Friday December 09, 2016
Latest Updates

ഓസ്‌ട്രേലിയയില്‍ താമസിക്കുന്നവരും അയര്‍ലണ്ടിലെ വെല്‍ഫെയര്‍ ഫണ്ട് അനധികൃതമായി കൈക്കലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ താമസിക്കുന്നവരും അയര്‍ലണ്ടിലെ വെല്‍ഫെയര്‍ ഫണ്ട് അനധികൃതമായി കൈക്കലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ വെല്‍ഫെയര്‍ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് പുറത്ത് വിട്ടു. സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ട്ടന്‍ ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അയര്‍ലണ്ടില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ വരെ വ്യാപിച്ചു കിടക്കുന്നതാണ് തട്ടിപ്പുകാരുടെ കൂട്ടായ്മയെന്ന് റിപ്പോര്‍ട്ട് പറയുന്നു. വെല്‍ഫെയര്‍ പെയ്‌മെന്റായി അധിക തുക കൈപ്പറ്റുകയും തെറ്റായ വിവരങ്ങള്‍ നല്കി തുക തട്ടിയെടുക്കുകയും ചെയ്തവരെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടാണ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയത്. 

ജോലി തേടുന്നവര്‍ക്കുള്ള ആനുകൂല്യം വാങ്ങുന്ന പലരും മറ്റ് ജോലിയുള്ളവരോ സ്വന്തമായി സമ്പാദ്യമുള്ളവരോ ആണെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രകാരം ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ തൊഴില്‍രഹിതര്‍ക്കുള്ള ധനസഹായം കൈപ്പറ്റുന്നതായാണ് വിവരം. വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് അധിക തുക കൈപ്പറ്റുന്നവരെയും അര്‍ഹതയില്ലാതെ തുക തട്ടിയെടുക്കുന്നവരെയും കണ്ടെത്താന്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശ്രമം തുടങ്ങിയിട്ടുണ്ട്. അതിന്റെ മുന്നോടിയായി അധിക തുക കൈക്കലാക്കിയവര്‍ തുക തിരികെ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. 

വെല്‍ഫെയര്‍ തട്ടിപ്പുകാരെ കണ്ടെത്തി അവരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ ഈ സാമ്പത്തിക വര്‍ഷം ഖജനാവിന് 510 മില്യന്‍ യൂറോ ലാഭിക്കാന്‍ കഴിയുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതീക്ഷ. വെല്‍ഫെയര്‍ ഫണ്ട് ക്‌ളെയിം ചെയ്യുന്നവര്‍ അധികമായി കൈക്കലാക്കിയ 75 യൂറോ തിരിച്ചു പിടിക്കാനുള്ള നടപടികളും വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ 1 മില്യന്‍ സോഷ്യല്‍ വെല്‍ഫെയര്‍ ക്ലെയിമുകളുടെ വിശ്വാസ്യത പരിശോധിക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും റെവന്യൂ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായാണ് വെല്‍ഫെയര്‍ തട്ടിപ്പുകാരെ കുടുക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത്. 

രണ്ടു ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും യോജിച്ചുള്ള പരിശോധനയില്‍ അനധികൃതമായി തുക കൈപ്പറ്റിക്കൊണ്ടിരുന്ന നിരവധി പേരെ കണ്ടെത്താനായി. ഇതിലൂടെ അനധികൃതമായി ക്ലെയിം ചെയ്തുകൊണ്ടിരുന്ന 10 മില്യന്‍ യൂറോ സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചു പിടിക്കാനായി. അനധികൃതമായി വെല്‍ഫെയര്‍ ഫണ്ട് കൈക്കലാക്കിക്കൊണ്ടിരുന്ന 941 ഓളം പേരെയാണ് പരിശോധനയില്‍ കുടുക്കാനായത്. വെല്‍ഫെയര്‍ തട്ടിപ്പിന് പിടിക്കപ്പെട്ടവരില്‍ 275 പേര്‍ക്കെതിരെ ഈ വര്‍ഷം വിചാരണ നടപടികള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം പിടിക്കപ്പെട്ടവരെക്കാള്‍ നേരിയ വര്‍ദ്ധനവാണിത്. തട്ടിപ്പിന് പിടിക്കപ്പെട്ടവരില്‍ നിന്ന് തുക തിരികെ പിടിക്കാനും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ശിക്ഷാ നടപടികള്‍ വാങ്ങിക്കൊടുക്കാനും സാധിച്ചതായി സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

Scroll To Top