Saturday December 03, 2016
Latest Updates

ഒറ്റമന്ദാരം … സുജാതയും മകളും ഒന്നിയ്ക്കുന്നു 

ഒറ്റമന്ദാരം … സുജാതയും മകളും ഒന്നിയ്ക്കുന്നു 

തിരുവനന്തപുരം:റീലീസിനു മുമ്പ് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ വിനോദ് മങ്കരയുടെ ഒറ്റമന്ദാരത്തില്‍ മികച്ച ഗാനം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ഇത് ജീവിതത്തില്‍ ഏറ്റവും സ്‌പെഷ്യലായ ഗാനങ്ങളിലൊന്നാണെന്നും ഗായിക സുജാത.

ഒറ്റമന്ദാരം എന്ന ചിത്രത്തിന്റെ ഓഡിയോ സിഡിയുടെ പ്രകാശന വേളയിലാണ് സുജാത ഇങ്ങനെ പറഞ്ഞത്.മാമ്പൂ പൊഴിക്കുന്ന കാറ്റേ… എന്ന ഗാനമാണ് സുജാത പാടി അനശ്വരമാക്കിയത്. രമേഷ് നാരായണിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ഗാനം സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിസ്മയങ്ങളിലൊന്നാണ്.

മകള്‍ ശ്വേതയും ഈ ചിത്രത്തില്‍ ഒരു പാട്ടു പാടുന്നുണ്ട്. ഞാനും മകളും ഒരു ചിത്രത്തില്‍ ഒരുമിച്ചു പാടുന്നത് ആദ്യമായാണ്. അതിന്റെ സുഖവുമുണ്ട്.ശ്വേത പാടിയ ഒന്നാം കൊമ്പത്തെ എന്ന ഗാനം താഴെ കേള്‍ക്കാം

 
സംഗീത സംവിധായകന്‍ രമേഷ് നാരായണും ഗാനരചയിതാവ് വിനോദ് മങ്കരയും വര്‍ഷങ്ങളായി ആത്മസുഹൃത്തുക്കളാണ്. ആ സൗഹൃദത്തിന്റെ മനോഹാരിതയും പാട്ടു പാടുമ്പോള്‍ എന്നെ പുതിയ ഉയരങ്ങളിലേക്ക് പോകാന്‍ അനുഗ്രഹിച്ചുവെന്നു സുജാത പറഞ്ഞു.

സിനിമയില്‍ പാട്ടിനു പകരം പേക്കൂത്തുകള്‍ മാത്രം കേള്‍ക്കുന്ന ഇക്കാലത്ത് മനസ്‌സില്‍ സംഗീതവും കവിതയുമുള്ള ഒരു സംവിധായകനെ കിട്ടിയതുകൊണ്ടു മാത്രമാണ് ഈ ഗാനങ്ങള്‍ ചിട്ടപ്പെടുത്താനായതെന്ന് രമേഷ് നാരായണ്‍ പറഞ്ഞു.

ഗാനങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ട്. അതു പക്ഷേ, ഉപയോഗപ്പെടുത്താന്‍ കഴിയുന്ന സംവിധായകര്‍ ഇല്ലാതെ പോകുന്നതാണ് ദുരന്തം. അത്തരത്തില്‍ നോക്കിയാല്‍ വിനോദ് മങ്കര എന്ന സിനിമാ സംവിധായകനും ഗാനരചയിതാവുമായ വ്യക്തി മലായളത്തിന് ഒരു പുതിയ സൗഭാഗ്യമാണെന്ന് രമേഷ് നാരായണ്‍ പറഞ്ഞു.

മനോരമ മ്യൂസിക് പുറത്തിറക്കുന്ന ഗാനങ്ങളുടെ സിഡി പ്രകാശനം ചിത്രത്തിലെ നായികാനായകന്മാരായ ഭാമയും നന്ദുവും ചേര്‍ന്നു നിര്‍വഹിച്ചു. തിരുവനന്തപുരം പ്രസ് ക്‌ളബില്‍ നടന്ന ചടങ്ങില്‍ സുജാത ആദ്യ കോപ്പി ഏറ്റുവാങ്ങി.

നടന്‍ ശങ്കര്‍ രാമകൃഷ്ണന്‍, സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍, കാമറാമാന്‍ ഉദയന്‍ അമ്പാടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

നാല്പതോളം സുഹൃത്തുക്കളുടെ കൂട്ടായ യത്‌നത്തിന്റെ സാഫല്യമാണ് ഈ ചിത്രമെന്ന് സംവിധായകന്‍ വിനോദ് മങ്കര പറഞ്ഞു. മെലഡിയുടെ വസന്തകാലം മലയാളത്തില്‍ തിരിച്ചുവരാന്‍ താന്‍ നിമിത്തമായെങ്കില്‍ അതില്‍ സന്തോഷിക്കുന്നുവെന്നും വിനോദ് പറഞ്ഞു.

Scroll To Top