Thursday December 08, 2016
Latest Updates

ഒക്ടോബര്‍ ബജറ്റില്‍ 4.7 ശതമാനം ജിഡിപി വളര്‍ച്ച ലക്ഷ്യമിടുന്നതായി ധനമന്ത്രി മൈക്കല്‍ നൂനന്‍

ഒക്ടോബര്‍ ബജറ്റില്‍ 4.7 ശതമാനം ജിഡിപി വളര്‍ച്ച ലക്ഷ്യമിടുന്നതായി ധനമന്ത്രി മൈക്കല്‍ നൂനന്‍

ഡബ്ലിന്‍: ഒക്ടോബര്‍ ബജറ്റില്‍ 4.7 ശതമാനം ജിഡിപി വളര്‍ച്ച ലക്ഷ്യമിടുന്നതായി ധനമന്ത്രി മൈക്കല്‍ നൂനന്‍. ഈ വളര്‍ച്ച കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതികളാകും ഒക്ടോബര്‍ ബജറ്റില്‍ അവതരിപ്പിക്കുക. ധനമന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഏറ്റവും കൂടിയ വളര്‍ച്ചാ നിരക്കിലേക്കാണ് അയര്‍ലണ്ട് നീങ്ങുന്നത്. മുന്‍പ് പ്രവചിക്കപ്പെട്ടതിനേക്കാള്‍ കൂടിയ ജിഡിപി വളര്‍ച്ചാ നിരക്കാണ് ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം തന്നെ ഇത് മൂന്നാം തവണയാണ് ധനമന്ത്രി ജിഡിപി വളര്‍ച്ചാ ലക്ഷ്യം ഉയര്‍ത്തുന്നത്. 

ഈ മാസം ആദ്യം 3.5 ശതമാനം ജിഡിപി വളര്‍ച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് മന്ത്രി ആലോചിച്ചിരുന്നത്. എന്നാല്‍ സമ്പദ്ഘടന കൂടുതല്‍ മേച്ച്ചപ്പെട്ടതോടെ ജിഡിപി വളര്‍ച്ചാ ലക്ഷ്യം 4.5 ശതമാനമായി മന്ത്രി ഉയര്‍ത്തി. ഇപ്പോള്‍ മൂന്നാം തവണയും ജിഡിപി വളര്‍ച്ചാ ലക്ഷ്യം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. പ്രോപ്പര്‍ട്ടി നിക്ഷേപകര്‍ക്കുള്ള ക്യാപ്പിറ്റല്‍ ഗെയ്ന്‍സ് നികുതി ഇളവ് ഈ ബജറ്റില്‍ പിന്‍വലിച്ചേക്കുമെന്നും മന്ത്രി സൂചന നല്‍കി. പ്രോപ്പര്‍ട്ടി മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് 2011 ല്‍ ഏര്‍പ്പെടുത്തിയ നികുതി ഇളവാണ് പിന്‍വലിക്കുന്നത്. 

ഫിനാഗഗേല്‍ ടിഡി മേരി മിച്ചലിന്റെ നേതൃത്വത്തില്‍ കില്‍ക്കെനിയില്‍ നടത്തിയ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് ആദ്യമായാണ് ബജറ്റിന്റെ പൊതുസ്വഭാവത്തെക്കുറിച്ച് മന്ത്രി സൂചന നല്‍കിയത്. അതേസമയം രാജ്യത്തിന്റെ കടബാധ്യത ജിഡിപിയുടെ 123 ശതമാനമായി വര്‍ദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം രാജ്യത്തിന്റെ കടബാധ്യത 204 ബില്യണായി വര്‍ദ്ധിക്കും. ഇത് യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ നിരക്കാണ്. ജിഡിപി വളര്‍ച്ചയ്ക്ക് ആനുപാതികമായി ധനക്കമ്മി കുറയ്ക്കാനും കടബാധ്യത നിയന്ത്രണത്തില്‍ കൊണ്ടുവരാനും ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു.

Scroll To Top