Sunday December 11, 2016
Latest Updates

ഓര്‍മ്മക്കുറിപ്പുകള്‍ ഇല്ലാത്തവരുടെ ദിവസം 

ഓര്‍മ്മക്കുറിപ്പുകള്‍ ഇല്ലാത്തവരുടെ ദിവസം 

പോയ കാലം ഓര്‍ത്തെടുക്കാനാകാത്ത ഒരു കൂട്ടം നിസ്സഹായര്‍. ജീവിതത്തിന്റെ വെളിച്ചത്തില്‍ നിന്നും അറിയാതെ മറവിയുടെ ഇരുളിലേക്ക് മറഞ്ഞു പോയവര്‍ക്കായി ഒരു ദിവസം. ഓര്‍മകള്‍ അന്യമായി മറവിയുടെ ലോകത്ത് ഒറ്റപ്പെടുന്ന നിസ്സഹായരായ ജീവിതങ്ങളെ ഓര്‍ക്കാനും ഓര്‍മകളിലേക്ക് അവരെ കൈ പിടിച്ച് നടത്താനും ആഹ്വാനം ചെയ്തു കൊണ്ടാണ് ലോകമെമ്പാടും ഇന്ന് (സെപ്റ്റംബര്‍ 21 ) അല്‍ഷിമേഴ്‌സ് ദിനം ആചരിക്കുന്നത്.

3malzheimers2അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പിടിയിലകപ്പെട്ട് കുടുംബ ബന്ധങ്ങളില്‍ നിന്നും അകന്ന് പോയവര്‍ ഇന്ന് സമൂഹത്തിലേറെയുണ്ട്. ഈ രോഗം ബാധിക്കുന്നതോടെ ജീവിതത്തിലേക്ക് പിന്നീടൊരു മടങ്ങിവരവ് സാധ്യമാകാറില്ല. 1906ല്‍ ജര്‍മ്മന്‍ സൈക്യാട്രിസ്റ്റ് ആയ അലോയ്‌സ് അല്‍ഷിമര്‍ ആണ് ഈ രോഗത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പ്രത്യേക രോഗം ഇദ്ദേഹത്തിന്റെ പേരിലൂടെ ലോകത്ത് അറിയപ്പെട്ടു. ലോകമെമ്പാടുമായി 26.6 മില്ല്യണിലേറെ ജനങ്ങള്‍ അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പിടിയിലായതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2050ആകുന്നതോടെ 85 ല്‍ ഒരാള്‍ അല്‍ഷിമേഴ്‌സ് രോഗബാധിതനാകുമെന്നും കണക്കുകള്‍ പറയുന്നു.

അറുപത്തിയഞ്ച് വയസ്സ് കഴിഞ്ഞവരെയാണ് അല്‍ഷിമേഴ്‌സ് രോഗം സാധാരണയായി കീഴടക്കി വരുന്നത്. പുരുഷന്‍മാരേക്കാള്‍ വേഗത്തില്‍ സ്ത്രീകളില്‍ അല്‍ഷിമേഴ്‌സ് ഗുരുതരമാകുമെന്നും ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട് .. ഒരേ പ്രായത്തിലുളള പുരുഷന്‍മാരേക്കാള്‍ പെട്ടന്ന് സ്ത്രീകളില്‍ രോഗം ഗുരുതരമാകുന്നതായിട്ടാണ് പഠനങ്ങള്‍ വ്യക്ത മാക്കുന്നത്.തൊട്ടു മുന്‍പ് നടന്ന കാര്യത്തെ കുറിച്ച് പോലും ഓര്‍ക്കാന്‍ കഴിയാതെ വരികയാണ് രോഗത്തിന്റെ ആദ്യ സൂചന. അധികവും വാര്‍ധക്യ സഹജമായാണ് അല്‍ഷിമേഴ്‌സ് രോഗം പിടിപെടുന്നതെങ്കിലും ജോലിയിലെ അധികഭാരവും സ്‌ട്രെസ്സും പലരെയും അല്‍ഷിമേഴ്‌സ് രോഗികളാക്കി മാറ്റുന്നുണ്ട്. കൂടാതെ ഇതിനെ ഒരു ഫാമിലി രോഗമായും യു എസ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കണക്കാക്കി വരുന്നുണ്ട്. കുടുംബത്തിലെ പ്രിയപ്പെട്ട ആളുടെ രോഗാവസ്ഥ കണ്ടിരിക്കേണ്ടി വരിക മറ്റൊരംഗത്തെയും ഈ രോഗത്തിലേക്ക് തള്ളിവിടാനുള്ള സാധ്യത കൂടുതലാണെന്നാണ് യു എസ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

കഴിഞ്ഞു പോയ നല്ല നാളുകളിലെ ഓര്‍മ്മകള്‍ കൂടിയാണ് ഒരുവനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നിരിക്കെ, അബോധതലങ്ങളില്‍ തളയ്ക്കപ്പെട്ട് എപ്പോഴോ മിന്നിമറയുന്ന ഓര്‍മകള്‍ മാത്രം സ്വന്തമായുള്ള ആ ജീവിതങ്ങളെ, നമുക്ക് മറക്കാതിരിക്കാം.അത്തരം ജീവിതങ്ങളെ സാന്ത്വന സ്പര്‍ശമേകി മുന്നോട്ട് നയിക്കുന്നവരെ നമുക്ക് ആദരിക്കാം .

Scroll To Top