Friday December 09, 2016
Latest Updates

ഐറിഷ് പ്രവാസികള്‍ ജന്മനാട്ടിലേയ്ക്ക് മടങ്ങിയെത്തുന്നത് ഭവന വിപണിയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നതായി പഠനം

ഐറിഷ് പ്രവാസികള്‍ ജന്മനാട്ടിലേയ്ക്ക് മടങ്ങിയെത്തുന്നത് ഭവന വിപണിയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നതായി പഠനം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്ന് മറ്റ് രാജ്യങ്ങളില്‍ കുടിയേറിയവര്‍ മടങ്ങി വരുന്നത്. രാജ്യത്ത് ഭവന പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ അയര്‍ലണ്ടില്‍ വീടുകളുടെ ലഭ്യത കുറഞ്ഞിരിക്കുകയാണ്. വര്‍ദ്ധിച്ച ജനസംഖ്യയ്ക്ക് ആനുപാതികമായി എല്ലാവര്‍ക്കും വീട് ലഭ്യമാക്കാന്‍ വരുന്ന അഞ്ചു വര്‍ഷത്തിനകം ആയിരക്കണക്കിന് വീടുകള്‍ നിര്‍മ്മിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെയാണ് ഈ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് ഐറിഷ് പ്രവാസികള്‍ ജന്മനാട്ടിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുന്നത്. 

കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ 120,000 ഐറിഷ് പ്രവാസികള്‍ നാട്ടില്‍ മടങ്ങിവന്നതായാണ് കണക്ക്. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 16,000 ഐറിഷ് പ്രവാസികള്‍ നാട്ടില്‍ മടങ്ങി എത്തി. 

അയര്‍ലണ്ടിലെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് ഐറിഷ് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങിയത്. മറുനാട്ടില്‍ ലഭിക്കുന്ന ജോലിയേക്കാള്‍ മെച്ചപ്പെട്ട ജോലി നാട്ടില്‍ ലഭിക്കുമെങ്കില്‍ എന്തിന് പ്രവാസിയായി കഴിയണം എന്നാണ് അയര്‍ലണ്ടുകാര്‍ ചോദിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അയര്‍ലണ്ടില്‍ പുതിയതായി 61,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇതില്‍ ഭൂരിപക്ഷം ജോലികളും നാട്ടില്‍ മടങ്ങി വന്ന ഐറിഷ് പ്രവാസികള്‍ നേടുകയുണ്ടായി. 

ഇത്തരത്തില്‍ പ്രവാസികള്‍ മടങ്ങിവരുന്നതോടെ അവര്‍ക്ക് മതിയായ താമസ സൗകര്യം ഒരുക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥരാവുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചനം നേടിക്കൊണ്ടിരിക്കുന്ന യൂറോപ്പില്‍ ആകമാനം തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് പ്രവാസികളുടെ മടങ്ങിവരവിന് ആക്കം കൂട്ടുന്നു. അയര്‍ലണ്ടില്‍ ഇപ്പോഴും 11.8 ശതമാനം നിരക്കില്‍ തൊഴില്‍ തൊഴിലില്ലായ്മ ഉണ്ടെങ്കിലും ടൂറിസം, ഐടി, ഭക്ഷ്യ, കാര്‍ഷിക മേഖലയില്‍ എല്ലാം തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 

തിരിച്ച് വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചെങ്കിലും ഐറിഷ് പ്രവാസികളുടെ എണ്ണത്തില്‍ ഇപ്പോഴും നേരിയ മുന്‍തൂക്കമുണ്ട്. 89,000 പേര്‍ അയര്‍ലണ്ടില്‍ നിന്ന് പുറത്തേക്ക് കുടിയേറിയപ്പോള്‍ 55,900 പേരാണ് അയര്‍ലണ്ടില്‍ കുടിയേറിയത്. എന്നാല്‍ പുറത്തേക്ക് പോകുന്നവര്‍ അധികം വൈകാതെ തന്നെ നാട്ടിലേക്ക് മടങ്ങുന്നുമുണ്ട്. വിദ്യാഭ്യാസപരമായ കാരണങ്ങളും തൊഴില്‍പരമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഐറിഷ് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത്. പ്രവാസികള്‍ മടങ്ങി വരുന്നത് അയര്‍ലണ്ടിലെ വീടുകളുടെ ലഭ്യത കുറയ്ക്കുന്നുവെന്ന് മാത്രമല്ല വീടുകളുടെ വില കുതിച്ചുയരാനും ഇത് കാരണമാകുന്നതായി എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു.

Scroll To Top