Friday December 09, 2016
Latest Updates

ഐറിഷ് ബജറ്റ് ഇന്ന് :ജീവനക്കാര്‍ക്കും ഇടത്തരം വരുമാനക്കാര്‍ക്കും കൂടുതല്‍ പദ്ധതികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ 

ഐറിഷ് ബജറ്റ് ഇന്ന് :ജീവനക്കാര്‍ക്കും ഇടത്തരം വരുമാനക്കാര്‍ക്കും കൂടുതല്‍ പദ്ധതികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ 

ഡബ്ലിന്‍:ആശങ്കകളുടെയും അസ്ഥിരതകളുടെയും സൂചനകളൊന്നും നല്‍കാതെ അയര്‍ലണ്ടിലെ സര്‍ക്കാര്‍ ഇന്ന് അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിക്കും.ധനമന്ത്രി മൈക്കില്‍ നൂനന്‍ വ്യക്തമാക്കുന്നതനുസരിച്ച് അടുത്ത കാലത്ത് അവതരിപ്പിച്ചതില്‍ ഏറ്റവും ജനകീയമായ ബജറ്റ് ആയിരിക്കും ഇന്ന് ഡയലില്‍ അവതരിപ്പിക്കുന്നത്. 

2015 ബജറ്റ് കുറഞ്ഞ വരുമാനക്കാര്‍ക്കും ഇടത്തരം വരുമാനക്കാര്‍ക്കും ആശ്വാസം നല്‍കുന്നതായിരിക്കുമെന്ന് പ്രഖ്യാപിച്ച ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ സര്‍ക്കാര്‍ സാധാരണക്കാരുടെ ക്ലേശങ്ങള്‍ പരിഹരിക്കുവാന്‍ പ്രധാന പരിഗണന നല്കും എന്ന് പറയുന്നു.ഇന്നത്തെ ബജറ്റില്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് നിരവധി നികുതി ഇളവുകളും വെല്‍ഫെയര്‍ സ്‌കീമുകളും പ്രഖ്യാപിച്ചേക്കുമെന്നും ബര്‍ട്ടന്‍ സൂചന നല്‍കി. അയര്‍ലണ്ടിലെ സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന ബജറ്റായിരിക്കും അവതരിപ്പിക്കാന്‍ പോകുന്നതെന്ന് എന്നും ബര്‍ട്ടന്‍ വ്യക്തമാക്കി. കുറഞ്ഞ വരുമാനക്കാര്‍ക്കും സാധാരണ തൊഴിലാളികള്‍ക്കും പ്രാമുഖ്യം നല്കുന്ന ബജറ്റായിരിക്കും വരുന്നത്. 

കൂടാതെ സോഷ്യല്‍ ഹൗസിങ്ങിനും ആരോഗ്യ മേഖലയ്ക്കും പ്രാധാന്യം നല്‍കും. ഇതിനു പുറമേ ജലനിരക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസപ്രദമായ നടപടികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നും ഉപപ്രധാനമന്ത്രി അറിയിച്ചു. യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജിന്റെ പരിധി വര്‍ധിപ്പിക്കുകയും ആദായ നികുതി പരിധി ഉയര്‍ത്തുകയും ചെയ്യും. സോഷ്യല്‍ ഹൗസിങ്ങിനായി 200 മില്യന്‍ യൂറോ മാറ്റി വയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ യുവകര്‍ഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികളും ഈ ബജറ്റിലുണ്ടാകുമെന്നു സൂചനയുണ്ട്. 

മദ്യത്തിന്റെ വില കൂടില്ല. എന്നാല്‍ സിഗരറ്റിന്റെ വില പാക്കറ്റിന് 20 സെന്റ് വര്‍ധിച്ചേക്കും. വന്‍കിട കമ്പനികള്‍ക്ക് അന്താരാഷ്ട്ര ധാരണകള്‍ക്ക് വിരുദ്ധമായി കൈനിറയെ നികുതി ഇളവ് നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ടാക്‌സിന്റെ ഘടന പരിഷ്‌ക്കരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജോലിയിലേക്ക് മടങ്ങുന്ന രക്ഷിതാക്കള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും. കൂടാതെ തൊഴില്‍ അന്വേഷകരായ യുവാക്കള്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കും. 

ശമ്പളക്കാരെ സംബന്ധിച്ചിടത്തോളം യൂണിവേഴ്‌സല്‍ സോഷ്യല്‍ ഇന്‍ഷ്വരന്‌സിലെ മാറ്റങ്ങളാണ് പ്രധാനപ്പെട്ടത്.ഇന്‍കം ടാക്‌സ് കുറച്ചും യൂ എസ് ഐ അനുപാതത്തില്‍ മാറ്റം വരുത്തിയും സാധാരണ ജീവനക്കാര്‍ക്ക് വാര്‍ഷിക ശമ്പളത്തില്‍ 1500 യൂറോയെങ്കിലും വര്‍ദ്ധനവ് വരുത്തിയേക്കും എന്നാണ് വിദഗ്ദര്‍ നല്‍കുന്ന സൂചനകള്‍.

Scroll To Top