Tuesday December 06, 2016
Latest Updates

ഒക്ടോബര്‍ ബജറ്റില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് താല്‍ക്കാലികമായി മരവിപ്പിച്ചേക്കും

ഒക്ടോബര്‍ ബജറ്റില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് താല്‍ക്കാലികമായി മരവിപ്പിച്ചേക്കും

ഡബ്ലിന്‍: ഒക്ടോബര്‍ ബജറ്റില്‍ സാധാരണക്കാര്‍ക്കും ഇടത്തരക്കാരും അനുകൂലമായ ജനപ്രിയ തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്ന് സൂചന. ഇടത്തരക്കാരുടെയും കുറഞ്ഞ വരുമാനക്കാരുടെയും പ്രോപ്പര്‍ട്ടി ടാക്‌സ് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഒക്ടോബര്‍ ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

അയര്‍ലണ്ടില്‍ ഭവന വില കുതിച്ചുയരുന്നതിന് ആനുപാതികമായി പ്രോപ്പര്‍ട്ടി ടാക്‌സും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിലാണ് നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. 2016 ല്‍ പ്രോപ്പര്‍ട്ടികള്‍ പുനര്‍ മൂല്യനിര്‍ണ്ണയം ചെയ്യുമ്പോഴാണ് നികുതി വര്‍ദ്ധന ഉണ്ടാകുക.

പുനര്‍ മൂല്യനിര്‍ണ്ണയം വൈകിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ധനകാര്യമന്ത്രി മൈക്കല്‍ നൂനനും പബ്ലിക് എക്‌സ്പന്‍ഡിച്ചര്‍ മന്ത്രി ബ്രെണ്ടന്‍ ഹൌളിനും ഇത് സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. നികുതി മരവിപ്പിക്കുന്നതും പുനര്‍ മൂല്യനിര്‍ണ്ണയം വൈകിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ധനകാര്യമന്ത്രി പരിഗണിക്കുന്നുണ്ടെന്ന് ഹൌളിന്‍ പറഞ്ഞു. സമീപകാലത്ത് ജനങ്ങള്‍ക്ക് മേല്‍ അടി ച്ചേ ല്‍പ്പിച്ച അധിക നികുതി ഭാരവും മറ്റ് ചാര്‍ജുകളും ഈ ബജറ്റില്‍ എടുത്ത് കളയും. അതേസമയം പുതുക്കി നിശ്ചയിച്ച ജലനിരക്കില്‍ കുറവുണ്ടാകില്ല.

വീടിന്റെ വിലയുടെയും നികുതി നിരക്കിന്റെയും അടിസ്ഥാനത്തിലാണ് പ്രോപ്പര്‍ട്ടി ടാക്‌സ് നിശ്ചയിക്കുന്നത്. ഇതില്‍ നികുതി നിരക്ക് ഭാഗികമായി
നിശ്ചയിക്കുന്നത് കൌണ്‍സിലുകളാണ്. ആവശ്യമായ ഫണ്ട് ഉണ്ടെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ 15 ശതമാനം വരെ നികുതി കുറയ്ക്കാന്‍ കൌണ്‍സിലുകള്‍ക്ക് അധികാരമുണ്ടായിരിക്കും. നിലവില്‍ 2013 മെയ് 1 മുതലുള്ള പ്രോപ്പര്‍ട്ടി വിലയുടെ അടിസ്ഥാനത്തിലാണ് പ്രോപ്പര്‍ട്ടി ടാക്‌സ് ഈടാക്കുന്നത്. എന്നാല്‍ 2016 അവസാനത്തോടെ നിലവിലെ നിരക്കിലുള്ള നികുതിയുടെ കാലാവധി തീരും. തുടര്‍ന്ന് 2016 നവംബര്‍ ഒന്ന് മുതലുള്ള പ്രോപ്പര്‍ട്ടി വിലയുടെ അടിസ്ഥാനത്തില്‍ പുതിയ നികുതി നിശ്ചയിക്കേണ്ടി വരും.

എന്നാല്‍ പ്രോപ്പര്‍ട്ടി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ നികുതി നിരക്കും വര്‍ദ്ധിച്ചു കൊണ്ടിരിക്കയാണ്. ഡബ്ലിനില്‍ മാത്രം ഒരു വര്‍ഷം കൊണ്ട് 24.4 ശതമാനമാണ് പ്രോപ്പര്‍ട്ടി വില കൂടിയത്. കൂടിയ വിലയുടെ അടിസ്ഥാനത്തില്‍ തലസ്ഥാന നഗരിയില്‍ മാത്രം പ്രോപ്പര്‍ട്ടി ഉടമകള്‍ 90 യൂറോയാണ് പ്രോപ്പര്‍ട്ടി ടാക്‌സ് കൂടുതല്‍ നല്‍കേണ്ടിയിരിക്കുന്നത് . ഡബ്ലിന് പുറത്ത് 12.6 ശതമാനം വില കൂടിയതിനെ തുടര്‍ന്ന്അവിടെയും ഗണ്യമായ വര്‍ദ്ധനവുണ്ട് . ഈ സാഹചര്യത്തിലാണ് നികുതി താല്ക്കാലികമായി മരവിപ്പിക്കാന്‍ ധനമന്ത്രി ആലോചിക്കുന്നത്

Scroll To Top