Saturday December 10, 2016
Latest Updates

ഐ മണ്ഡലയുടെ ആഭിമുഖ്യത്തില്‍ താലയില്‍ നാടകക്കളരിയൊരുങ്ങുന്നു

ഐ മണ്ഡലയുടെ ആഭിമുഖ്യത്തില്‍ താലയില്‍ നാടകക്കളരിയൊരുങ്ങുന്നു

ഡബ്ലിന്‍ :സ്വന്തം അസ്ഥിത്വത്തിന്റെ വേരുകളും സ്വപ്നങ്ങളും തിരയുകയും തിരിച്ചറിയുകയും ചെയ്യുന്ന അയര്‍ലണ്ടിലെ ഇന്ത്യന്‍ പ്രവാസികള്‍, ആവിഷ്‌കാരകലകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി രൂപം കൊടുത്ത സംഘടനയായ ഐ മണ്ഡല സുപ്രധാനമായ ചുവടുവയ്ക്കാനൊരുങ്ങുന്നു. ഫ്രാന്‍സിലെ പ്രശസ്തമായ ഫൂട്‌സ്മാന്‍ ബാണ്‍ തിയറ്റര്‍ ഗ്രൂപ്പിലെ അംഗവും പ്രശസ്ത നാടക കലാകാരനും ആയ ഷാജി കാര്യാട്ട് നയിക്കുന്ന തിയറ്റര്‍ വര്‍ക്ക്‌ഷോപ്പ് ഐ മണ്ടലയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 15, 16, 17 തിയ്യതികളില്‍ താല സ്‌കൗട്ട് ഹാളില്‍ വച്ച് നടത്തപ്പെടും.

ഐറിസ് ഫിലിം സൊസൈറ്റിയുടെയും കേരളഹൗസിന്റെയും സഹകരണത്തോടെയായിരിക്കും വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുക. മുതിര്‍ന്നവര്‍ക്കായി 15, 16 തിയ്യതികളിലും കുട്ടികള്‍ക്കു വേണ്ടി 17 നും ആണ് വര്‍ക്ക്‌ഷോപ്പ് നടത്തപ്പെടുക.

ഐ മണ്ഡലയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കലാസൃഷ്ടികളിലൂടെ ഇന്ത്യന്‍ ഐറിഷ് സംസ്‌കാരങ്ങളുടെ ക്രിയാത്മകമായ ഒരു സംവേദനത്തിനും സങ്കലനത്തിനും വേദിയൊരുക്കുക എന്നതാണ്. അതിലൂടെ ഐറിഷ് സമൂഹത്തില്‍ പാര്‍ശ്വവല്ക്കരിക്കപ്പെട്ടു കഴിയുന്ന ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കാനും ഐ മണ്ഡല ലക്ഷ്യംവക്കുന്നുണ്ട്.

നാടകക്കളരി നയിക്കുന്ന ഷാജി കാര്യാട്ട് 1983 മുതല്‍ 1995 വരെ മലയാളനാടക വേദിയില്‍ കളിയരങ്ങു പോലുള്ള സംഘങ്ങളിലൂടെ സജീവസാന്നിധ്യമായിരുന്നു. 1995 മുതല്‍ ഫ്രാന്‍സിലെ പ്രശസ്തമായ സഞ്ചരിക്കുന്ന തിയറ്റര്‍ ഗ്രൂപ്പ് ആയ ഫൂട്‌സ്മാന്‍ ബാണിന്റെ ഭാഗമായി ഒഡിസ്സി, ഷേക്‌സ്പിയറിന്റെ ദി വിന്റെര്‌സ് ടെല്‍ (The Winter’s Tale) പോലുള്ള പ്രശസ്തമായ നാടകങ്ങള്‍ അവതരിപ്പിച്ചുവരുന്നു. അദ്ദേഹം ഇതിനോടകം നാടകവുമായി ബന്ധപ്പെട്ട് നാല് പ്രൊഫഷണല്‍ വര്‍ക്ക്‌ഷോപ്പുകള്‍ നയിച്ചിട്ടുണ്ട്. അദ്ദേഹം നയിക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുക എന്നത് അയര്‍ലണ്ടിലെ നാടകപ്രേമികള്‍ക്കും തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരു മുതല്‍ക്കൂട്ടായിരിക്കും.

രജിസ്‌ട്രേഷന് കുട്ടികള്‍ക്ക് 15 യൂറോയും മുതിര്‍ന്നവര്‍ക്ക് 50 യൂറോയും ആണ് നിശ്ചയിച്ചിട്ടുള്ളത്. വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഭക്ഷണത്തിനുള്ള ക്രമീകരണം ഉണ്ടായിരിക്കുന്നതാണ്. കുട്ടികളുടെ പ്രായപരിധി 10 മുതല്‍ 15 വരെയും മുതിര്‍ന്നവരുടെത് 16ഓ അതിനു മുകളിലേക്കോ ആയിരിക്കും.

മുതിര്‍ന്നവരുടെ വര്‍ക്ക്‌ഷോപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്‌ട്രേഷനും ബേസില്‍ സ്‌കറിയ (0877436038), പ്രിന്‍സ് അങ്കമാലി (0862349138), എല്‍ദോ ജോണ്‍ (0894126421) എന്നിവരെ ബന്ധപ്പെടുക. കുട്ടികളുടെ വര്‍ക്ക്‌ഷോപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും രെജിസ്‌ട്രേഷനും ബിനു ഡാനിയേല്‍ (0894052681), ബിപിന്‍ ചന്ദ് (0879105679) എന്നിവരെയാണ് ബന്ധപ്പെടെണ്ടത്.

Scroll To Top