Sunday December 04, 2016
Latest Updates

ഒക്ടോബര്‍ 25 ന് അയര്‍ലണ്ടില്‍ ‘ഇന്ത്യാ ദിനം ‘ആഘോഷിക്കാന്‍ തീരുമാനം:ഇന്ത്യന്‍ സംഘടനകളുടെ യോഗം മെയ് 8 ന്

ഒക്ടോബര്‍ 25 ന് അയര്‍ലണ്ടില്‍ ‘ഇന്ത്യാ ദിനം ‘ആഘോഷിക്കാന്‍ തീരുമാനം:ഇന്ത്യന്‍ സംഘടനകളുടെ യോഗം മെയ് 8 ന്

ഡബ്ലിന്‍: ഒക്‌റ്റോബര്‍ 25 ഇന്ത്യയ്ക്കായി നമുക്ക് മാറ്റി വെയ്ക്കാം.ദേശ സ്‌നേഹമന്ത്രങ്ങളും കലാപരിപാടികളും തുടങ്ങി വര്‍ണ്ണാഭമായ പരിപാടികളുമായി അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ ഡബ്ലിനില്‍ ഒത്തുചേരുന്ന ദിവസമാണന്ന്. 

അയര്‍ലണ്ടിലെ ഇന്ത്യന്‍ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യ ദിനം ആഘോഷിക്കാന്‍ ഇന്ത്യന്‍ എംബസ്സിയാണ് നേതൃത്വം എടുക്കുന്നത്.. അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ രാധിക എല്‍ ലോകേഷ് അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യന്‍ വംശജനും ഐറിഷ് ട്രാന്‍സ്‌പോര്‍ട്ട്, ടൂറിസം, സ്‌പോര്ട്‌സ് വകുപ്പുകളുടെ മന്ത്രിയുമായ ലിയോ വരദ്കര്‍ തന്റെ പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്തതായും രാധിക ലോകേഷ് അറിയിച്ചു. വരദ്കറുമായി ഇക്കാര്യം ചര്‍ച്ച നടത്തിയ ശേഷമാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. 

ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവര്‍ തങ്ങളുടെ എംബസിയുമായി കൂടിച്ചേര്‍ന്ന് ഇത്തരം ആഘോഷങ്ങള്‍ നടത്താറുണ്ട്. മറ്റ് രാജ്യക്കാര്‍ നടത്തുന്നത് മാതൃകയാക്കി ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കും ഇത്തരം ആഘോഷങ്ങള്‍ വേണമെന്ന അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യ ദിനം ആഘോഷിക്കാന്‍ എംബസി തീരുമാനിച്ചത്.

തീരുമാനവുമായി മുന്നോട്ട് പോകുന്നുവെങ്കില്‍ ഈ വര്‍ഷം ഒക്ടോബര്‍ ഒക്ടോബര്‍ 25 ന് പരിപാടി നിശ്ചയിക്കുന്നത് അനുയോജ്യമായിരിക്കുമെന്ന് വരദ്കര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഡബ്ലിനിലെ ഫീനിക്‌സ് പാര്‍ക്കിലെ ഫാംലീ സ്റ്റേറ്റ് ഗെസ്റ്റ് ഹൌസില്‍ വച്ച് പരിപാടികള്‍ നടത്താമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 23 ന് ദീപാവലി ആഘോഷം കഴിഞ്ഞു തൊട്ടടുത്ത ദിവസം നടക്കുന്ന ഇന്ത്യ ദിന ആഘോഷത്തില്‍ അയര്‍ലണ്ടിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ നിന്ന് മുഴുവന്‍ പേര്‍ക്കും പങ്കെടുക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.ചരിത്രത്തില്‍ ആദ്യമായാണ് അയര്‍ലണ്ടിലെ എല്ലാ ഇന്ത്യാക്കാരും ഒന്നിച്ചു ചേരാനുള്ള അവസരം എംബസി ഒരുക്കുന്നത്. 

അയര്‍ലണ്ടിലെ ഇന്ത്യന്‍ സംഘടനകള്‍ക്കായി എംബസി നടത്തുന്ന ആദ്യമീറ്റിംഗിലെ മുഖ്യ അജണ്ട ഇന്ത്യാ ദിന ആഘോഷങ്ങളെ കുറിച്ചുള്ളതായിരിക്കും.ഈ യോഗത്തിലായിരിക്കും ഇന്ത്യാദിനത്തെ പറ്റിയുള്ള കാര്യപരിപാടികള്‍ നിശ്ചയിക്കപ്പെടുക. ആഘോഷ പരിപാടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് എല്ലാ ഇന്ത്യന്‍ സംഘടനകളുടെയും ഭാരവാഹികളെ രാധിക എല്‍ ലോകേഷ് തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മെയ് 8 വ്യാഴാഴ്ച 12.30 നാണ് ചര്‍ച്ച. എല്ലാ സംഘടനകളുടെയും ഭാരവാഹികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

എംബസിയില്‍ പേര് നല്‍കാത്ത ഇന്ത്യന്‍ അസോസിയേഷനുകളും സംഘടനകളും hoc.dublin@mea.gov.in എന്ന ഇ മെയിലില്‍ സംഘടനകളുടെ പേര് ,അഡ്രസ് ,ബന്ധപ്പെടേണ്ട ഭാരവാഹിയുടെ ഫോണ്‍ നമ്പര്‍,ഇ മെയില്‍ ഐ ഡി എന്നി വിവരങ്ങള്‍ അറിയിക്കണമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു

 

റെജി സി ജേക്കബ്

Scroll To Top