Saturday December 10, 2016
Latest Updates

കടല്‍തീരത്ത് പോവരുതെന്നു കോസ്റ്റ് ഗാര്‍ഡ് :കാറ്റ് ബുധനാഴ്ച്ച വരെ തുടരും

കടല്‍തീരത്ത് പോവരുതെന്നു കോസ്റ്റ് ഗാര്‍ഡ് :കാറ്റ് ബുധനാഴ്ച്ച വരെ തുടരും

കോര്‍ക്ക് :കടല്‍ തീരങ്ങളില്‍ പോവരുതെന്ന മുന്നറിയിപ്പുമായി കോസ്റ്റ് ഗാര്‍ഡ്.ഇന്ന് ഉച്ചയ്ക്ക് മുന്‍പായി തീരപ്രദേശങ്ങളില്‍ വീശിയടിക്കാന്‍ സാധ്യതയുള്ള കാറ്റ് അപകടങ്ങള്‍ സൃഷ്ടിച്ചേക്കാവുന്നത് കൊണ്ടാണ് കോസ്റ്റ്ഗാര്‍ഡ് ഇത്തരത്തില്‍ ഒരു മിന്നറിയിപ്പുമായി വന്നിരിക്കുന്നത്. കടല്‍ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയുള്ള കാറ്റാണ് കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ചിരിക്കുന്നത്.
കൗണ്ടികളായ വെക്‌സ്‌ഫോര്‍ഡ്, ഗാല്‍വേ, മായോ, ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമറിക്, വാട്ടര്‍ഫോര്‍ഡ് തുടങ്ങിയ ഇടങ്ങളില്‍ മെറ്റ് എറാന്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയുമാണ്.STORM
ബുധനാഴ്ച വരെ കനത്ത കാറ്റും വേലിയേറ്റവും തുടര്‍ന്നേക്കുമെന്നു മെറ്റ് എറനും പ്രവചിക്കുന്നു.തെക്കന്‍ കാറ്റും തെക്കുപടിഞ്ഞാറന്‍ കാറ്റും ശക്തി പ്രാപിക്കുന്നതോടെ രാത്രി സമയങ്ങളില്‍ പ്രദേശങ്ങളില്‍ വീശുന്ന കാറ്റിനും ശക്തി കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മണിക്കൂറില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാവും കാറ്റ് വീശുക.
കാലാവസ്ഥ ഇത്തരത്തില്‍ മോശമായി തുടരുന്നതിനാല്‍ സ്വിഫ്റ്റ് സെയിലിംഗ്‌സ് യാത്ര റദ്ദാക്കിയിരിക്കുകയാണ്. അത്യാവശ്യ യാത്രക്കാരോട് മറ്റ് സെയ്‌ലിംഗ്‌സുകളെ ഉപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
തീരപ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളം കയറിയ അവസ്ഥ തന്നെ തുടരുകയാണ്. കാറ്റിന്റെ ശക്തികൂടിചേരുമ്പോള്‍ ശക്തമായ വേലിയേറ്റത്തിനും വമ്പന്‍ തിരമാലകള്‍ക്കുമുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാവും ഉള്‍പ്രദേശങ്ങളെ വെള്ളത്തിലാക്കുക.
തീരപ്രദേശ മേഖലകളില്‍ എവിടേക്കും പോകരുതെന്നാണ് കോസ്റ്റ്ഗാര്‍ഡ് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ശക്തമായ വമ്പന്‍ തിരമാലകള്‍ തീരത്തു നില്‍ക്കുന്ന ഏതൊരാള്‍ക്കും അപകടം നല്‍കുമെന്നും കോസ്റ്റ്ഗാര്‍ഡ് അറിയിക്കുന്നു.
വളരെയധികം കരുതലും ശ്രദ്ധയും ഈ കാലയളവില്‍ പൊതുജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും പുറത്തേക്ക് തനിയെ പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്നും ആവശ്യമെങ്കില്‍ അലാം അടിച്ച് സഹായം ആവശ്യപ്പെടാമെന്നും ഐറിഷ് കോസ്റ്റ് ഗാര്‍ഡ് മാനേജര്‍ ഡക്ലന്‍ ജോഗെഗന്‍ അറിയിച്ചു.
മോട്ടോര്‍ വാഹന ഉപഭോക്താക്കള്‍ റോഡ് സേഫ്റ്റി അതോറിറ്റിയുടെ മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പും ശ്രദ്ധിക്കണമെന്നും അപകടങ്ങള്‍ ഒഴിവാക്കണമെന്നും ഡക്ലന്‍ കൂട്ടിച്ചേര്‍ത്തു.
കോസ്റ്റ് ഗാര്‍ഡിന്റെ പ്രത്യേക അറിയിപ്പുകള്‍;
കടല്‍ തീരങ്ങളില്‍ നിന്നും മറ്റ് ജലാശയ പ്രദേശങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കാറ്റിന്റെ ശക്തി കൂടുമെന്നു പറഞ്ഞിരിക്കുന്ന സമയങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഈ ആഴ്ച്ചയില്‍ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്ന അപകടകാരികളായ കാറ്റും തിരമാലകളും വേലിയേറ്റവും അടങ്ങുന്നതു വരെ കഴിവതും തീരപ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക.
ചെറിയ വഞ്ചികളുടെയും മത്സ്യബന്ധന വഞ്ചികളുടെയും ഉടമസ്ഥര്‍ അവ തിരമാലകളില്‍ പെട്ട് നശിപ്പിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിക്കുന്നു.
ആരെയെങ്കിലും അപകടത്തില്‍പെട്ടതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 999ലേക്കോ 112ലേക്കോ വിളിച്ചറിയിക്കണമെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പു നല്‍കുന്നു.

Scroll To Top