Thursday December 08, 2016
Latest Updates

ഐറിഷ് മന്ത്രിസഭാ പുനസംഘടന ഇന്നുണ്ടായേക്കും ,ചര്‍ച്ചകള്‍ തുടരുന്നു 

ഐറിഷ് മന്ത്രിസഭാ പുനസംഘടന ഇന്നുണ്ടായേക്കും ,ചര്‍ച്ചകള്‍ തുടരുന്നു 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മന്ത്രിസഭാ പുനസംഘടന ചര്‍ച്ചകള്‍ അന്ത്യ ഘട്ടത്തില്‍.ഇന്നോ നാളെയോ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി മന്ത്രിസഭ പുനസംഘടിപ്പിക്കും.

എന്‍ഡ കെന്നിയും ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവും ഉപപ്രധാനമന്ത്രിയുമായ ജോണ്‍ ബര്‍ട്ടനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രിസഭാ പുനസംഘടനയുടെ രൂപരേഖ ചര്‍ച്ച നടത്തി. വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയ എന്‍ഡ കെന്നിയും ജോണ്‍ ബര്‍ട്ടനും ആറ് മണിക്കൂറോളമാണ് ചര്‍ച്ച നടത്തിയത്. ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. .

നിലവില്‍ മന്ത്രിസഭയില്‍ അംഗങ്ങളായ എല്ലാവരെയും മാറ്റി തികച്ചും പുതുമുഖങ്ങളെ കൊണ്ടുവരണമെന്നാണ് ജോണ്‍ ബര്‍ട്ടന്റെ നിലപാട്. പരിസ്ഥിതി മന്ത്രി ഫില്‍ ഹോഗന്‍ യൂറോപ്യന്‍ കമ്മീഷണര്‍ സ്ഥനാത്തെക്ക് മാറുന്ന സാഹചര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ലിയോ വരദ്കര്‍ പരിസ്ഥിതി വകുപ്പിലേക്ക് മാറിയേക്കുമെന്ന് സൂചനയുണ്ട്. സൈമണ്‍ കവെ കൃഷിവകുപ്പില്‍ തന്നെ തുടര്‍ന്നേക്കും. നേരത്തെ പുനസംഘടനയുടെ മുന്നോടിയാണ് വിദ്യാഭ്യാസ മന്ത്രി റൂറി ക്വിന്‍ രാജി വച്ചിരുന്നു.

ആരോഗ്യ മന്ത്രി ജെയിംസ് റെലിക്കും സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്. ഇന്നലെ തിരക്കിട്ട് രണ്ട് ആരോഗ്യ നയങ്ങളുടെ പ്രഖ്യാപനം നടത്തിയത് രാജിക്ക് മുന്നോടിയായിട്ടാണെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ രാജി സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറി. ജനതാല്‍പ്പര്യത്തിന് അനുസരിച്ച് മന്ത്രിസഭയെ മുന്നോട്ട് നയിക്കുന്നതിനാണ് പുനസംഘടന നടത്തുന്നതെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു

Scroll To Top