Saturday December 10, 2016
Latest Updates

ഓസ്‌ട്രേലിയയില്‍ ബന്ദികളെ മോചിപ്പിച്ചു,ബോംബ് ഭീഷണിയെ തുടര്‍ന്ന് സിഡ്‌നിയില്‍ കനത്ത ജാഗ്രത

ഓസ്‌ട്രേലിയയില്‍ ബന്ദികളെ മോചിപ്പിച്ചു,ബോംബ് ഭീഷണിയെ തുടര്‍ന്ന് സിഡ്‌നിയില്‍ കനത്ത ജാഗ്രത

സിഡ്‌നി: ഓസ്‌ട്രേലിയയുടെ പ്രാര്‍ത്ഥനകള്‍ വിഫലമായില്ല. മുള്‍മുനയില്‍ നിര്‍ത്തിയ 17 മണിക്കൂറുകള്‍ക്കൊടുവില്‍ സിഡ്‌നിയിലെ ലിന്‍ഡ് ചോക്കളേറ്റ് കഫേയില്‍ ആയുധ ധാരി ബന്ദികളാക്കിയവരെ മോചിപ്പിച്ചു. നഗരത്തിലെ മാര്‍ട്ടിന്‍ പ്ലേസില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് ഹെലികോപ്റ്ററിലിറങ്ങിയ കമാന്‍ഡോകള്‍ കഫേയിലേക്ക് ഇരച്ചു കയറി അക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. അക്രമി, ഇറാനിയന്‍ വംശജനായ ഹാറൂണ്‍ മൂനിസ് സൈനിക ഓപറേഷനില്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ രണ്ടിന് ശേഷം അതീവ രഹസ്യമായായിരുന്നു സൈനിക നടപടി. അതേസമയം, അക്രമിയെ കൂടാതെ രണ്ടു പേര്‍ കൊല്ലപ്പെട്ടതായും രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യക്കാരനായ ഇന്‍ഫോസിസ് ജീവനക്കാരന്‍ വിശ്വകാന്ത് അങ്കിറെഡ്ഢിയും സുരക്ഷിതനായി പുറത്തുകടന്നു.

കഫേക്കകത്ത് 12ഓളം പേരുണ്ടായിരുന്നതായാണ് സൂചന. 11 പേര്‍ നേരത്തെ രക്ഷപ്പെട്ടിരുന്നു. നഗരത്തിലെ വ്യാപാര കേന്ദ്രമായ മാര്‍ട്ടിന്‍ പ്ലേസ് 53ല്‍ സ്ഥിതി ചെയ്യുന്ന കഫേ ഓസ്‌ട്രേലിയന്‍ സമയം തിങ്കളാഴ്ച രാവിലെ 9.45നാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.15) തോക്കുധാരി പിടിച്ചടക്കിയത്.

സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് നടുക്കം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുമായി സംസാരിക്കണമെന്നാണ് അക്രമിയുടെ ആവശ്യമെന്ന് സിഡ്‌നി 2ജിബി റേഡിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബന്ദികളെ മനുഷ്യകവചമായി ഉപയോഗിച്ച് പൊലീസിനെ അകത്തേക്കു പ്രവേശിക്കുന്നത് തടയുക എന്നതായിരുന്നു അക്രമിയുടെ തന്ത്രം. സംഭവത്തില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ പതാക കൈയില്‍ പിടിച്ച ചില ബന്ദികളെ ജനാലക്കടുത്ത് കണ്ടെങ്കിലും, ഇസ്‌ലാമിക് സ്റ്റേറ്റിന് സംഭവവുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

നഗരത്തില്‍ നാലിടത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും അക്രമി അവകാശപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലുടനീളം കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കഫേക്കടുത്തുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ എക്‌സ്‌ക്ലൂഷന്‍ സോണ്‍ പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഇന്ന് ഓഫീസിലെത്തേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Scroll To Top