Saturday December 10, 2016
Latest Updates

ഒരു പ്രവാസിയുടെ സ്വാതന്ത്ര്യദിന ചിന്തകള്‍ 

ഒരു പ്രവാസിയുടെ സ്വാതന്ത്ര്യദിന ചിന്തകള്‍ 

ഇന്ന് സ്വാതന്ത്ര്യ ദിനം. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍.പഠിക്കുന്നകാലത്ത് ഈ ദിവസം രാവിലെ സ്‌കൂളില്‍ പോയി പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കും. 

ടീച്ചര്‍മാര്‍ തലേദിവസം തന്നെ അലമാരയില്‍ നിന്ന് പതാകയെടുത്തു പൊടിതട്ടി വയ്കും. പിന്നെ അതിലേക്കു ചെറിയ കഷ്ണങ്ങളായി മുറിച്ച വര്‍ണക്കടലാസുകളും പൂക്കളും നിറച്ചു മടക്കി വയ്ക്കും .ഒരു പ്രത്യേക രീതിയിലാണ് മടക്കുക. 

പിറ്റേന്ന് ഞങ്ങളൊക്കെ അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ ഹെഡ്മാസ്റ്റര്‍ പതാക ഉയര്‍ത്തും. വളരെ ശ്രദ്ധിച്ചു അദ്ദേഹം ചരട് വലിച്ചു പതാക മെല്ലെ ഉയര്‍ത്തും.ഞങ്ങള്‍ ആകാംക്ഷയോടെ തല ഉയര്‍ത്തി വര്‍ണക്കടലാസുകളും പൂക്കളും വീഴുന്നത് കാണാന്‍ കാത്തുനില്‍ക്കും. എന്നാല്‍ ഹെഡ്മാസ്റ്റര്‍ ഇത്തിരി കഷ്ടപ്പെടും പതാക ഒന്ന് വിടര്‍ന്നു കിട്ടാന്‍. പതാക വിടര്‍ന്നു അതില്‍ നിന്ന് വര്‍ണക്കടലാസുകളും പൂക്കളും വീഴുന്നത് കാണുമ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ നിറയുന്ന സന്തോഷം വാക്കുകള്‍ക്കതീതമാണ്.

ദേശഭക്തി ഗാനങ്ങളും പ്രതിജ്ഞകളും ഉറക്കെ ഉറക്കെ ഉത്സാഹത്തോടെ നിറഞ്ഞ പുഞ്ചിരിയോടെ ഏറ്റു പറയും.ഹെഡ്മാസ്റ്റര്‍ ധീരദേശാഭിമാനികളെ പറ്റി പ്രസംഗിക്കും.മഹാത്മജി , ജവഹര്‍ലാല്‍ നെഹ്‌റു , സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവരുടെ മുഖം മനസ്സില്‍ മിന്നിമറയും. പിന്നെ എല്ലാവര്‍ക്കും മുട്ടായി കിട്ടും. അതിന്റെ മധുരം നുണഞ്ഞുകൊണ്ടുള്ള മടക്കം.

ഓര്‍മ്മകളില്‍ സ്വാതന്ത്ര്യ ദിനം എന്നും സിരകളില്‍ ലഹരി വിടര്‍ത്തുന്ന ഒരോര്‍മ്മയാണ്.സ്വാതന്ത്ര്യദിനം മാത്രമല്ല ഈ പ്രവാസദേശത്ത് എന്റെ നാടിനെ കുറിച്ചുള്ള ഓരോ ഓര്‍മ്മകളും എനിക്ക് ലഹരിയാണ്.ചിലപ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട് ,ജനഗണമന കേള്‍ക്കുമ്പോല്‍ എന്റെ കണ്ണില്‍ കണ്ണീര്‍ നിറയുന്നതെന്തു കൊണ്ടാണെന്ന് ?സാരേ ജഹാംസെ അച്ചാ പാടുമ്പോള്‍ എന്റെ മനം ആഹ്ലാദം കൊണ്ട് നിറയുന്നതെന്തു കൊണ്ടാണെന്ന് ?

സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും യൂ ടൂബില്‍ ദേശീയ ഗാനം ഞാന്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ എന്റെ മക്കളെ അടുത്തു നിര്‍ത്താറുണ്ട്.ഒപ്പം ആ സ്വാതന്ത്ര്യ ഗീതികള്‍ പാടാറുണ്ട്.ഹിന്ദു ദേശ് കേ നിവാസി എന്ന ഗാനം എപ്പോള്‍ കേട്ടാലും എന്റെ കണ്ണ് നിറഞ്ഞൊഴുകും.അപ്പോള്‍ മക്കള്‍ എന്നോട് ചോദിക്കും ‘അച്ഛനെന്താ പാട്ട് കേട്ട് കരയുന്നത് ?

ഈ പ്രവാസദേശത്തു നിന്ന് അവര്‍ക്ക് എന്റെ കണ്ണില്‍ നിന്നൊഴുകുന്ന കണ്ണീരിന്റെ അര്‍ഥം എങ്ങനെ മനസിലാവാനാണ്? ഞാന്‍ എന്റെ ഇന്ത്യയെകുറിച്ചു ഓര്‍ക്കുമ്പോള്‍ എന്റെ ഉള്ളില്‍ നിറയുന്ന സന്തോഷം അടുത്ത തലമുറയ്ക്ക് അന്യമാവുകയാണോ ?പ്രവാസി ഇന്ത്യാക്കാരന്‍ അടുത്ത തലമുറയ്ക്ക് സംസ്‌കാരവും ,ഭാഷയും കൈമാറുന്നത് മറന്നു പോവുകയാണോ?

എന്തിനേറെ പറയാന്‍ ,ഡബ്ലിനില്‍ കഴിഞ്ഞ റിപ്പബ്ലിക് ദിനം കൊണ്ടാടുമ്പോള്‍ ഉത്തരേന്ത്യക്കാര്‍ ഒന്നടക്കം ദേശീയ പതാകയുയര്‍ത്തല്‍ ചടങ്ങിനെത്തിയിരുന്നു.അയര്‍ലണ്ടില്‍ ആകെയുള്ള ഇന്ത്യാക്കാരില്‍ 70 % പേരും ഉള്‍പ്പെടുന്ന മലയാളികളെ പ്രതിനിധീകരിച്ച് എത്തിയത് ഒരേയൊരു കുടുംബമാണ്‍.

നാം ഓര്‍ക്കുക,നമ്മുടെ സംസ്‌കാരത്തെ ആദരവോടെ വീക്ഷിക്കുന്ന ഈ വിദേശനാടുകള്‍ നമ്മുടെ കുഞ്ഞുങ്ങളെ ഇന്ത്യന്‍ കുടിയേറ്റക്കാരായി തന്നെയാണ് കാണാന്‍ പോകുന്നത്.പക്ഷെ നമ്മള്‍ നമ്മുടെ നാടിനെ മറന്നു പോകുന്നുവെങ്കില്‍ ,അടുത്ത തലമുറയുമായി ആ മഹത്വം പങ്കു വെച്ചില്ലെങ്കില്‍ നാം അറുത്തു കളയുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ അടിവേരുകള്‍ തന്നെയാവും.

അശ്വതി 

Scroll To Top