Friday December 09, 2016
Latest Updates

ഓവര്‍ പേയ്‌മെന്റ് :36 ആശുപത്രികള്‍ക്ക് എച്ച്എസ്ഇ യുടെ ഫണ്ടിംഗ് നിര്‍ത്തലാക്കി

ഓവര്‍ പേയ്‌മെന്റ് :36 ആശുപത്രികള്‍ക്ക് എച്ച്എസ്ഇ യുടെ ഫണ്ടിംഗ് നിര്‍ത്തലാക്കി

ഡബ്ലിന്‍ :കാര്യനിര്‍വ്വഹണത്തില്‍ ഉത്തരവാദിത്വം കാണിക്കാതെ ഒഴിഞ്ഞുമാറിയ 36റോളം ആശുപത്രികള്‍ക്കും ഏജന്‍സികള്‍ക്കും  നല്‍കി വരുന്ന ഫണ്ടിംഗ് എച്ച്എസ്ഇ റദ്ദാക്കി. റോറ്റുണ്ട, ഹോള്‍സ് സ്ട്രീറ്റ് നാഷണല്‍ മെറ്റേര്‍ണിറ്റി ആശുപത്രികളും എച്ച്എസ്ഇയുടെ ഫണ്ടിംഗ് കട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എച്ച്എസ്ഇ നല്‍കിയിരുന്ന അവസാന ദിവസത്തിനുള്ളില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതിനാലാണ് ആശുപത്രികള്‍ക്കും ഏജന്‍സികള്‍ക്കും എതിരായി ഇത്തരത്തില്‍ ഒരു നടപടി എടുത്തത്.

സിആര്‍സി പെന്‍ഷന്‍ സംബന്ധിച്ചും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൂട്ടിയതു സംബന്ധിച്ചുമുള്ള വിവാദങ്ങള്‍ ശക്തമാകുന്ന സമയത്താണ് ജനുവരി 31നു മുന്‍പായി ശമ്പളവും അലവന്‍സും സംബന്ധിക്കുന്ന വിവരങ്ങള്‍ എച്ച്എസ്ഇക്കു മുന്‍പില്‍ ഹാജരാക്കാന്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയുടെ വിചാരണയക്കിടെ എച്ച്എസ്ഇ ആശുപത്രികളോട് ആവശ്യപ്പെട്ടത്. 38ഓളം ആശുപത്രികളോടും ഏജന്‍സികളോടും നല്‍കി വരുന്ന ശമ്പളത്തെക്കുറിച്ചും ശമ്പള വര്‍ദ്ധനവിനെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ എത്തിക്കാന്‍ എച്ച്എസ്ഇ അറിയിച്ചിരുന്നു.

നിലവിലുള്ള വേതന വ്യവസ്ഥിതിക്ക് എതിരായി സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും അലവന്‍സും വര്‍ദ്ധിപ്പിച്ച ഏജന്‍സികളുടെ ഫണ്ടും കട്ടാക്കിയിരിക്കുകയാണ്. പിഎസി അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ എച്ച്എസ്ഇയുടെ ഈ തീരുമാനത്തിന് ലഭിച്ചിട്ടുണ്ട്.
എച്ച്എസ്ഇയുടെ പേ പോളിസികള്‍ അനുസരിച്ച് ശമ്പളം നല്‍കാനുള്ള ഒരവസരമാണ് ജനുവരി 31 എന്ന ഡെഡ്‌ലൈന്‍ വഴി ആശുപത്രികള്‍ക്കും ഏജന്‍സികള്‍ക്കും നല്‍കിയതെന്നും എച്ച്എസ്ഇ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പല ആശുപത്രികളും ഏജന്‍സികളും എച്ച്എസ്ഇ ആവശ്യപ്പെട്ട വിവരങ്ങള്‍ പോലും നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.

സിഇഒ നിക്കോളാസ് ജെര്‍മിനും മറ്റ് സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ നിലയിലുള്ള ശമ്പളവും അലവന്‍സും മാത്രം അനുവദിക്കാനായി ഡബ്ലിനിലെ സെന്റ് വിന്‍സെന്റ് ആശുപത്രിക്ക് മാര്‍ച്ച് 31 വരെയാണ് എച്ച്എസ്ഇ സമയം അനുവദിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ പല ആശുപത്രികളും ശമ്പളവ്യവസ്ഥയില്‍ മാറ്റം വരുത്തിയിട്ടുമുണ്ട്.

ഇത്തരം നിയന്ത്രണങ്ങളും കട്ടുകളും എച്ച്എസ്ഇ കര്‍ശനമാക്കിയാല്‍ ഏജന്‍സികള്‍ രോഗികള്‍ക്കു കൂടുതല്‍ പ്രശ്‌നങ്ങള്‍ നല്‍കുമോ എന്നുള്ള ഭയവും എച്ച്എസ്ഇക്കുണ്ട്.
രോഗികളുടെ സുരക്ഷയാണ് ഇപ്പോള്‍ എച്ച്എസ്ഇയുടെ വലിയ പ്രശ്‌നമായി തുടരുന്നതെന്നാണ് എച്ച്എസ്ഇ ഡയറക്ടര്‍ ജനറല്‍ ടോണി ഒ’ബ്രിയാന്‍ പറഞ്ഞത്. എന്നാല്‍, തങ്ങള്‍ ഇത്തരം ശമ്പള വര്‍ദ്ധനവും അലവന്‍സും അനുവദിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top