Sunday December 11, 2016
Latest Updates

ഐറിഷ് വാട്ടര്‍ ഉപഭോക്താക്കള്‍ക്ക് കത്തയച്ച് തുടങ്ങി,ഇനി കോണ്‍ട്രാക്റ്റ് ഒപ്പ് വെയ്ക്കണം 

ഐറിഷ് വാട്ടര്‍ ഉപഭോക്താക്കള്‍ക്ക് കത്തയച്ച് തുടങ്ങി,ഇനി കോണ്‍ട്രാക്റ്റ് ഒപ്പ് വെയ്ക്കണം 

ഡബ്ലിന്‍: അടുത്ത മാസം മുതല്‍ പുതുക്കിയ വാട്ടര്‍ ചാര്‍ജ് നിലവില്‍ വരുന്ന സാഹചര്യത്തില്‍ ഐറിഷ് വാട്ടര്‍ ഉപഭോക്താക്കള്‍ക്ക് കത്തയച്ച് തുടങ്ങി. പുതുക്കിയ നിരക്കിലുള്ള കോണ്‍ട്രാക്റ്റ് ഒപ്പ് വയ്ക്കാനും ഏതെങ്കിലും ഇളവുകള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് ഐറിഷ് വാട്ടര്‍ ഉപഭോക്താക്കള്‍ക്ക് അയച്ച് തുടങ്ങിയത്. പുതുക്കിയ നിരക്കിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ബില്‍ അടയ്ക്കാന്‍ വിസമ്മതിക്കുകയോ ഐറിഷ് വാട്ടറില്‍ നിന്നുള്ള കത്ത് സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നവരില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കുമെന്ന് ഐറിഷ് വാട്ടര്‍ മുന്നറിയിപ്പ് നല്‍കി. ബില്‍ അടയ്ക്കാന്‍ വിസമ്മതിക്കുന്നവരുടെ കണക്ഷന്‍ വിച്‌ഛേദിക്കാനും സാധ്യതയുണ്ട്. പ്രതിവര്‍ഷം 30,000 ലിറ്റര്‍ വരെ സൗജന്യ വാട്ടര്‍ അലവന്‍സ് ലഭിക്കും. 

18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള വീടുകള്‍ക്ക് കൂടുതല്‍ വാട്ടര്‍ അലവന്‍സ് ലഭിക്കും. ഐറിഷ് വാട്ടര്‍ അയയ്ക്കുന്ന കത്തില്‍ സൗജന്യ അലവന്‍സിനായുള്ള അപേക്ഷ ഫോമുമുണ്ട്. ഈ ഫോം മുഖേന അപേക്ഷിക്കാത്തവര്‍ക്ക് അലവന്‍സ് ലഭിക്കില്ല. ബില്‍ അടയ്ക്കാത്തവര്‍ക്കും അലവന്‍സിനായി അപേക്ഷിക്കാത്തവര്‍ക്കും കൂടുതല്‍ നിരക്കാകും. ബില്‍ നേരിട്ട് പണമായി അടയ്ക്കുകയോ, ചെക്ക് നല്‍കുകയോ, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് മുഖേനയോ അടയ്ക്കാം. ഓണ്‍ലൈനായും പണം അടയ്ക്കാം. നേരിട്ട് അടയ്ക്കുന്നവര്‍ക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലും പണം അടയ്ക്കാം. ജല ഉപയോഗം പരമാവധി കുറച്ചും നിങ്ങളുടെ കണക്ഷനിലെ ലീക്കുകള്‍ പരിഹരിച്ചും പരമാവധി ബില്‍ കുറയ്ക്കാന്‍ ശ്രമിക്കണമെന്ന് ഐറിഷ് വാട്ടര്‍ ഉപഭോക്താക്കളെ ഓര്‍മ്മിപ്പിച്ചു. 

നിങ്ങളുടെ പ്രാഥമിക ഉടമസ്ഥതയിലുള്ള വീടിന് മാത്രമേ സൗജന്യ അലവന്‍സുകള്‍ക്ക് അര്‍ഹതയുള്ളൂ. ഉദാഹരണത്തിന് നിങ്ങള്‍ക്ക് വീട് കൂടാതെ ഒരു ഹോളിഡേ ഹോം കൂടി ഉണ്ടെങ്കില്‍ രണ്ടാമത്തെ വീടായ ഹോളിഡേ ഹോമിന് സൗജന്യ അലവന്‍സുകള്‍ക്ക് അര്‍ഹതയുണ്ടാകില്ല. ഓരോ ഉപഭോക്താവിനെയും വേറിട്ട് തിരിച്ചറിയുന്നതിനാണ് പിപിഎസ് നമ്പര്‍ ആവശ്യപ്പെടുന്നത്. സൗജന്യ അലവന്‍സിന് അര്‍ഹതയുള്ള കുട്ടികളുണ്ടെങ്കില്‍ അവരുടെ പിപിഎസ് നമ്പരും നല്‍കണം. സ്വന്തമായി കിണറുള്ളവര്‍ അക്കാര്യം വ്യക്തമാക്കി വാട്ടര്‍ ബില്ലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കേണ്ടതാണ്. വാടകയ്ക്ക് നല്‍കിയിരിക്കുന്ന വീടുകളില്‍ അവിടെ താമസിക്കുന്നവരാണ് ബില്‍ അടയ്‌ക്കേണ്ടത്. വാടകക്കാരന്‍ ബില്‍ അടയ്ക്കാന്‍ വിസമ്മതിച്ചാല്‍ ഉത്തരവാദിത്വം വീടുടമസ്ഥനായിരിക്കും.

Scroll To Top