Sunday December 04, 2016
Latest Updates

ഒരു കുടുംബത്തിന് ഒരു കാറുമതി; രണ്ടാമതൊന്നു വാങ്ങിയാല്‍ അധിക നികുതി നല്‍കണം

ഒരു കുടുംബത്തിന് ഒരു കാറുമതി;  രണ്ടാമതൊന്നു വാങ്ങിയാല്‍ അധിക നികുതി നല്‍കണം

തിരുവനന്തപുരം: ആഡംബരമോ അത്യാവശ്യമോ ആയിക്കോട്ടെ, ഒരു കുടുംബത്തില്‍ ഒന്നിലേറെ കാര്‍ വാങ്ങിയാല്‍ സര്‍ക്കാരിന്റെ പിടിവീഴും. രണ്ടാമത്തെ കാറിന് കൂടുതല്‍ നികുതി നല്‍കാന്‍ ഉടമ നിര്‍ബന്ധിതനാകും. ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരില്‍ വെവ്വേറെ വാങ്ങിയാലും നികുതി നല്‍കിയേ പറ്റൂ.

വാഹനപ്പെരുപ്പം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് കേരളത്തില്‍ ഒരു കുടുംബത്തിലെ രണ്ടാമത്തെ വാഹനത്തിനു മുതല്‍ ഉയര്‍ന്ന നിരക്കില്‍ നികുതി ഈടാക്കാന്‍ തീരുമാനിച്ചത്. വാഹനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത നികുതി സമ്പ്രദായം ഏര്‍പ്പെടുത്തും. ഇരുചക്രവാഹനം, കാര്‍, ടാക്‌സി, 7.5 ടണ്‍ വരെ മൊത്തം ഭാരമുള്ള ചരക്കുവാഹനം തുടങ്ങിയവയ്ക്കു വില്‍പന വിലയുടെ ആറു ശതമാനമായിരിക്കും ആജീവനാന്ത നികുതിയുടെ അടിസ്ഥാന നിരക്ക്.

കേന്ദ്ര റോഡുഗതാഗത മന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗതാഗത വികസന കൗണ്‍സില്‍ (ടിഡിസി) യോഗത്തിലാണു നികുതി പരിഷ്‌കരണത്തിനു ധാരണയായത്. യോഗത്തില്‍ പങ്കെടുത്ത മന്ത്രി ആര്യാടന്‍ മുഹമ്മദാണു കേരളത്തില്‍ അധിക വാഹനത്തിന് അധിക നികുതിയെന്ന വ്യവസ്ഥ നടപ്പാക്കുമെന്നറിയിച്ചത്. ദമ്പതികള്‍ക്ക് ഒരു വാഹനം എന്നു കണക്കാക്കിയാവും അധികനികുതി സമ്പ്രദായം ഏര്‍പ്പെടുത്തുകയെന്നും ജനങ്ങള്‍ക്കു പൗരബോധത്തോടെയുള്ള കാഴ്ചപ്പാട് വേണമെന്നും ആര്യാടന്‍ പറഞ്ഞു.

കേരളത്തില്‍ വില കൂടിയ ഒരു കാറും വില കുറഞ്ഞ മറ്റൊന്നും കൈവശം വയ്ക്കുന്നത് സാധാരണമാണ് ഇപ്പോള്‍. പല വീടുകളിലും അച്ഛനും അമ്മയ്ക്കും മക്കള്‍ക്കും വെവ്വേറേ കാറുകളെന്നതാണ് സ്ഥിതി. ആവശ്യത്തിനും അനാവശ്യത്തിനും ഒന്നിലധികം കാറുകള്‍ വാങ്ങുന്നവരുണ്ട്. തെക്കും വടക്കും ജോലി ചെയ്യുന്ന ഭാര്യക്കും ഭര്‍ത്താവിനും രാവിലെ ജോലിക്ക് പോകാന്‍ ചിലപ്പോള്‍ രണ്ടു കാറുകള്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ ഒരേ കെട്ടിടത്തിലെ രണ്ടു ഫ്‌ളോറുകളില്‍ ജോലി ചെയ്യുന്ന ഭാര്യയും ഭര്‍ത്താവും വീട്ടില്‍ നിന്നു രണ്ടു കാറുകളില്‍ യാത്ര തിരിക്കുന്ന പൊങ്ങച്ചത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

പുതിയ കാര്‍ വാങ്ങിയാലും പഴയ കാര്‍ വില്‍ക്കാനുള്ള മടി കൊണ്ട് കൈവശം വയ്ക്കുന്നവരും ഏറെയാണ്. ഇതൊന്നുമല്ലാതെ മൂന്നാലു കാറുകള്‍ ലോണെടുത്തു വാങ്ങി വാടകയ്ക്ക് കൊടുത്തും ടാക്‌സിയായി ഓടിച്ചുമൊക്കെ വരുമാനം കണ്ടെത്തുന്നവരും ധാരാളം.നിരത്തില്‍ ദിനംപ്രതി പെരുകുന്ന വാഹനങ്ങള്‍ സൃഷ്ടിക്കുന്ന ഗതാഗതപാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

നികുതി കൂട്ടിയാല്‍ ഉപയോക്താക്കള്‍ രണ്ടാമതൊരു കാര്‍ എന്ന ചിന്താഗതിയില്‍ നിന്ന് പിന്‍മാറാന്‍ സാധ്യത ഏറെയാണെന്ന് വില്‍പനക്കാരും സര്‍ക്കാരും കരുതുന്നു. എന്നാല്‍ പൊങ്ങച്ചത്തിന് ഇങ്ങിനെ വാഹനം വാങ്ങുന്നത് ആവശ്യത്തിലേറെ പണം കയ്യിലുള്ളവരാണെന്നും അവര്‍ കൂടുതല്‍ നികുതി നല്‍കി കാറു വാങ്ങുകയല്ലാതെ അതില്‍ നിന്നു പിന്മാറില്ലെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു.

ഭാര്യയും ഭര്‍ത്താവും വെവ്വേറെ പേരുകളില്‍ കാറെടുത്താലും അധിക നികുതി ഈടാക്കിയിരിക്കും. ഇതിനായി മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാരിന്റെ നീക്കം

Scroll To Top