Wednesday December 07, 2016
Latest Updates

ഒരാളെ കൊല്ലാന്‍ ധൈര്യമുണ്ടോ? പ്രതിഫലം രണ്ട് ലക്ഷം രൂപ

ഒരാളെ കൊല്ലാന്‍ ധൈര്യമുണ്ടോ? പ്രതിഫലം രണ്ട് ലക്ഷം രൂപ

തിരുവനന്തപുരം: ഒരാളെ കൊല്ലാന്‍ ധൈര്യമുണ്ടോ? വെറുതെയല്ല രണ്ട് ലക്ഷം രൂപ പ്രതിഫലവും കിട്ടും. പറഞ്ഞു വരുന്നത് കൊട്ടേഷന്‍ ജോലിയുടെ കാര്യമൊന്നുമല്ല, ജയിലിലെ ആരാച്ചാര്‍ ജോലിയുടെ കാര്യമാണ് പറയുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ തൂക്കിലേറ്റുന്ന ആരാച്ചാര്‍മാരുടെ പ്രതിഫലം രണ്ട് ലക്ഷം രൂപയാക്കി. വധശിക്ഷകള്‍ നടപ്പിലാക്കാന്‍ ആരാച്ചാര്‍മാരെ കിട്ടാനില്ല. ഈ സാഹചര്യത്തിലാണ് പ്രതിഫലം വര്‍ദ്ധിപ്പിച്ചത്. കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഈ ജോലിക്ക് നേരത്തെ 500 രൂപയായിരുന്നു പ്രതിഫലം.

പ്രതിഫലം വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലെങ്കിലും ആരാച്ചാരാകാന്‍ ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ജയില്‍ അധികൃതര്‍. നിലവില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 16 തടവുകാര്‍ സംസ്ഥാനത്തെ ജയിലിലുണ്ട്. എന്നാല്‍ ഇവരെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍മാരെ കിട്ടാനില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1992 മാര്‍ച്ചില്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാന് സംസ്ഥാനത്ത് അവസാനം നടന്ന വധശിക്ഷ. അന്ന് എടക്കാട് സ്വദേശിയായ ഒരാളാണ് ആരാച്ചാരായി എത്തിയത്. ആരാച്ചാരായി വരുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

ജയില്‍ ചട്ടങ്ങള്‍ പരിഷ്‌ക്കരിച്ചാണ് ആരാച്ചാര്‍മാരുടെ പ്രതിഫലം വര്‍ദ്ധിപ്പിച്ചത്. വധശിക്ഷ നടപ്പിലാക്കി കഴിഞ്ഞു ഒരു മണിക്കൂര്‍ മൃതദേഹം തൂക്ക് കയറില്‍ തൂങ്ങിക്കിടക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നേരത്തെ പ്രതി മരിച്ചതായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയാല്‍ ഉടന്‍ മൃതദേഹം കയറില്‍ നിന്ന് അഴിക്കാമായിരുന്നു. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയില്ലെങ്കില്‍ ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിക്കണമെന്നും ജയില്‍ചട്ടം ശുപാര്‍ശ ചെയ്യുന്നു.

Scroll To Top