Friday December 09, 2016
Latest Updates

ഒരു ബേക്കറിയുടെ ജനപിന്തുണ

ഒരു ബേക്കറിയുടെ ജനപിന്തുണ

ഒരു ബേക്കറി പൊളിച്ചു മാറ്റരുതെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരുടെ കൂട്ടഹര്‍ജി .ഡബ്ലിന്‍ മൂര്‍ സ്ട്രീറ്റിലെ പാരിസ് ബേക്കറിയെ രക്ഷിക്കാനായി 3000ത്തില്‍പ്പരം ആളുകളാണ് പെറ്റീഷനില്‍ ഒപ്പുവച്ചത്. കഴിഞ്ഞ ആഴ്ച്ചയാണ് മൂര്‍ സ്ട്രീറ്റിലെ ബേക്കറി പൊളിച്ചുമാറ്റരുതെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പെറ്റീഷന്‍ സമര്‍പ്പിക്കപ്പെട്ടത്.
രുചികരമായ വിഭവങ്ങളും കണ്ണിനും വയറിനും പ്രിയമേകുന്ന കേക്കുകളും മറ്റുമായി തുറന്നു പ്രവര്‍ത്തിക്കുന്ന മൂര്‍ ബേക്കറിയുടെ പതനത്തിന് കാരണമായത് എന്താണ്?

ഡബ്ലിന്‍ സിറ്റി സെന്ററിന്റെ 900മില്ല്യന്‍ യൂറോ ചിലവഴിച്ചുള്ള പുനക്രമീകരണത്തിനു വേണ്ടിയാണ് ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട മൂര്‍സ്ട്രീറ്റ് ബേക്കറി പൊളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കേവലം ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ 3,000ത്തോളംപേരാണ് ഇത് പൊളിച്ചുമാറ്റരുതെന്ന പെറ്റീഷനില്‍ ഒപ്പുവച്ചത്. 70തു പേരുടെ ജോലി നഷ്ടമാകാനും ബേക്കറി ഇല്ലാതാവുന്നത് കാരണമാവും.
ഇപ്പോള്‍ പുരോഗമന പരിപാടികളില്‍ മൂര്‍സ്ട്രീറ്റിലെ 14 മുതല്‍ 17വരെയുള്ള ഭാഗം പുരാവസ്തു വിഭാഗത്തിലാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഇതേകാലയളവില്‍ നിര്‍മ്മിച്ചിരിക്കുന്ന 18 മുതല്‍ 19വരെയുള്ള ഭാഗങ്ങള്‍ പൊളിച്ച് പദ്ധതിയുടെ ഭാഗമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെയാണ് പാരിസ് ബേക്കറിയും സ്ഥിതിചെയ്യുന്നത്.
ഷോപ്പിംഗ് സെന്റര്‍ പുതുക്കിത്തീര്‍ക്കാനുള്ള അനുവാദം ചാര്‍ട്ടേഡ് ലാന്‍ഡിന് ലഭിച്ചത് 2010ലാണ്. എന്നാല്‍ ഇതുവരെയായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒന്നും ആരംഭിച്ചിട്ടില്ല. മാത്രമല്ല, സൈറ്റ് ഇപ്പോള്‍ നാമയുടെ ഭാഗവുമാണ്.

എന്നാല്‍ ഇപ്പോള്‍ പാരിസ് ബേക്കറിയുടെ അണിയറയിലുള്ളവര്‍ക്ക് ആശ്വാസം തോന്നുകയാണ്. അത്തരത്തിലാണ് ജനങ്ങള്‍ ഇതിനെതിരായി പ്രതികരിച്ചിരിക്കുന്നത്. ആയിരങ്ങള്‍ ഇതിനോടകം തന്നെ ബേക്കറിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ടന്നും ഇപ്പോഴും തങ്ങള്‍ക്ക് ഫേസ്ബുക്ക് വഴിയും ട്വിറ്റര്‍ വഴിയും ആളുകളുടെ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നുണ്ടെന്നും പാരിസ് ബേക്കറിയുടെ ഓപറേഷണല്‍ മാനേജര്‍ സ്റ്റീഫന്‍ കണ്ണിംഗ്ഹാം പറഞ്ഞു.

ഇപ്പോള്‍ ഏതു തരത്തിലാണ് ഈ പൊളിച്ചുമാറ്റത്തിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും ഇതോടെ 70 കുടുംബങ്ങളാണ് ജോലിയില്ലാതെ കഷ്ടത്തിലാവാന്‍ പോവുന്നതെന്നും കണ്ണിംഗ്ഹാം കൂട്ടിച്ചേര്‍ത്തു. ഏതായാലും ഇപ്പോള്‍ ഉപഭോക്താക്കള്‍ ബേക്കറിയുടെ രക്ഷയ്ക്കായി എത്തിയിരിക്കുകയാണ്.

Scroll To Top