Wednesday December 07, 2016
Latest Updates

ഒരു മില്യന്റെ തട്ടിപ്പ് മറയ്ക്കാന്‍ സെന്റ് വിന്‍സന്റ്റ്‌സ് ആശുപത്രി ശ്രമിച്ചെന്നു ആരോപണം :വിവാദം കൊഴുക്കുന്നു

ഒരു മില്യന്റെ തട്ടിപ്പ് മറയ്ക്കാന്‍ സെന്റ് വിന്‍സന്റ്റ്‌സ് ആശുപത്രി ശ്രമിച്ചെന്നു ആരോപണം :വിവാദം കൊഴുക്കുന്നു

ഡബ്ലിന്‍ : ചാരിറ്റി ഫണ്ട് ഉപയോഗിച്ച് മാനേജ്‌മെന്റിലെ ഉന്നതര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചു എന്ന വിവാദത്തിനു പിന്നാലെ സെന്റ് വിന്‍സെന്റ് ആശുപത്രിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി സ്വതന്ത്ര സെനറ്റര്‍ ജോണ്‍ ക്രൗണ്‍ വീണ്ടും രംഗത്തെത്തി.. സര്‍ക്കാര്‍ ,ആശുപത്രിക്കു സൗജന്യമായി നല്‍കിയ കാന്‍സര്‍ മരുന്നുകള്‍ ഹെല്‍ത്ത് ഇന്‍ഷുറേര്‍സിന് 1മില്ല്യന്‍ യൂറോയ്ക്ക് നല്‍കിയെന്ന ആരോപണവുമായാണ് ക്രൗണ്‍ രണ്ടാമതും രംഗത്തെത്തിയത്.

ഈ 1 മില്ല്യന്‍ യൂറോ തട്ടിപ്പ് മറച്ചുവയ്ക്കാനായി ആശുപത്രി അധികൃതര്‍ ആയിരക്കണക്കിനു യൂറോ ചിലവാക്കിയിട്ടുണ്ടെന്നും ക്രൗണ്‍ ആരോപിക്കുന്നുണ്ട്. വളരെ മുന്നേ തുടങ്ങിയ ഈ തട്ടിപ്പിനെ അത്തരത്തില്‍ പണം കൊണ്ട് ആശുപത്രി അധികൃതര്‍ മൂടിവയ്ക്കുകയായിരുന്നുവെന്നും ക്രൗണ്‍ പറഞ്ഞു.
വിഎച്ച്‌ഐ ഉള്‍പ്പെടെയുള്ള ഇന്‍ഷുറേര്‍സ് കമ്പനികളില്‍ നിന്നും ഇത്തരത്തില്‍ സൗജന്യ കാന്‍സര്‍ മരുന്നുകള്‍ക്ക് ചാര്‍ജ് ഈടാക്കിയിട്ടുണ്ടെന്നും സെനറ്റര്‍ ക്രൗണ്‍ ഇന്നലെ പാര്‍ലിമെന്റിന്റെ അപ്പര്‍ ഹൗസില്‍ സംസാരിക്കവേ തുറന്നുപറഞ്ഞിരുന്നു.

പല റിസര്‍ച്ചു പ്രൊഗ്രാമുകളും കഴിഞ്ഞുപോയതറിയാതെയും ആശുപത്രി ഇപ്പോഴും അതില്‍ പലതിനും പണം ചിലവഴിക്കുന്നുണ്ടെന്നും സെന്റ് വിന്‍സെന്റ് ആശുപത്രിയില്‍ തന്നെ മെഡിക്കല്‍ ഓങ്കോളജിസ്റ്റായി ജോലി ചെയ്യുന്ന പ്രൊഫസര്‍ ക്രൗണ്‍ പറയുന്നു.

ഇത്തരത്തില്‍ മാത്രമേ അവര്‍ക്ക് കൂടുതല്‍ തുകയുടെ ബില്ലിംഗ് നടത്താന്‍ സാധിക്കുന്നുള്ളുവെന്നും അത്തരത്തില്‍ തന്നെയാണ് വിഎച്ച്‌ഐ പോലുള്ള ഇന്‍ഷുറര്‍മാരില്‍ നിന്നും ഈടാക്കിയ തുക മറച്ചുവച്ചതെന്നും ക്രൗണ്‍ ആരോപിച്ചു.
ലോക്കല്‍ ഗവണ്‍മെന്റ് റിഫോം ബില്ല് അവതരിപ്പിച്ചു കഴിഞ്ഞ ശേഷമാണ് ക്രൗണ്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ആയിരക്കണക്കിന് പണം ഇത്തരത്തില്‍ അഴിമതി മൂടിവയ്ക്കാനായി ഇവിടെ ഉപയോഗിച്ചുവെന്നും ക്രൗണ്‍ ആരോപിക്കുന്നുണ്ട്.
ബ്രസ്റ്റ് കാന്‍സറിന് നല്‍കി വരുന്നതാണ് ഈ മരുന്ന്. ശക്തമായ തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ അത് വകുപ്പിലെ സെക്രട്ടറി ജനറലിന് കൈമാറണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ജെയിംസ് റൈലി ക്രൗണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ ക്രൗണിന്റെ പക്കല്‍ ഉണ്ടെങ്കില്‍ അത് മാനേജ്‌മെന്റിനു കൂടി കൈമാറണമെന്ന് കാണിച്ച് സെന്റ് വിന്‍സെന്റ് ചെയര്‍മാന്‍ നോല്‍ വീലന്‍ കത്തിലൂടെ പ്രൊഫസര്‍ ക്രൗണിനെ അറിയിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയില്‍ സെന്റ് വിന്‍സെന്റ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് പറഞ്ഞിരുന്നു.

ഇപ്പോള്‍ പ്രൊഫസര്‍ ക്രൗണ്‍ ആരോപിക്കുന്ന കാര്യങ്ങളുടെ കാഠിന്യത്തെക്കാള്‍ പ്രധാനപ്പെട്ടത് ക്രൗണ്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാനേജ്‌മെന്റിന് കൈമാറുകയാണ് വേണ്ടതെന്നും പ്രൊഫസര്‍ വീലന്‍ കൂട്ടിച്ചേര്‍ത്തു.

പുതുതായി വിവരങ്ങള്‍ സെന്റ് വിന്‍സെന്റ് ആശുപത്രിക്കു ലഭിക്കുകയാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് നീങ്ങാന്‍ സാധിക്കുമെന്നും വീലന്‍ പറഞ്ഞു.
വിഎച്ച്‌ഐക്ക് 1മില്ല്യന്‍ യൂറോയോളം തിരികെ നല്‍കാന്‍ ആശുപത്രി തീരുമാനിച്ചിട്ടുണ്ടെന്ന് സെന്റ് വിന്‍സെന്റ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് നിക്കി ജെര്‍മിന്‍ അറിയിച്ചു.

Scroll To Top