Tuesday December 06, 2016
Latest Updates

ഐസിസ് തീവ്രവാദികള്‍ ലോകത്തിന്റെ ക്യാന്‍സര്‍; തുടച്ച് നീക്കുമെന്ന് ഒബാമ

ഐസിസ് തീവ്രവാദികള്‍ ലോകത്തിന്റെ ക്യാന്‍സര്‍; തുടച്ച് നീക്കുമെന്ന് ഒബാമ

ന്യുയോര്‍ക്ക്: ഇറാഖിലെ ഐസിസ് തീവ്രവാദികള്‍ക്കെതിരെ നിലപാട് കര്‍ക്കശമാക്കി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ഐസിസ് ലോകത്തെ ബാധിച്ച ക്യാന്‍സറാണെന്ന് ഒബാമ പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഐസിസിന് ലോകത്തില്‍ സ്ഥാനമില്ലെന്നും ഒബാമ പറഞ്ഞു. മാസാച്യൂസെറ്റ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജെയിംസ് ഫോലെയെ അമേരിക്കന്‍ ഐസിസ് തീവ്രവാദികള്‍ തലയറുത്ത് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഒബാമ ഐസിസിനെതിരെ കര്‍ക്കശ നിലപാടുമായി രംഗത്ത് വന്നത്. 

ജെയിംസ് ഫോലെയുടെ കൊലപാതകികളായ തീവ്രവാദികളെ മുസ്ലീങ്ങളായി കണക്കാക്കാനാകില്ലെന്നും നിരപരാധികളെ കൊന്നൊടുക്കാന്‍ ഒരു മതവും പഠിപ്പിക്കുന്നില്ലെന്നും ഒബാമ പറഞ്ഞു. അമേരിക്കന്‍ പത്ര പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പകരം വീട്ടുമെന്നും ഒബാമ മുന്നറിയിപ്പ് നല്‍കി. ഐസിസ് പോലെയുള്ള അര്‍ബുദങ്ങളെ ലോകത്ത് നിന്ന് തുടച്ച് നീക്കാന്‍ മിഡില്‍ ഈസ്റ്റിലെ എല്ലാ ഗവണ്‍മെന്റുകളും ജനങ്ങളും ഒന്നിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു. 

കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്‍ ജെയിംസ് ഫോലെയുടെ മാതാപിതാക്കലുമായി താന്‍ ആശയ വിനിമയം നടത്തിയതായും ഒബാമ പറഞ്ഞു. ജെയിംസ് ഫോലെയെ കൊലപ്പെടുത്തുന്ന വീഡിയോ യഥാര്‍ത്ഥമാണെന്ന് യുഎസ് നാഷണല്‍ സെക്യൂരിറ്റി കൌണ്‍സില്‍ സ്ഥിരീകരിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിക്ക് വേണ്ടി വടക്കന്‍ സിറിയയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ 2012 ലാണ് ജെയിംസ് ഫോലെയെ ഐസിസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്

 തട്ടിക്കൊണ്ട് പോയ ജെയിംസ് ഫോലെയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലതാപാതക ദൃശ്യം അടങ്ങുന്ന വീഡിയോ യഥാര്‍ത്ഥമാണെന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശക്തമായ പ്രതിഷേധവുമായി പ്രസിഡന്റ് ഒബാമ തന്നെ രംഗത്ത് വന്നത്. ജെയിംസ് ഫോലെയെക്കൂടാതെ മറ്റൊരു അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ സ്റ്റീവന്‍ സ്റ്റോറ്റ്‌ലോഫും ഐസിസ് തീവ്രവാദികളുടെ പിടിയിലാണ്. അമേരിക്ക ഇറാഖിലെ സൈനിക നടപടി പിന്‍വലിക്കുന്നില്ലെങ്കില്‍ ഇയാളെയും കൊല്ലുമെന്നാണ് തീവ്രവാദികളുടെ മുന്നറിയിപ്പ്. 

അതേസമയം ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഒബാമ സൂചന നല്‍കി. ഇറാഖിലെ അമേരിക്കന്‍ പൌരന്മാരുടെ സംരക്ഷണത്തിനു വേണ്ടിയാണ് അമേരിക്ക ഇറാഖില്‍ സൈനിക നടപടി തുടങ്ങിയത്. ഇത് തുടരുമെന്നും ഒബാമ വ്യക്തമാക്കി. 

Scroll To Top