Saturday December 10, 2016
Latest Updates

ഒക്‌റ്റോബര്‍ മുതല്‍ കുടിവെള്ളത്തിന് ബില്ലിംഗ് :അപ്പാര്‍ട്ട്‌മെന്റ്റുകളില്‍ മീറ്റര്‍ സ്ഥാപിക്കുന്നില്ല

ഒക്‌റ്റോബര്‍ മുതല്‍ കുടിവെള്ളത്തിന് ബില്ലിംഗ് :അപ്പാര്‍ട്ട്‌മെന്റ്റുകളില്‍ മീറ്റര്‍ സ്ഥാപിക്കുന്നില്ല

ഡബ്ലിന്‍ :അടുത്ത ഒക്ടോബര്‍ മുതല്‍ നിലവില്‍ വരുത്താന്‍ പോകുന്ന വാട്ടര്‍ ചാര്‍ജു വര്‍ദ്ധനവുമായി സംബന്ധിച്ച വിദഗ്ദ്ധസമിതിയുടെ കണ്ടെത്തലുകള്‍ സര്‍ക്കാര്‍ പുറത്തിറക്കി .
കുടിവെള്ളം സൂക്ഷിച്ച് ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോഴെന്ന പോലെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും വാട്ടര്‍ ബില്ലു കണ്ടാല്‍ ഞെട്ടേണ്ടി വരില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ചാര്‍ജ് വര്‍ദ്ധനവ് കാര്യമായി ബാധിക്കാന്‍ പോകുന്നത് വെള്ളം അമിതമായി പാഴാക്കി കളയുന്നവരെയാണ്.
മികച്ച രീതിയിലുള്ള ഉത്പാദനത്തിനും സുഗമമായ വിതരണത്തിനും വേണ്ടിത്തന്നെയാണ് വിലവര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വാട്ടര്‍ ചാര്‍ജു വര്‍ദ്ധനവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നത് ആദ്യമായാണ്.
വാട്ടര്‍ ലീക്കുകള്‍ പെട്ടെന്ന് പരിഹരിക്കുകയും വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നവര്‍ക്ക് അതിന്റേതായ ഫലം ലഭിക്കുക തന്നെ വേണമെന്നാണ് സമിതി അഭിപ്രായപ്പെട്ടത്. കൂടാതെ കുടിവെള്ള വിതരണത്തില്‍ നിന്നും 11 ബില്ല്യന്‍ യൂറോയോളം സ്വരൂപിക്കാനാണ് അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്.
വൈദ്യുതിക്കും ഗ്യാസിനും വില വര്‍ദ്ധിപ്പിച്ചതിനു പിന്നാലെ കുടിവെള്ളത്തിനു കൂടി ചാര്‍ജു വര്‍ദ്ധനവ് ബാധകമാക്കാനാണ് കമ്മീഷന്‍ ഫോര്‍ എനര്‍ജി റഗുലേഷനും (സിഇആര്‍) തീരുമാനിച്ചിരിക്കുന്നത്.
കുടിവെള്ളത്തിനുള്ള ആവശ്യം കുറയ്ക്കുന്ന പക്ഷം അതിന് അടക്കേണ്ടുന്ന വിലയും കുറയുമെന്നും സിഇആര്‍ വക്താവ് ആന്‍ഡ്രൂ എര്‍ബില്‍ അറിയിച്ചു.

കുടിവെള്ള വിതരണത്തിനായുള്ള പൈപ്പുകളിലെ ലീക്കേജ് എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നു അധികൃതര്‍ പറയുന്നു .ഇത്തരം ലീക്കേജുകളിലൂടെ 41ശതമാനത്തോളം വെള്ളം പാഴായിപ്പോകുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലുമാണ്.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ വാട്ടര്‍ മീറ്ററുകള്‍ പൂര്‍ണ്ണമായും സ്ഥാപിക്കും

കുടിവെള്ളത്തിനായി ഓരോരുത്തരും എത്രമാത്രം പണം ചിലവാക്കേണ്ടി വരുമെന്ന് അടുത്ത മാര്‍ച്ചോടുകൂടി തന്നെ സിഇആര്‍ അറിയിക്കും. എത്രമാത്രം അലവന്‍സ് കുടിവെള്ളത്തിനായി അനുവദിക്കണമെന്ന കാര്യം അതേ സമയം സര്‍ക്കാരും തീരുമാനിക്കും.

അടുത്ത ഒക്ടോബര്‍ മുതല്‍ക്കു തന്നെ പുതിയ വിലനിലവാര പ്രകാരമുള്ള ബില്ലുകള്‍ കൊടുത്തു തുടങ്ങും. ശരിയായ രീതിയില്‍ നടപ്പില്‍ വരുത്താന്‍ 2015 ജനുവരി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ശരാശരി 300 യൂറോയോളം വാട്ടര്‍ ചാര്‍ജായി ഒരു വീട്ടുകാര്‍ ഒരു വര്‍ഷം നല്‍കേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.

ക്രിസ്തുമസ് അവധിക്കു മുന്‍പായി തന്നെ ഡയലില്‍ വച്ച് വാട്ടര്‍ ചാര്‍ജുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈകൊള്ളണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

കുടിവെള്ള വിതരണത്തിനാവശ്യമായ ചിലവുകള്‍ ഈടാക്കുക തന്നെയാണ് ഇപ്പോള്‍ കുടിവെള്ളത്തിന്റെ ചാര്‍ജ് വര്‍ദ്ധനവിലൂടെ ഉദ്ദേശിക്കുന്നത്.ഇപ്പോള്‍ ഉദ്ദേശിക്കുന്ന ചിലവ് 11 ബില്ല്യന്‍ യൂറോയാണ്. പുതിയ വാട്ടര്‍ പൈപ്പുകളും പ്ലാന്റുകളും ഇതിനകം തന്നെ നിലവില്‍ വന്നിട്ടുമുണ്ട്. അതിനെല്ലാം തന്നെ പേമെന്റും നടത്തിക്കഴിഞ്ഞു.

എന്നാല്‍ അടുത്ത 30 വര്‍ഷക്കാലം വീണ്ടും പേമെന്റ് ആവശ്യമായി വരുമെന്നാണ് കണക്കു കൂട്ടുന്നത്.
അടുത്ത മൂന്നു വര്‍ഷം കൊണ്ട് ഒരു മില്ല്യന്‍ വീടുകളിലാണ് വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കാന്‍ പോകുന്നത്.
അപ്പാര്‍ട്ട്‌മെന്റുകളിലും മറ്റും താമസിക്കുന്നവര്‍ക്ക് പ്രത്യേകം വാട്ടര്‍മീറ്ററുകള്‍ സ്ഥാപിക്കുന്നില്ല. അസസ്സ്ഡ് ചാര്‍ജ് എന്ന പേരില്‍ അവരുടെ ഉപയോഗത്തിനനുസരിച്ചുള്ള പേമെന്റാണ് അവരില്‍ നിന്നും ഈടാക്കുക.

Scroll To Top