Thursday December 08, 2016
Latest Updates

ഒ’കോണല്‍ സ്ട്രീറ്റിലെ ഡാന്‍സുകാരി

ഒ’കോണല്‍  സ്ട്രീറ്റിലെ ഡാന്‍സുകാരി

വഴിയരികിലൂടെ പോകുന്ന കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധരായവര്‍ വരെയുള്ളവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്ന കഥകളും പാട്ടുകളും നൃത്തവുമായി ഡബ്ലിന്‍ തെരുവിലെത്തിയിരുന്ന മുത്തശ്ശി മേരി ഡണ്‍ കഴിഞ്ഞ ദിവസം ഓര്‍മ്മയായി. വളരെ സ്‌നേഹനിധിയായ പ്രത്യേക കഥാപാത്രം കഴിഞ്ഞ ബുധനാഴ്ച്ചയാണ് ലോകത്തോട് വിടപറഞ്ഞത്.

ഡബ്ലിന്‍ ഒ’കോണല്‍ തെരുവിലെ ഡാന്‍സറായിരുന്ന മുത്തശ്ശയുടേത് വളരെ പ്രത്യേകതയുള്ള സ്വഭാവരീതികളായിരുന്നു. തെരുവിന്റെ നടുവില്‍ നിന്നും നൃത്തമാടുമ്പോള്‍ തന്നെക്കുറിച്ച് മറ്റുള്ളവര്‍ എന്തുകരുതുമെന്നൊന്നും മേരി മുത്തശ്ശി ചിന്തിച്ചിരുന്നതേയില്ല.

വളരെ ഉന്മേഷവതിയായി കാണികള്‍ക്കുമുന്നില്‍ അവര്‍ ആടുകയും പാടുകയും പലതരം കഥകള്‍ പറഞ്ഞ് കാണികളെ ആശ്ചര്യപ്പെടുത്തുകയും ചെയ്തിരുന്നു. കടന്നുപോകുന്ന ആളുകള്‍ക്ക് യാത്രാ തടസം ഉണ്ടാക്കിയെന്നപേരില്‍ ഒട്ടനവധിപേരുടെ തെറിയഭിഷേകവും മുത്തശ്ശി ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ അതൊന്നും കേട്ട ഭാവമേ അവര്‍ കാണിച്ചിരുന്നില്ല.

പ്രായാധിക്യവും തന്റെ അസുഖങ്ങളുമൊന്നും മേരിയുടെ വഴിയില്‍ തടസമായി നിന്നതേയില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ച്ചയാണ് മേരി ഡണ്‍ വളരെ അവശനിലയിലായത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പക്ഷേ, അതിനടുത്ത ദിവസം തന്നെ അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച്ച ഡിന്‍സ്‌ഗ്രേഞ്ചിലെ കില്‍ അവന്യൂവിലുള്ള ഹോളി ഫാമിലി പള്ളിയില്‍ വച്ച് നടന്ന ശുശ്രൂഷകള്‍ക്ക് ശേഷം ഡിന്‍സ്‌ഗ്രേഞ്ച് സെമിത്തേരിയില്‍ അവര്‍ക്ക് അന്ത്യവിശ്രമം നല്‍കുകയും ചെയ്തു.
വളരെ അധികം ആളുകള്‍ അവരുടെ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്നിരുന്നു.
സമൂഹത്തോടുള്ള മേരിയുടെ വ്യത്യസ്ഥരീതിയിലുള്ള സമീപനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിച്ചത് 2010ല്‍ അവരുടെ പേരില്‍ ഒരു ഫേസ്ബുക്ക് പേജ് വന്നതോടെയാണ്. ഇന്ന് 23,000ത്തില്‍പ്പരം ആളുകള്‍ ആ പേജ് ലൈക്ക് ചെയ്തു കഴിഞ്ഞു. ചില ദിവസങ്ങളില്‍ അവര്‍ തെരുവില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍പ്പോലും അവര്‍ അസുഖമായി കിടപ്പിലാണെന്ന വാര്‍ത്തകള്‍പ്പോലും വരാറുണ്ടായിരുന്നു.

2010ല്‍ തന്നെ മേരി മുത്തശ്ശിയോടുള്ള ആദര സൂചകമായി ഒ’കോണല്‍ സ്ട്രീറ്റില്‍ സംഗീതവും കവിതയും നൃത്തവും ഒക്കെച്ചേര്‍ന്ന ഒരു വിരുന്ന് സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
മേരി മുത്തശ്ശിയെയും അവരുടെ ഡാന്‍സിനെയും ആളുകള്‍ക്ക് അവരോടുള്ള സ്‌നേഹത്തേയും കുറിച്ച് ഇതിനകം ഒട്ടനവധി ലേഖനങ്ങള്‍ പല മാധ്യമങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഒ’കോണല്‍ സ്ട്രീറ്റിന്റെ ഒരു മുഖ്യ കഥാപാത്രമാണ് അടര്‍ന്നുപോയിരിക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. മേരി മുത്തശ്ശി ദൈവസന്നിധിയിലും തന്റെ നൃത്തം അവതരിപ്പിക്കുകയായിരിക്കും എന്നും പലരും പറയുന്നു.

Scroll To Top