Friday December 09, 2016
Latest Updates

ഓവര്‍ സ്പീഡിനും,സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും പെനാല്‍റ്റി പോയിന്റ് കൂടും പുതിയ ട്രാഫിക് നിയമങ്ങള്‍ നാളെ മുതല്‍ 

ഓവര്‍ സ്പീഡിനും,സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും പെനാല്‍റ്റി പോയിന്റ് കൂടും പുതിയ ട്രാഫിക് നിയമങ്ങള്‍ നാളെ മുതല്‍ 

ഡബ്ലിന്‍: അയര്‍ലണ്ടിലെ പുതിയ ട്രാഫിക് നിയമഭേദഗതികള്‍ നാളെ പ്രാബല്യത്തില്‍ വരും. റോഡ് ട്രാഫിക് ആക്റ്റ് 2014 പ്രകാരമാണ്  നിയമങ്ങള്‍ പരിഷ്‌ക്കരിച്ചത്. ഓവര്‍ സ്പീഡില്‍ സഞ്ചരിക്കുന്ന ഡ്രൈവര്‍മാരുടെ പെനാല്‍റ്റി പോയിന്റ് ഉയര്‍ത്തുമെന്നതാണ് നിയമഭേദഗതിയിലെ ഏറ്റവും പ്രധാന നിര്‍ദ്ദേശം.അമിതവേഗത്തില്‍ സഞ്ചരിക്കുന്നവരുടെ പെനാല്‍റ്റി പോയിന്റ് രണ്ടില്‍ നിന്ന് മൂന്നായി ഉയര്‍ത്താനാണ് പദ്ധതി. അമിത വേഗത്തിനു പുറമേ യാത്രക്കിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരുടെയും പെനാല്‍റ്റി പോയിന്റ് രണ്ടില്‍ നിന്ന് മൂന്നായി ഉയര്‍ത്തും. കുട്ടികളുള്ള വാഹനത്തില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്തവര്‍ക്കും പെനാല്‍റ്റി പോയിന്റ് രണ്ടില്‍ നിന്ന് മൂന്നായി ഉയരും.

ഫിക്‌സഡ് ചാര്‍ജ് നല്‍കാത്തവരുടെയും നിരന്തരം കേസില്‍പ്പെടുന്നവരുടെയും പെനാല്‍റ്റി പോയിന്റ് നാലില്‍ നിന്ന് അഞ്ചാകും. റോഡപകടങ്ങള്‍ക്ക് കാരണമായ ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തി അവയുടെ പെനാല്‍റ്റി പോയിന്റ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടിയാണ് ആദ്യം ചെയ്തതെന്ന് ഗതാഗത മന്ത്രി പാസ്‌ക്കല്‍ ഡൊണെഹ് പറഞ്ഞു. മറ്റ് ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തി അവയുടെ പെനാല്‍റ്റി പോയിന്റും ഈ വര്‍ഷം തന്നെ വര്‍ദ്ധിപ്പിക്കും. റോഡപകടങ്ങള്‍ കുറയ്ക്കാനും ട്രാഫിക് നിയമലംഘനം തടയാനും പെനാല്‍റ്റി പോയിന്റ് ഒരു പരിധി വരെ സഹായകമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പുതിയതായി ലൈസന്‍സ് കിട്ടുന്ന ഡ്രൈവര്‍മാര്‍ ആദ്യത്തെ രണ്ട് വര്‍ഷത്തേക്ക് ‘എന്‍’ ബോര്‍ഡ് സ്ഥാപിക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. പരിചയ സമ്പത്ത് കുറഞ്ഞ ഡ്രൈവര്‍മാരെ തിരിച്ചറിയുന്നതിനാണ് എന്‍ ബോര്‍ഡ്. എന്‍ ബോര്‍ഡ് ഡ്രൈവര്‍മാര്‍ക്ക് ഏഴ് പെനാല്‍റ്റി പോയിന്റ് കഴിഞ്ഞാല്‍ ആറ് മാസത്തേക്ക് ഡ്രൈവിംഗ് വിലക്ക് നേരിടും. ഓഗസ്റ്റ് 15 ന് ശേഷം ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കുന്ന ഡ്രൈവര്‍മാര്‍ക്കും ഏഴ് പെനാല്‍റ്റി പോയിന്റ് പരിധി ബാധകമാണ്.

Scroll To Top