Tuesday December 06, 2016
Latest Updates

ഐറിഷ് വാട്ടര്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കാതെ അയച്ചവരെയും രജിസ്റ്റര്‍ ചെയ്തു തുടങ്ങി

ഐറിഷ് വാട്ടര്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കാതെ അയച്ചവരെയും രജിസ്റ്റര്‍ ചെയ്തു തുടങ്ങി

ഡബ്ലിന്‍: ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കാതെ അയച്ചവരെയും രജിസ്റ്റര്‍ ചെയ്തു തുടങ്ങി. ജലനിരക്കിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി പേര്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കാതെ തിരിച്ചയച്ചിരുന്നു. ഇത്തരത്തില്‍ ഫോം തിരിച്ചയച്ചവരെ വെള്ളം ഉപയോഗിക്കുന്നവരെന്നു കണക്കാക്കി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതിഷേധ മാര്‍ഗമെന്നോണം നിരവധി പേര്‍ പൂരിപ്പിക്കാത്ത അപേക്ഷകള്‍ മടക്കി അയച്ച സാഹചര്യത്തിലാണ് ഈ നടപടി. 

വെക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള ഒരാള്‍ പ്രതിഷേധ സൂചകമായി പൂരിപ്പിക്കാത്ത അപേക്ഷാ ഫോം തിരികെ അയച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് താന്‍ രജിസ്റ്റര്‍ ചെയ്തതായുള്ള അറിയിപ്പ് ലഭിച്ചു. ഇതോടെയാണ് ഐറിഷ് വാട്ടറിന്റെ പുതിയ നടപടി വ്യക്തമായത്. വീട്ടിലെ അംഗസംഖ്യ, പി പി. എസ് നമ്പര്‍ തുടങ്ങിയ കാര്യങ്ങളാണ് ഐറിഷ് വാട്ടര്‍ ആവശ്യപ്പെട്ടിരുന്നത്. ഓരോ കുടുംബങ്ങളുടെയും ഉപയോഗത്തിനനുസരിച്ച് അലവന്‍സുകള്‍ കിഴിച്ചുള്ള ജലനിരക്ക് കണക്കാക്കുന്നതിന് വേണ്ടിയാണ് ഐറിഷ് വാട്ടര്‍ ഈ വിവരങ്ങള്‍ ആരാഞ്ഞത്. 

എന്നാല്‍ പൂരിപ്പിക്കാത്ത അപേക്ഷകള്‍ തിരികെ അയച്ച് ഐറിഷ് വാട്ടറിനെ വെട്ടിലാക്കാമെന്ന് ധരിച്ച ഉപഭോക്താക്കളെ വെട്ടിലാക്കി ഐറിഷ് വാട്ടര്‍ രംഗത്ത് വന്നിരിക്കുകയാണ്. അപേക്ഷ പൂരിപ്പിക്കാതെ അയച്ചവര്‍ക്ക് പൊതുവായ നിരക്കും പൂരിപ്പിച്ച് നല്‍കിയവര്‍ക്ക് അലവന്‍സുകള്‍ കിഴിച്ചുള്ള നിരകുമായിരിക്കും ഈടാക്കുകയെന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചു. മനപൂര്‍വം വിവരങ്ങള്‍ പൂരിപ്പിക്കാതെ അയക്കുകയോ പൂരിപ്പിക്കാന്‍ വിട്ടുപോയതോ ആയ ആളുകള്‍ക്ക് ഐറിഷ് വാട്ടറുമായി ബന്ധപെട്ടാല്‍ വിവരം ചേര്‍ക്കാനുള്ള അവസരം ലഭിക്കുമെന്ന് ഐറിഷ് വാട്ടര്‍ അധികൃതര്‍ അറിയിച്ചു.

Scroll To Top