Saturday December 03, 2016
Latest Updates

ഒറ്റ ഘട്ടമായി നവംബറില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ 

ഒറ്റ ഘട്ടമായി നവംബറില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ 

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രൂപീകരിച്ചതടക്കമുള്ള എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നവംബറില്‍ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും. പുതിയ നഗരസഭകള്‍ രൂപീകരിച്ച് വിജ്ഞാപനം ഇറങ്ങിയതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തിയതി നിശ്ചയിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിടവിട്ട ജില്ലകളിലായി രണ്ടു ദിവസമായാണ് വോട്ടെടുപ്പ്. ശബരിമല സീസണ് മുമ്പായി നവംബര്‍ ആദ്യം തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്റെ ശ്രമം.

പുതുതായി രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും പുന:ക്രമീകരണം നടത്തിയ കൊല്ലം കോര്‍പറേഷനിലും പുതിയ വാര്‍ഡ് അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ശേഷിക്കുന്ന 935 ഗ്രാമപ്പഞ്ചായത്ത്, 122 ബ്ലോക്ക് പഞ്ചായത്ത്, ഒരു ജില്ലാ പഞ്ചായത്ത്, നാലു കോര്‍പറേഷന്‍, 58 മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 2010ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തിലും തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ ഒന്നിന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 നാണ് നിലവിലുള്ള ഭരണസമിതികളുടെ കാലാവധി തീരുന്നത്. ഭരണഘടനാപ്രകാരം നവംബര്‍ ഒന്നിന് തദ്ദേശസ്ഥാപനങ്ങളിലെ പുതിയ ഭരണസമിതികള്‍ നിലവില്‍ വരണം. ഇതിന് ചില സാങ്കേതികതടസങ്ങളുണ്ട്.

പുതുതായി രൂപീകരിക്കപ്പെട്ട മുനിസിപ്പാലിറ്റികളില്‍ ഉള്‍പ്പെട്ട് കിടക്കുന്ന 30 ബ്ലോക്ക് പഞ്ചായത്തുകളാണ് പുന:ക്രമീകരിക്കേണ്ടത്. ഇതിന് അനുബന്ധമായി തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലാ പഞ്ചായത്തുകളുടെയും ഡിവിഷനുകള്‍ വിഭജിക്കേണ്ടിവരും. ഇതിന് വരുന്ന കാലതാമസമാണ് തെരഞ്ഞെടുപ്പ് നവംബറിലേക്ക് മാറ്റാന്‍ ഇടയാക്കിയത്. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ഈ ആഴ്ച വാര്‍ഡ് പുനര്‍നിര്‍ണയസമിതി യോഗം ചേരും. വാര്‍ഡ് പുന:ക്രമീകരണത്തിന്റെ പുരോഗതി വിലയിരുത്തിയശേഷമായിരിക്കും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. ശബരിമല സീസ ണ്‍ ഉള്‍പ്പെടെ ആശങ്കയറിയിച്ച വിഷയങ്ങള്‍ പരിശോധി ക്കും. ഇനിയും പല വിഷയങ്ങളിലും സര്‍ക്കാരുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള സൗകര്യത്തിന് വേണ്ടിയാണ് രണ്ടു ദിവസമായി തെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് വന്‍ചെലവ് വരും. കൂടാതെ ആദ്യ വോട്ടെടുപ്പ് രണ്ടാമത്തെ വോട്ടെടുപ്പിനെ സ്വാധീനിക്കാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് തിയതിക്ക് ഒരു മാസം മുമ്പു തന്നെ വിജ്ഞാപനം പുറപ്പെടുവിക്കണം. അതിന് മുമ്പ് വാര്‍ഡ് പുനര്‍നിര്‍ണയമടക്കമുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഭരണഘടനാപരമായി നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണെങ്കിലും പുതിയ 28 മുനിസിപ്പാലിറ്റികളുടെ രൂപീകരണം ഹൈക്കോടതി അംഗീകരിച്ചത് അവഗണിക്കാനാവില്ലെന്ന് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.

Scroll To Top