Saturday December 03, 2016
Latest Updates

കണ്ണൂരില്‍ കള്ളവോട്ടെന്ന് ആരോപണം; കെ സുധാകരന്‍ കോടതിയെ സമീപിക്കും

കണ്ണൂരില്‍ കള്ളവോട്ടെന്ന് ആരോപണം; കെ സുധാകരന്‍ കോടതിയെ സമീപിക്കും

കണ്ണൂര്‍: കണ്ണൂരിലെ കള്ളവോട്ട് ആരോപണം കോടതി കയറുന്നു. സിപിഎം ശക്തികേന്ദ്രങ്ങളായ ബൂത്തുകളില്‍ 90 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയത് കള്ള വോട്ടാണെന്ന് ആരോപിച്ച് സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്‍ കോടതിയെ സമീപിക്കും. സിപിഎം ശക്തി കേന്ദ്രങ്ങളായ നൂറോളം ബൂത്തുകളില്‍ കള്ളവോട്ടു നടന്നുവെന്നാണ് യുഡിഎഫിന്റെ ആരോപണം.

സിപിഎം ശക്തികേന്ദ്രങ്ങളായ ബൂത്തുകളില്‍ യുഡിഎഫ് ഏജന്റുമാരെ ബൂത്തില്‍ ഇരിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. ബിഎല്‍ഒമാര്‍ നല്‍കിയ സ്ലിപ്പ് ഉപയോഗിച്ച് സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് യുഡിഎഫിന്റെ ആരോപണം.

നേരത്തെ കോടതി വിധിയിലൂടെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ചരിത്രമുള്ള നേതാവാണ് കെ സുധാകരന്‍. 1991 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എടക്കാട് മണ്ഡലത്തില്‍ നിന്ന്  സുധാകരന്‍ നേരിയ ഭൂരിപക്ഷത്തിനു പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം കള്ളവോട്ട് ആരോപണം ഉയര്‍ത്തി കോടതിയെ സമീപിച്ചു തുടര്‍ന്ന് ഹൈക്കോടതി അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് സുപ്രീം കോടതി ഹൈക്കോടതിയുടെ വിധി റദ്ദാക്കുകയായിരുന്നു.

അതേസമയം പരാജയഭീതി മൂലമാണ് സുധാകരന്‍ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നതെന്ന് സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തി. കെ സുധാകരന്റെ താല്‍പര്യപ്രകാരം റീ പോളിംഗ് നടത്താന്‍ തീരുമാനിച്ചാല്‍ അംഗീകരിക്കില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വ്യക്തമാക്കി. കള്ളവോട്ട് സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ എജന്റുമാരാണ് പരാതി നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top