആവശ്യപ്പെട്ടു.. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. വനിതകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിനൊപ്പം അല്‍മായര്‍ക്കും ബിഷപ്പുമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വത്തിക്കാനില്‍ നിന്ന് വരുന്ന ഉത്തരവുകള്‍ അതേപടി പാലിക്കാനേ ഇപ്പോള്‍ ബിഷപ്പുമാര്‍ക്ക് അധികാരമുള്ളൂ എന്നാണ് അലീസിന്റെ പ്രധാന വിമര്‍ശനം. സ്വന്തം നിലക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ ബിഷപ്പുമാര്‍ക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വത്തിക്കാനില്‍ നിന്ന് വരുന്ന ഉത്തരവുകളുടെ ആജ്ഞാനുവര്‍ത്തികളാകാതെ സഭ നേതാക്കള്‍ സ്വന്തം നിലക്ക് തീരുമാനം എടുക്കാന്‍ കഴിയുന്ന നിലയിലേക്ക് ഉയരാന്‍ കഴിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം സഭയുടെ പരമാധ്യക്ഷന്‍ മാര്‍പാപ്പയുമായി ഒത്തുപോകുന്ന തീരുമാനങ്ങളുമായിരിക്കണം സഭ നേതാക്കള്‍ എടുക്കേണ്ടത്. വത്തിക്കാന്‍ ആജ്ഞകളെ ചോദ്യം ചെയ്യാതിരിക്കുന്നതിലാണ് സഭയുടെ നിലനില്‍പ്പ് എന്നാണ് പല മുതിര്‍ന്ന സഭ നേതാക്കള്‍ പോലും ചിന്തിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

ആധുനിക ലോകത്ത് കൂടുതല്‍ കര്‍ക്കശമായ നിലപാടുകള്‍ സഭയ്ക്ക് ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് അലീസ്. സമൂലമായ മാറ്റം കൊണ്ടുവരുന്നതിന് ബിഷപ്പുമാരുടെ സിനഡിന് അധികാരം നല്‍കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. സഭയുടെ ഭരണം എന്ന വിഷയത്തില്‍ നടന്ന ഒരു സെമിനാറിലാണ് അവര്‍ സുപ്രധാനമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത്. പോപ് ഫ്രാന്‍സിസ് അധികാരം ഏറ്റെടുത്ത ശേഷം നിരവധി പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ബിഷപ്പുമാര്‍ക്ക് സ്വതന്ത്രാധികാരം സ്ത്രീകള്‍ക്ക് സഭ ഭരണത്തില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതും ഉള്‍പ്പെടെ അലീസ് നിര്‍ദ്ദേശിച്ച പല കാര്യങ്ങളും മാര്‍പാപ്പയുടെ ശ്രദ്ധയില്‍പ്പെടും എന്ന് തന്നെയാണ് പ്രതീക്ഷിക്കപെടുന്നത്. സ്ത്രീകളെ ബിഷപ്പ് സ്ഥാനത്തേക്ക് ഉയര്‍ത്തണമെന്നത് ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.

വത്തിക്കാനുമായി ഏറ്റവും അധികം ബന്ധം പുലര്‍ത്തുന്ന ഐറിഷ്‌കാരിയായാണ് മേരി മക് ആലീസ് അറിയപ്പെടുന്നത്.അയര്‍ലന്‍ഡിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവും മത പണ്ഡിതയുമാണ് അലീസ്.

Scroll To Top