Sunday December 04, 2016
Latest Updates

ഓസ്‌ട്രേലിയയില്‍ പുതിയ സീറോമലബാര്‍ രൂപത ,മാര്‍ ബോസ്‌കോ പുത്തൂര്‍ മെല്‍ബണ്‍ ബിഷപ്പ്

ഓസ്‌ട്രേലിയയില്‍ പുതിയ സീറോമലബാര്‍ രൂപത ,മാര്‍ ബോസ്‌കോ പുത്തൂര്‍ മെല്‍ബണ്‍ ബിഷപ്പ്

കൊച്ചി: ഓസ്‌ട്രേലിയയിലെ ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് ആഹ്ലാദമേകി കൊണ്ട് മെല്‍ബണ്‍ കേന്ദ്രമാക്കി സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപത.സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരായിരിക്കും മെല്‍ബണ്‍ രൂപതയുടെ പ്രഥമ ബിഷപ്. അദ്ദേഹത്തെ ന്യൂസിലാന്‍ഡിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായും നിയമിച്ചു.
sy

തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായ മാര്‍ റാഫേല്‍ തട്ടിലിന് ഇന്ത്യയിലെ അപ്പസ്‌തോലിക് വിസിറ്റേറുടെ പദവികൂടി നല്‍കി. ഇന്ത്യയില്‍ സീറോ മലബാര്‍ സഭയ്ക്ക് പുറത്തുള്ള സഭാ വിശ്വാസികളുടെ ആധ്യത്മിക കാര്യങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്.

സീറോ മലബാര്‍ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഈ സമയംതന്നെ വത്തിക്കാനിലും പ്രഖ്യാപനം നടന്നു.

ഇന്ത്യക്ക് പുറത്തുള്ള സീറോ മലബാര്‍ സഭയുടെ രണ്ടാമത്തെ രൂപതയാണ് മെല്‍ബണ്‍ രൂപത. ഓസ്‌ട്രേലിയയില്‍ കുടിയേറിയ മലയാളികളടക്കമുള്ള പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യമാണ് പുതിയ രൂപതാ പ്രഖ്യാപനത്തോടെ സഫലമാകുന്നത്. അമേരിക്കയിലെ ഷിക്കാഗോ രൂപതയാണ് ഇന്ത്യക്ക് പുറത്തെ ആദ്യ സീറോമലബാര്‍ രൂപത.

സീറോ മലബാര്‍ ആസ്ഥാനത്ത് കൂരിയ ബിഷപ്പായി പ്രവര്‍ത്തിക്കുന്ന മാര്‍ ബോസ്‌കോ പുത്തൂര്‍ തൃശൂര്‍ പറപ്പൂര്‍ സ്വദേശിയാണ്. തൃശൂര്‍ അതിരൂപതയിലാണ് വൈദിക സേവനം തുടങ്ങിയത്. ആലുവ മംഗലപ്പുഴ സെമിനാരിയില്‍ അധ്യാപകനായും റെക്ടറായും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച അദ്ദേഹം അറിയപ്പെടുന്ന ദൈവശാസ്ത്രപണ്ഡിതന്‍ കൂടിയാണ്. 1995 മുതല്‍ 99 വരെ തൃശൂര്‍ അതിരൂപത വികാരി ജനറാളായി പ്രവര്‍ത്തിച്ചു. 1999 ല്‍ കത്തീഡ്രല്‍ വികാരിയായി നിയമിതനായി. ഇതിനുപിന്നാലെ സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ അദ്ദേഹം 2007 ല്‍ മംഗലപ്പുഴ സെമിനാറി റെക്ടറായി ചുമതലയേറ്റു. സെമിനാരി റെക്ടറായി തുടരുന്നതിനിടെ 2010 ല്‍ ആണ് കൂരിയ ബിഷപ് ആയി നിയമിതനായത്. മാര്‍ വര്‍ക്കി വിതയത്തിലിന്റെ ആകസ്മിക വിയോഗത്തിനുശേഷം സഭാ അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നത് കൂരിയ ബിഷപ്പായ മാര്‍ ബോസ്‌കോ പുത്തൂരായിരുന്നു.

Scroll To Top