Sunday December 04, 2016
Latest Updates

ഒഫാലിയിലെ ഏക ബാങ്കും അടച്ചു പൂട്ടുന്നു

ഒഫാലിയിലെ ഏക ബാങ്കും അടച്ചു പൂട്ടുന്നു

ഡബ്ലിന്‍: ഒഫാലിയിലെ ഏക ബാങ്കും അടച്ചു പൂട്ടുന്നു. അള്‍സ്റ്റര്‍ ബാങ്കിന്റെ ശാഖയാണ് അടച്ചു പൂട്ടുന്നത്. അയര്‍ലണ്ടില്‍ അടച്ചു പൂട്ടുന്ന ആകെ 14 ശാഖകളില്‍ ഒന്നാണ് ഒഫാലിയിലെ ബാങ്കും. അതേസമയം അടച്ചു പൂട്ടലിനെതിരെ ഫെര്‍ബെയ്‌നില്‍ ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ച് നടന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഒഫാലി ശാഖ അടച്ചു പൂട്ടുന്നത്. 

ഷാനന്‍ബ്രിഡ്ജ്, ക്ലോഗന്‍, കില്‍കോര്‍മാക് ശാഖകള്‍ നേരത്തെ അടച്ചു പൂട്ടിയിരുന്നു. ഈ ശാഖകള്‍ അടച്ചു പൂട്ടിയതോടെ ഇടപാടുകാര്‍ ഫെര്‍ബെയ്ന്‍ ശാഖയിലേക്കാണ് അക്കൌണ്ട് മാറ്റിയത്. എന്നാല്‍ ഇത് കൂടി അടച്ചു പൂട്ടുന്നതോടെ ഈ മേഖലയിലുള്ളവരുടെ ബാങ്ക് ഇടപാടുകള്‍ തടസപ്പെടും. ഫെര്‍ബെയ്ന്‍ ബ്രാഞ്ച് പൂട്ടുന്നതോടെ ഫെര്‍ബെയ്‌നിലെയും പരിസര പ്രദേശങ്ങളിലെയും ഇടപാടുകാരുടെയും അക്കൌണ്ടുകള്‍ അത്‌ലോന്‍ ശാഖയിലേക്ക് മാറ്റുമെന്നാണ് അള്‍സ്റ്റര്‍ ബാങ്ക് അധികൃതര്‍ പറയുന്നത്. 

എന്നാല്‍ അത്‌ലോന്‍ ശാഖ ഇരുപത് കിലോമീറ്റര്‍ ദൂരെയാണ്. ഇത് ഇടപാടുകാരെ പ്രതിസന്ധിയിലാക്കുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. 1919 മുതല്‍ ഫെര്‍ബെയ്‌നില്‍ പ്രവര്‍ത്തിച്ചിരുന്ന ശാഖയാണ് അടച്ചു പൂട്ടുന്നത്. ശാഖ അടച്ചു പൂട്ടരുതെന്നു ആവശ്യപ്പെട്ട് പ്രദേശവാസികളും അള്‍സ്റ്റര്‍ ബാങ്ക് അധികൃതരുമായി ടിഡി മാര്‍സെല്ല കോര്‍കോറന്‍ കെന്നഡി, ബാരി കോവന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഈ ആഴ്ച ആദ്യം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ തീരുമാനമായില്ല. 

Scroll To Top