Monday December 05, 2016
Latest Updates

ഓപ്പറേഷന്‍ കുബെരയില്‍ ബ്ലേഡുകാരനായ എഎസ്‌ഐ അറസ്റ്റില്‍

ഓപ്പറേഷന്‍ കുബെരയില്‍ ബ്ലേഡുകാരനായ എഎസ്‌ഐ അറസ്റ്റില്‍

പാലക്കാട്: പോലീസിലും ബ്ലേഡ് മാഫിയയുമായി ബന്ധമുള്ളവരുണ്ടെന്ന്  കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുറന്നു സമ്മതിച്ചിരുന്നു. ചെന്നിത്തലയുടെ പരാമര്‍ശം ശരിവച്ചു കൊണ്ട് ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഒരു പോലീസുകാരനും അറസ്റ്റിലായി. പാലക്കാട് ജില്ലയിലെ എഎസ്‌ഐ ആണ് അറസ്റ്റിലായത്. പാലക്കാട് എ.ആര്‍ ക്യാമ്പിലെ എഎസ്‌ഐ ടി.എ ജോസഫാണ് അറസ്റ്റിലായത്.

ഇയാള്‍ അമിത പലിശ ഈടാക്കി പണമിടപാട് നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ജോസഫ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 38 ഒപ്പിട്ട ബ്‌ളാങ്ക് ചെക് ലീഫ്, സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട 27 വെള്ള പേപ്പര്‍, ആറ് എഗ്രിമെന്റ് കോപ്പികള്‍, മുദ്രപത്രത്തിന്റെ 10 അനുബന്ധ രേഖകള്‍, ആധാരം, ആര്‍.സി ബുക്ക്, വിവിധ തുകയുടെ മുദ്രപത്രങ്ങള്‍ എന്നിവ കണ്ടെടുത്തു. ചേലക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളുടെ വീട് റെയ്ഡ് ചെയ്തത്.

പോലീസിന്റെ തലപ്പത്തെ ഉന്നതര്‍ക്ക് പോലും ബ്ലേഡ് മാഫിയയുമായി ബന്ധമുണ്ടെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കിയിരുന്നു. ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ബ്ലേഡ് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു വന്നത്.

അതിനിടെ തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത അഞ്ചംഗ കുടുംബത്തിന്റെ പരാതി പോലീസ് അവഗണിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ബ്ലേഡ് മാഫിയയ്‌ക്കെതിരെ ഇവര്‍ നല്കിയ പരാതി പോലീസ് അവഗണിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിജിപി പത്മകുമാറിനോട് നിര്‍ദ്ദേശിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

Scroll To Top