Sunday December 04, 2016
Latest Updates

ഓണചിത്രങ്ങള്‍ വൈഡ് റിലീസ് ചെയ്യും 

ഓണചിത്രങ്ങള്‍ വൈഡ് റിലീസ് ചെയ്യും 

കൊച്ചി: ഓണച്ചിത്രങ്ങള്‍ വൈഡ് റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളും വിതരണക്കാരും ഒരുങ്ങുന്നു. എ ക്ലാസ് തിയെറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ എതിര്‍പ്പ് വകവയ്ക്കാതെ പരമാവധി തിയെറ്ററുകളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാനാണു തീരുമാനം.

ചിത്രങ്ങളുടെ പ്രചാരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കേണ്ടെന്ന മുന്‍തീരുമാനം യോഗം പിന്‍വലിച്ചു. വന്‍കിട നിര്‍മാതാക്കളുടെയും ഒരു വിഭാഗം വിതരണക്കാരുടെയും ഇടപെടലാണു ഫ്‌ളക്‌സ് ബോര്‍ഡ് നിരോധം അട്ടിമറിച്ചത്.
ഇപ്പോള്‍ തിയെറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ബാഹുബലി വൈഡ് റിലീസ് ചെയ്യുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫെഡറേഷന്റെ എതിര്‍പ്പിനാല്‍ നീക്കം ഉപേക്ഷിച്ചിരുന്നു. പ്രേമത്തിന്റെ വ്യാജ പകര്‍പ്പ് ചോര്‍ന്നതിലെ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് ഫെഡറേഷന്‍ രണ്ടുദിവസം തിയെറ്ററുകള്‍ അടച്ചിട്ടതും ബാഹുബലിയുടെ വൈഡ് റിലീസ് തടയാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഓണച്ചിത്രങ്ങളുടെ കാര്യത്തില്‍ വൈഡ് റിലീസ് നീക്കത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരും വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നത്.

വൈഡ് റിലീസ് സംബന്ധിച്ച് കോംപറ്റീഷന്‍ കമ്മിഷന്‍ ഒഫ് ഇന്ത്യയുടെ അനുകൂല വിധി മുന്‍നിര്‍ത്തി വൈഡ് റിലീസ് ആവശ്യം നടപ്പാക്കിയെടുക്കാമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കളും വിതരണക്കാരും. പരിസ്ഥിതി മലിനീകരണം മുന്‍നിര്‍ത്തി ഫ്‌ളക്‌സ് ബോര്‍ഡ് ഒഴിവാക്കാനുള്ള മുന്‍തീരുമാനത്തെ വന്‍കിട നിര്‍മാതാക്കളില്‍ ചിലര്‍ യോഗത്തില്‍ എതിര്‍ത്തു. സൂപ്പര്‍താര ചിത്രങ്ങളുടെ പതിവു നിര്‍മാതാക്കളും ഇവരെ അനുകൂലിക്കുന്ന വിതരണക്കാരുമാണ് ഫ്‌ളക്‌സ് ബോര്‍ഡ് നിരോധനത്തെ എതിര്‍ത്തത്.


Scroll To Top