Thursday December 08, 2016
Latest Updates

ഐറിഷ് ലോക്കല്‍ ഇലക്ഷന്‍ ഇന്ന് :നൂറു കണക്കിന് മലയാളികളും ബൂത്തുകളിലേയ്ക്ക് 

ഐറിഷ് ലോക്കല്‍ ഇലക്ഷന്‍ ഇന്ന് :നൂറു കണക്കിന് മലയാളികളും  ബൂത്തുകളിലേയ്ക്ക് 

ഡബ്ലിന്‍ :മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേയ്ക്ക്.അയര്‍ലണ്ടിലെ 34 സിറ്റി/കൌണ്ടി കൌണ്‍സിലുകളിലും ,ടൌണ്‍ കൌണ്‍സിലുകളിലുമായി 950 പ്രതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്. 

രാവിലെ 7 മുതല്‍ രാത്രി 10 മണിവരെ തിരഞ്ഞെടുക്കപ്പെട്ട പോളിംഗ് സ്‌റ്റെഷനുകളില്‍ വോട്ടു രേഖപ്പെടുത്താം.

അയര്‍ലണ്ടില്‍ താമസിക്കുന്ന ആര്‍ക്കും,രാജ്യമോ പൗരത്വമൊ കണക്കിലെടുക്കാതെ ലോക്കല്‍ തിരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്താം.മലയാളികളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിലായി വോട്ടര്‍ലിസ്റ്റില്‍ പേര് ചേര്‍ക്കാനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.മലയാളികള്‍ക്ക് സ്വന്തമായി സ്ഥാനാര്‍ഥികള്‍ ഇല്ലെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്സാഹപൂര്‍വമാണ് വോട്ടവകാശം വിനിയോഗിക്കുന്നതിനായി മലയാളികള്‍ കാത്തിരിക്കുന്നത്.

ഭരണവിരുദ്ധ തരംഗം രാജ്യമൊട്ടാകെ ഉണ്ടെങ്കിലും ഭരണകക്ഷികളായ ഫിനഗേലും,ലേബര്‍ പാര്‍ട്ടിയും പൊതുവെ കുടിയേറ്റക്കാര്‍ക്ക്സ്വീകാര്യരാണ്. 

നാച്ചുറലൈസേഷന്‍ നടപടികള്‍ വേഗതയിലാക്കി സിറ്റിസണ്‍ഷിപ്പ് സെറിമണി ഏര്‍പ്പെടുത്തിയും,കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ട്ടിച്ചും,ലേബര്‍ പാര്‍ട്ടിയും ഫിനഗേലും കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ സമീപനം സ്വീകരിക്കുന്നവരാണ്.

ഫിന ഫാള്‍ പാര്‍ട്ടിയുടെ കാലത്ത് സംഭവിച്ച സാമ്പത്തിക തകര്‍ച്ചയെ നേരെയാക്കി രാജ്യത്തെ കടക്കെണിയില്‍നിന്നും രക്ഷിക്കാന്‍ ഇപ്പോഴത്തെ ഭരണകക്ഷികള്‍ സ്വീകരിച്ച നടപടികള്‍ പക്ഷെ ജനഹിതം അവര്‍ക്ക് പൂര്‍ണ്ണമായി അനുകൂലമാക്കാന്‍ ഇടയില്ല.പ്രോപ്പര്‍ട്ടി ടാക്‌സ് ,വാട്ടര്‍ചാര്‍ജ് എന്നിവയും ഭരണകക്ഷികളുടെ വോട്ടു കുറയ്ക്കാന്‍ ഇടയാക്കും.രാജ്യത്ത് വളര്‍ന്നുവരുന്ന ഒട്ടേറെ പുതിയ മതനിരപേക്ഷനടപടികള്‍ക്ക് പിന്തുണ കൊടുക്കുക വഴിയും ഇവര്‍ ജനങ്ങളുടെ എതിര്‍പ്പ് നേരിടുന്നു.സ്വവര്‍ഗ വിവാഹം,ഗര്‍ഭചിദ്രം തുടങ്ങിയ വിഷയങ്ങളില്‍ യൂറോപ്യന്‍ യൂണിയന്റെ നിലപാടിനൊപ്പം അയര്‍ലണ്ടിനെ നിര്‍ത്തേണ്ടി വന്നതും ഭരണ കക്ഷിക്ക് വിനയായേക്കും.

സിനാഫിന്‍ രാജ്യത്ത് ഒട്ടാകെ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്.അഭിപ്രായ വോട്ടെടുപ്പുകളില്‍ ഇവരാണ് മിക്ക സ്ഥലങ്ങളിലും മുന്നില്‍ നില്‍ക്കുന്നത്.രാജ്യത്തെ പ്രതിസന്ധിയില്‍ ആഴ്ത്തി ഇപ്പോള്‍ പ്രതിപക്ഷത്ത് മുഖ്യപാര്‍ട്ടിയായി തുടരുന്ന ഫിനാഫാള്‍ പാര്‍ട്ടിയാവട്ടെ അന്ത:ചിദ്രങ്ങളാല്‍ കലുഷിതമാണ്.എങ്കിലും രാജ്യത്ത് എല്ലായിടത്തുമുള്ള സാന്നിദ്ധ്യം ഫിനാഫാള്‍ പാര്‍ട്ടിയെ ശക്തമാക്കുന്നു.

യൂറോപ്യന്‍ പാര്‍ലമെന്റിലെയ്ക്കും നാളെ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.ഐറിഷ് പൌരത്വമുള്ള നൂറുകണക്കിന് മലയാളികള്‍ക്ക് യൂറോപ്യന്‍ പാര്‍ലമെന്റിലെയ്ക്കും വോട്ടു ചെയ്യാം.ഒരേ പോളിംഗ് ബൂത്തില്‍ തന്നെയാണ് രണ്ട് തിരഞ്ഞെടുപ്പുകളിലെയ്ക്കുമുള്ള വോട്ടു രേഖപ്പെടുത്തേണ്ടത്.

Scroll To Top