Friday December 09, 2016
Latest Updates

ഐറിഷ് മന്ത്രിസഭ പുനസംഘടിപ്പിച്ചു ;ലിയോ വരേദ്കര്‍ പുതിയ ആരോഗ്യമന്ത്രി,അഞ്ചു പുതിയ കാബിനറ്റ് മന്ത്രിമാര്‍ 

ഐറിഷ് മന്ത്രിസഭ പുനസംഘടിപ്പിച്ചു ;ലിയോ വരേദ്കര്‍ പുതിയ ആരോഗ്യമന്ത്രി,അഞ്ചു പുതിയ കാബിനറ്റ് മന്ത്രിമാര്‍ 

ഡബ്ലിന്‍ :അഞ്ചു പുതിയ കാബിനറ്റ് മന്ത്രിമാരെ ഉള്‍പ്പെടുത്തി ഐറിഷ് കാബിനറ്റ് പുനസംഘടിപ്പിച്ചു.ജാന്‍ ഓ സുള്ളിവന്‍,അലക്‌സ് വൈറ്റ്,അലന്‍ കെല്ലി(ലേബര്‍ പാര്‍ട്ടി)പാസ്‌കല്‍ ഡോനഗ്,ഹീട്തര്‍ ഹംഫ്രി (ഫിനഗേല്‍ )എന്നിവരാണ് പുതിയ കാബിനറ്റ് മന്ത്രിമാര്‍.ലോക്കല്‍ ഇലക്ഷനില്‍ തകര്‍ന്നടിഞ്ഞ ഭരണ കക്ഷിയുടെ പ്രതിശ്ചായ മിനുക്കുന്നതിന്റെ ഭാഗമായി ഇരു പാര്‍ട്ടികളും സംയുക്തമായി എടുത്ത തീരുമാനത്തിന്റെ ഭാഗമാണ് മന്ത്രിസഭാ പുനസംഘടന.

ഐറിഷ് കാബിനറ്റിലെ ഇന്ത്യന്‍ വംശജനായ ഏക മന്ത്രിയായ ലിയോ വരേദ്കറെ പുതിയ ആരോഗ്യമന്ത്രിയായി നിയമിച്ചു.ഇന്ന് പ്രഖ്യാപിച്ച പുനസംഘടനയില്‍ ആരോഗ്യമന്ത്രിയായിരുന്ന ജെയിംസ് റൈലിയെ ശിശുക്ഷേമ മന്ത്രിയാക്കി.ലേബര്‍ പാര്‍ട്ടിയുടെ പുതിയ ഡപ്യൂട്ടി ലീഡര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട അലന്‍ കെല്ലി പുതിയ കാബിനറ്റില്‍ പരിസ്ഥിതി വകുപ്പിന്റെ ചുമതല വഹിക്കും.നിലവിലുള്ള ശിശുക്ഷേമ മന്ത്രി ചാര്‍ളി ഫ്‌ലാനഗന്‍ ആയിരിക്കും പുതിയ വിദേശകാര്യ വകുപ്പ് മന്ത്രി. 

ജാന്‍ ഓ സുള്ളിവന്‍ ആയിരിക്കും റൂരി ക്വിന്‍ വഹിച്ചിരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നിര്‍വഹിക്കുക.വരേദ്കറുടെ ചുമതലയില്‍ ഉണ്ടായിരുന്ന ഗതാഗതം,ടൂറിസം,സ്‌പോര്‍ട്‌സ് വകുപ്പുകള്‍ ഇനി പാസ്‌കല്‍ ഡോനഗിനായിരിക്കും.പാറ്റ് രാബിറ്റിനു പകരക്കാരനായി അലക്‌സ് വൈറ്റ് കമ്മ്യൂണിക്കേഷന്‍ മന്ത്രിയാവും.

കൃഷി മന്ത്രി സൈമണ്‍ കോണ്‍വേയ്ക്ക് പ്രതിരോധ വകുപ്പിന്റെ കൂടി ചുമതല നല്‍കി.

ദ്രോഗഡയുടെ മുന്‍ മേയറും ,ലൗത് /സൌത്ത് മീത്ത് റ്റീ ഡി യുമായ ജെറാള്‍ട് നാഷിനെ തൊഴില്‍ വകുപ്പിന്റെ ചുമതലയുള്ള സൂപ്പര്‍ ജൂനിയര്‍ മന്ത്രിയായി നിയമിച്ചു.രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കാനുള്ള വകുപ്പിന്റെ പ്രാധാന്യം പരിഗണിച്ചു കാബിനറ്റില്‍ സന്നിഹിതനാവനുള്ള അവകാശവും ഇദ്ദേഹത്തിനു ലഭിക്കും.

രാവിലെ മുതല്‍ അഭ്യൂഹങ്ങളാല്‍ സമൃദ്ധമായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടു കൊണ്ട് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പുതിയ മന്ത്രിസഭാംഗങ്ങളുടെ പേര് വിവരം പ്രധാനമന്ത്രിയും ഉപ പ്രധാനമന്ത്രിയും ചേര്‍ന്ന് പ്രഖ്യാപിച്ചത്.പുതിയ മന്ത്രിമാര്‍ ഐറിഷ് പ്രസിഡണ്ടിനെ സന്ദര്‍ശിച്ച് അധികാരചിഹ്നങ്ങള്‍ ഏറ്റുവാങ്ങും . 

Scroll To Top