Friday December 02, 2016
Latest Updates

ഒച്ചയെടുത്ത രോഗിയുടെ വായടപ്പിക്കാന്‍ സര്‍ജിക്കല്‍ ടേപ്പ് !ഫിലിപ്പിനോ നഴ്‌സിനെതിരായ കേസ് കോടതിയിലേയ്ക്ക്

ഒച്ചയെടുത്ത രോഗിയുടെ വായടപ്പിക്കാന്‍ സര്‍ജിക്കല്‍ ടേപ്പ് !ഫിലിപ്പിനോ നഴ്‌സിനെതിരായ കേസ് കോടതിയിലേയ്ക്ക്

സ്ലൈഗോ :രോഗിയുടെ വായടപ്പിക്കാന്‍ പുതിയ ‘ചികിത്സാ രീതി’ ഉപയോഗിച്ച ഫിലിപ്പിനോ നഴ്‌സിനെ രോഗി കോടതി കയറ്റി. കുറച്ചു സമയത്തേക്ക് രോഗിയുടെ വായടപ്പിക്കാനായി നഴ്‌സ് ഉപയോഗിച്ചത് സര്‍ജിക്കല്‍ ടേപ്പാണ്. അല്‍പ്പനേരത്തേക്കെങ്കിലും വായടപ്പിക്കാനായിട്ടാണ് നഴ്‌സ് അത്തരത്തില്‍ പ്രവര്‍ത്തിച്ചത്.
സ്ലൈഗോയിലെ ഡിസ്ട്രിക്ട് കോടതിയിലാണ് ഇത്തരത്തില്‍ ഒരു കേസിന്റെ വിചാരണ നടക്കുന്നത്. 39കാരനും മൂന്നു കുട്ടികളുടെ അച്ഛനുമായ ഫിലിപ്പിനോ നഴ്‌സ് ബിംബോ പേഡന്‍ ആണ് കെവിന്‍ ക്വിന്‍ എന്ന രോഗിയുടെ വായില്‍ ടേപ്പ് ഒട്ടിച്ചതിന് പ്രതിയായി കോടതിയില്‍ എത്തിയത്. എന്നാല്‍ താന്‍ അന്നേ ദിവസം കൂടുതല്‍ ജോലി ചെയ്യേണ്ടി വന്നിരുന്നുവെന്നും സഹായിക്കാന്‍ ആരുമില്ലാതെ ഒട്ടേറെ രോഗികളെ നോക്കേണ്ട അവസ്ഥയിലായിരുന്നുവെന്നും പേഡന്‍ കോടതിയോട് വിശദീകരിച്ചിട്ടുണ്ട്.

കേസിനാസ്പദമായ സംഭവം കഴിഞ്ഞ വര്‍ഷം ജൂണ്‍ 26ന് സ്ലൈഗോയിലെ ബല്ലിടിവ്‌നനിലുള്ള സെന്റ് ജോണ്‍സ് ആശുപത്രിയിലാണ് അരങ്ങേറിയത്. ബ്രെയിന്‍ ഹാമറേജിനെ തുടര്‍ന്ന് കഴിഞ്ഞ 13 വര്‍ഷമായി ചികിത്സയിലുള്ള രോഗിയാണ് ക്വിന്‍. ഇയാള്‍ക്ക് 24 മണിക്കൂറും പരിചരണ ആവശ്യവുമായിരുന്നു.

പേഡന്‍ 12 വര്‍ഷമായി അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ടെന്നും കൂടുതലും ഇയാള്‍ സെന്റ് ജോണ്‍സില്‍ തന്നെയാണ് ജോലി നോക്കിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. 49കാരനായ രോഗിയുടെ വായിലാണ് ഇയാള്‍ ടേപ്പ് ഒട്ടിച്ചുവച്ചത്. ക്വിന്‍ വല്ലാതെ ബഹളം കൂട്ടിയപ്പോഴാണ് തനിക്ക് അത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്യേണ്ടിവന്നതെന്നാണ് പേഡന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
കുറച്ചുനേരമെങ്കിലും മിണ്ടാതിരിക്കണമെന്ന് നഴ്‌സ് രോഗിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ രോഗി അയാളെ അനുസരിക്കാന്‍ തയ്യാറായതുമില്ല.

താന്‍ അന്ന് തനിച്ചായിരുന്നുവെന്നും ആരുടെയും സഹായമില്ലാതെ അഞ്ചോളം രോഗികളെയായിരുന്നു താന്‍ ശ്രദ്ധിക്കേണ്ടിയിരുന്നതെന്നും പേഡന്‍ കോടതിയെ അറിയിച്ചു.
ആ സമയത്തെ ദേഷ്യത്തിനു വിഡ്ഢിത്തത്തിനും ചെയ്തുപോയ തെറ്റാണ് ഇതെന്നും പേഡന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മറ്റൊരു നഴ്‌സ് കൂടി സഹായത്തിനെത്തിയപ്പോള്‍ പേഡന്‍ രോഗിയുടെ വായില്‍ ഒട്ടിച്ച ടേപ്പ് നീക്കം ചെയ്യുകയും ചെയ്തു. താനാണ് കഴിഞ്ഞ ആറു വര്‍ഷമായി ക്വിന്നിനെ ശുശ്രൂഷിക്കുന്നതെന്നും പേഡന്‍ കൂട്ടിച്ചേര്‍ത്തു.

ഹിക്വയുടേതടക്കം ഈ സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ അന്വേഷണങ്ങള്‍ ഇതിനകം തന്നെ നടന്നു കഴിഞ്ഞു.സംഭവത്തെത്തുടര്‍ന്ന് ഹിക്വ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും ഇപ്പോള്‍ കോടതിയില്‍ ലഭിച്ചിട്ടുണ്ട്.

അന്വേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് പേഡന്‍ വളരെ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തിരുന്ന ഒരു നഴ്‌സ് ആണെന്നു തന്നെയാണ്. മികച്ച കരിയറിനിടയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം പേഡന്റെ ജോലിക്കിടെ നടന്നത്. ഇതേ തുടര്‍ന്ന് ഇയാളുടെ ജോലി തന്നെ നഷ്ടമായ അവസ്ഥയിലായിരുന്നു.

ഹിക്വയുടെയും മറ്റും അന്വേഷണ റിപ്പോര്‍ട്ടുകള്‍ ജഡ്ജ് കെവിന്‍ കില്‍റേന്‍ പരിശോധിച്ചിരുന്നു. ഇത്തരം ഒരു സംഭവത്തലൂടെ ക്വിന്നിന് മാനസികമായി തളര്‍ച്ചയുണ്ടാക്കിയിട്ടുണ്ടായതായി റിപ്പോര്‍ട്ടുകള്‍ക്ക് പറയാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല, സംഭവദിവസവും അത് കഴിഞ്ഞുള്ള ദിവസങ്ങളിലും ആരോഗ്യപരമായി ക്വിന്നിന് പ്രശ്‌നമൊന്നുമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളില്‍സ താന്‍ അസ്വസ്ഥനാണെന്ന് കെവിന്‍ ക്വിന്നിന്റെ സഹോദരന്‍ ക്രിസ്റ്റി ക്വിന്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതി ക്വിന്നിന്റെ കുടുംബത്തെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

അന്വേഷണത്തിന് ശേഷമുള്ള വിചാരണ മാര്‍ച്ച് 13ന് നടത്തുമെന്നാണ് ജഡ്ജ് അറിയിച്ചിരിക്കുന്നത്. ഏതായാലും പേഡന്റെ ജോലിയുടെ ഭാവി കോടതിയുടെ തീരുമാനത്തിലായിരിക്കുമെന്നാണ് ഡിഫന്‍സ് സോളിസിറ്റര്‍ മാര്‍ക്ക് മുല്ലനി പറഞ്ഞത്.

Scroll To Top