Saturday December 10, 2016
Latest Updates

ഓസിഐ കാര്‍ഡിന് തല്‍ക്കാലം അപേക്ഷിക്കരുതെന്ന് അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി,അപേക്ഷ തീര്‍പ്പാക്കാന്‍ അഞ്ചു മാസം താമസമെടുക്കും

ഓസിഐ കാര്‍ഡിന് തല്‍ക്കാലം അപേക്ഷിക്കരുതെന്ന് അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി,അപേക്ഷ തീര്‍പ്പാക്കാന്‍ അഞ്ചു മാസം താമസമെടുക്കും

ഡബ്ലിന്‍: ഓ സി ഐ കാര്‍ഡിനായി അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ക്ക് ഉടനെങ്ങും അത് ലഭിക്കുവാന്‍ സാധ്യതയില്ലെന്ന് അറിയിച്ചുക്കൊണ്ട് ഡബ്ലിനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ നയം വ്യക്തമാക്കി.മാത്രമല്ല പ്രതിസന്ധി പരിഹരിച്ചു തീരും വരെ ഓ സി ഐ കാര്‍ഡിന് ആരും അപേക്ഷിക്കരുതെന്നും എംബസി അയര്‍ലണ്ടിലെ ഇന്ത്യാക്കാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഓവര്‍സീസ് സിറ്റിസന്‍ഷിപ്പ് ഇന്ത്യ (ഓസിഐ) കാര്‍ഡുകളുടെ വിതരണം നിലച്ച സംഭവത്തില്‍ പൊതുജനങ്ങള്‍ക്ക് വിശദീകരണം നല്‍കവേയാണ് ഇന്ത്യന്‍ എംബസി ഈ വിവരം അറിയിച്ചത്. നിലവില്‍ ഡല്‍ഹിയില്‍ 23,000 ഓസിഐ കാര്‍ഡ് അപേക്ഷകള്‍ , കാര്‍ഡ് വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്.ഓസിഐ കാര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നതിനാവശ്യമായ പ്രിന്റിംഗ് സാമഗ്രികള്‍ ലഭ്യമല്ലാത്തതാണ് കാര്‍ഡുകളുടെ വിതരണം വൈകാന്‍കാരണമെന്ന് ഇന്ത്യന്‍ എംബസി വിശദീകരിച്ചു. പ്രിന്റിംഗ് സാമഗ്രികള്‍ ലഭിച്ചു തുടങ്ങിയാല്‍ ഓസിഐ കാര്‍ഡുകളുടെ വിതരണം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുംഅധികൃതര്‍ വ്യക്തമാക്കി.

കാര്‍ഡ് വിതരണം പുനരാരംഭിക്കാന്‍ ചുരുങ്ങിയത് ആറ് ആഴ്ച വരെ സമയമെടുക്കുമെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു. നിലവിലെ അപേക്ഷകള്‍ മുഴുവന്‍ തീര്‍പ്പാക്കാന്‍ മാത്രം 4 മുതല്‍ 5 മാസം വരെ കാലതാമസം എടുക്കാനിടയുണ്ട്. അപേക്ഷ നല്‍കിയ തീയതി മുതലാണ് കാലതാമസം കണക്കാക്കേണ്ടത്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നത് വരെ ഓസിഐ കാര്‍ഡുകള്‍ക്കായി പുതിയ അപേക്ഷകള്‍ നല്‍കരുതെന്നും ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു.

ഇപ്പോള്‍ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് കാര്‍ഡ് ലഭിക്കാന്‍ അഞ്ചു മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് എംബസി വ്യക്തമാക്കുന്നത്.

ഓസിഐ കാര്‍ഡ് ലഭിക്കുന്നത് വരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍താല്‍ക്കാലിക വിസയ്ക്ക് (ടൂറിസ്റ്റ് വിസ അല്ലെങ്കില്‍ എന്‍ട്രി വിസ)അപേക്ഷിക്കണമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഇത്തരം അപേക്ഷകര്‍ ഇന്ത്യയില്‍ നിന്ന് തിരിച്ച് എത്തിയതിനു ശേഷമോ, ഓസിഐ കാര്‍ഡുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസം പരിഹരിച്ചതിനു ശേഷമോ മാത്രം അപേക്ഷ നല്‍കണമെന്ന് എംബസി അധികൃതര്‍ അഭ്യര്‍ഥിച്ചു.

നിലവില്‍ ഓസിഐ കാര്‍ഡ് കൈവശമുള്ളവര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ‘യു വിസ സ്റ്റിക്കര്‍’ ഉള്ള പാസ്‌പോര്‍ട്ടും ഓസിഐ കാര്‍ഡും കയ്യില്‍ കരുതണമെന്നും ഇത് ഇന്ത്യയിലെ ഇമിഗ്രേഷന്‍ ചെക്ക് പോയന്റുകളില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഓസിഐ കാര്‍ഡ് കൈവശമുള്ളവര്‍ പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചാല്‍, ഇന്ത്യയിലേക്കുള്ള ഓരോ യാത്രയിലും പാസ്‌പോര്‍ട്ടും, പുതിയ പാസ്‌പോര്‍ട്ടും ഓസിഐ കാര്‍ഡും കൈവശം കരുതേണ്ടതാണ്. യു വിസ സ്റ്റിക്കര്‍ പുതിയ പാസ്‌പോര്‍ട്ടായി കണ്‍വേര്‍ട്ട് ചെയ്യുന്നതിനുള്ള സേവനങ്ങളും ലഭ്യമാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. എന്നാല്‍ ഇതിനു പുതിയ ഓസിഐ കാര്‍ഡിന് അപേക്ഷിക്കുന്ന അത്രയും കാലതാമസമുണ്ടാകുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി


Scroll To Top