Sunday December 04, 2016
Latest Updates

ഐറിഷ് ഭാഷ സംസാരിച്ചതിന്റെ പേരില്‍ യുവാക്കളെ ടാക്‌സിയില്‍ നിന്നും ഇറക്കി വിട്ടു ,ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

ഐറിഷ് ഭാഷ സംസാരിച്ചതിന്റെ പേരില്‍ യുവാക്കളെ ടാക്‌സിയില്‍ നിന്നും ഇറക്കി വിട്ടു ,ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

ഗ്ലാസ്‌ഗോ :ഐറിഷ് സംസാരിച്ചതിന് രണ്ട് യാത്രക്കാരെ കാറില്‍നിന്നും പുറത്തിറക്കിയ ടാക്‌സി ഡ്രൈവര്‍ക്ക് ഒരു മാസം സസ്‌പെന്‍ഷന്‍. ഗ്ലാസ്‌ഗോയിലെ അലന്‍ മക്കിന്നി എന്ന ടാക്‌സി ഡ്രൈവറാണ് ഐറിഷ് ഭാഷയോട് വിരോധം കാണിച്ചതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരിക്കുന്നത്.

അലന്‍ മക്കിന്നിനിന്റെ ഐറിഷ് വിരോധത്താല്‍ പാതി വഴിയില്‍ തള്ളിയിറക്കപ്പെട്ട യാത്രക്കാര്‍ അയാളെക്കൊണ്ട് മാപ്പു പറയിപ്പിക്കണമെന്ന ആവശ്യം മാത്രമേ ഉന്നയിച്ചുള്ളുവെങ്കിലും ഇപ്പോള്‍ ഒരുമാസത്തെ സസ്‌പെന്‍ഷന്‍ മക്കിന്നിന് ലഭിക്കുകയും ചെയ്തു.

ലൈസന്‍സ് നല്‍കുമ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പല വ്യവസ്ഥകളും തെറ്റിച്ചിരിക്കുന്നതായി കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുത്തശ്ശിയെ കണ്ട് ഗ്ലാസ്‌ഗോയില്‍ നിന്നും തിരികെ ഡൊണഗലിലെ ഗ്വീഡോറിലേക്ക് മടങ്ങാനാണ് 20കാരനായ ആന്റണി ബ്ലയറും സഹോദരന്‍ 22കാരനായ ജോയും ടാക്‌സി വിളിച്ചത്. യാത്രയ്ക്കിടയില്‍ പരസ്പരം സംസാരിക്കാന്‍ ഐറിഷ് ഭാഷ ഉപയോഗിച്ചതിനാണ് പ്രകോപിതനായ ഡ്രൈവര്‍ ഇവരെ കാറില്‍ നിന്നും പുറത്താക്കിയത്. ഡിസംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.

യാത്രക്കിടയില്‍ കൂട്ടത്തിലൊരാള്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് താന്‍ അത് നിര്‍ത്താനാവശ്യപ്പെടുകയായിരുന്നുവെന്നും എന്നാല്‍ അയാള്‍തന്നെ ഹണ്‍ എന്നു വിളിച്ച് ആക്ഷേപിക്കുകയായിരുന്നുവെന്നും ഡ്രൈവര്‍ കോടതിയെ അറിയിച്ചു. അതു കഴിഞ്ഞ് രണ്ടുപേര്‍ പരസ്പരം തനിക്ക് മനസിലാവാത്ത ഭാഷ സംസാരിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നും ഡ്രൈവര്‍ പറയുന്നു.

എന്നാല്‍ തങ്ങളില്‍ ആരും തന്നെ ഡ്രൈവറെ ഹണ്‍ എന്നു വിളിച്ചിട്ടില്ലെന്നാണ് ആന്റണി ബ്ലയര്‍ പറഞ്ഞത്.
തങ്ങള്‍ ആരുടെയും ജോലി കളയാനൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്നും ഒരു മാപ്പു പറയേണ്ട ആവശ്യം മാത്രമേ തങ്ങള്‍ ഉന്നയിച്ചിട്ടുള്ളൂവെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. ഗ്ലാസ്‌ഗോയിലുള്ള ഏതൊരാള്‍ക്കും ഐറിഷ് ഭാഷ എപ്പോള്‍ വേണമെങ്കിലും സംസാരിക്കാമെന്നാണ് താന്‍ കരുതുന്നതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Scroll To Top